Sorry, you need to enable JavaScript to visit this website.

വീണ്ടും കത്തുകളുടെ രാഷ്ട്രീയം 

കെ കരുണാകരനെ മാർക്‌സിസ്റ്റ് നേതൃത്വം ഒരിക്കൽ, ഒരിക്കൽ മാത്രമേ, പരസ്യമായി വാഴ്ത്താൻ ഇടവന്നതായി ചരിത്രം പറയുന്നുള്ളൂ.  അത് സഖാക്കൾക്ക് ഒരു അക്കിടി പറ്റിയതാണോ എന്നറിയില്ല.  ഓർക്കാപ്പുറത്ത് ദേശാഭിമാനി രചിച്ച ആ മുഖപ്രസംഗ കാവ്യം ആർക്കൊക്കെയോ ശാസന നേടിക്കൊടുത്തുവെന്നാണ് ആരോ പറഞ്ഞ കഥ, കിംവദന്തി.
കോൺഗ്രസിന്റെ  കഥ പറയാൻ മാർക്‌സിസ്റ്റ് പാർട്ടിയുടെ ഭാഷിണി വേണോ എന്നൊരു ചോദ്യം ഉയരാം.  കോൺഗ്രസിനോടുള്ള സമീപനം നോക്കി വേണം മാർക്‌സിസ്റ്റ് പാർടിയുടെ രാഷ്ട്രീയമീമാംസ നിർദ്ധാരണം ചെയ്യാൻ. എന്നാൽ, സി പി എം നേതൃത്വത്തിന്റെ  മാറുന്ന വഴിയും മൊഴിയും ഉരുക്കഴിച്ച് കോൺഗ്രസിൽ വരുന്ന മാറ്റം മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഇവിടെ.  
കാൽ നൂറ്റാണ്ടു മുമ്പത്തേതാണ് കഥ.  ചരിത്രം  കുഞ്ഞിക്കണ്ണു തുറക്കും മുമ്പേ എന്നൊക്കെ വേണമെങ്കിൽ പറയാം.  തിന്മകളെല്ലാം കരുണാകരനിൽ നിന്നു തുടങ്ങുന്നുവെന്ന് സി പി എം വിചാരിച്ചിരുന്ന കാലം. എന്നാലും തൃശൂരിലെയോ തിരുവനന്തപുരത്തെയോ ചക്രവാളത്തിൽ അതുവരെ ഒതുങ്ങിനിന്നിരുന്ന കരുണാകരനെ രാഷ്ട്രീയ ഭാരതം ഗൗനിക്കാൻ തുടങ്ങിയിരുന്നു.  


തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രധാനമന്ത്രിയെ കണ്ടുപിടിക്കാൻ നിയോഗിക്കപ്പെടുകയും പിന്നീട് ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രീയ സന്ധിയിൽ പ്രധാനമന്ത്രി തന്നെ ആകാമല്ലോ എന്നൊരു വെടിക്കെട്ട് വിരിയിക്കുകയും ചെയ്തയാളായിരുന്നു കരുണാകരൻ.  ലീഡറുടെ ആ ഉയർച്ചയിൽ അക്ഷമരായത് ഇന്ത്യയിൽ അദ്ദേഹത്തിന് തീർത്തും പരിചയമില്ലാത്ത സംസ്ഥാനങ്ങളിലെ നേതൃമാന്യന്മാരല്ല, കേരളത്തിലെ പേരറിയാത്ത ഏതാനും കോൺഗ്രസുകാരും കുറെ മാർക്‌സിസ്റ്റ് ആദ്യാവസാനക്കാരുമായിരുന്നു.
രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം സോണിയ പാർട്ടിയുടെയും ഗവണ്മെൻറിന്റെയും  മേൽക്കോയ്മ ഏറ്റെടുക്കണമെന്ന വാദം കാറ്റു പിടിക്കാതിരിക്കാൻ കരുണാകരനായിരുന്നെന്ന പ്രചാരവേല അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നതായി ഈ ലേഖകന് നേരിട്ടറിയാം.  ഒഴിവാക്കാനാവുമെങ്കിൽ ഏത് എതിർപ്പിനെയും ഒഴിവാക്കാൻ തക്കം പാർക്കുന്ന ആളാണ് അദ്ദേഹം.  
സോണിയാ ഗാന്ധിയെ ഒതുക്കുക്കുകയും ഒഴിവാക്കുകയും ചെയ്യാൻ ഒരു മഹാപ്രസ്ഥാനം തുടങ്ങാനൊന്നും അദ്ദേഹത്തെക്കൊണ്ടാവില്ല. അവസരമൊത്തുവന്നപ്പോൾ പി വി നരസിംഹ റാവുവിന്റെ പേർ ആ സ്ഥാനത്തേക്ക് നിർദേശിച്ചുവെന്നേയുള്ളൂ.  പക്ഷേ ഏതു കാറ്റും കരുണാകരനെതിരെ തിരിച്ചുവിടാൻ കാത്തിരുന്ന കോൺഗ്രസുകാർ കരുണാകരനിൽ ഒരു സോണിയാ വിരുദ്ധനെ കണ്ടെത്തി. അടക്കിപ്പിടിച്ചാണെങ്കിലും ആ വർത്തമാനം ആൽത്തറകളിലും പീടികത്തിണ്ണകളിലും പൊടിപൊടിച്ചു. 


കരുണാകരൻ സോണിയാ വിരുദ്ധനാണെങ്കിൽ എ കെ ആൻറണി സോണിയയുടെ പക്ഷത്താകുമെന്നത് വിശേഷിച്ചൊരു ഉപപത്തി വേണ്ടാത്ത രാഷ്ട്രീയ സിദ്ധാന്തമാകുമല്ലോ.  യോഗമായ യോഗത്തിലെല്ലാം സോണിയയുടെ പക്ഷം പിടിക്കുന്ന ആൻറണിയെ ആക്രമിക്കാൻ സി പി എം അതൊരു അവസരമാക്കി.  സോണിീയക്കെതിരെ നിലപാട് എടുത്തതായി പലരും വിചാരിക്കുന്ന കരുണാകരനെ നാക്കു മടക്കി വാഴ്ത്താനും പാർട്ടിക്ക് അതൊരു അവസരമായി.  അതായിരുന്നു കരുണാകരനെ ഇദംപ്രഥമമായി പ്രശംസിച്ച ദേശാഭിമാനി മുഖപ്രസംഗത്തിന്റെ പശ്ചാത്തലം.   
കാലഗണന കൂടുതൽ സൂക്ഷ്മമാക്കിയാൽ മുഖ്യമന്ത്രി വിജയന്റെ ഇപ്പോഴത്തെ രണ്ടു മാധ്യമോപദേഷ്ടാക്കൾ ദൽഹിയിൽ ദേശാഭിമാനി ലേഖകർ ആയിരുന്ന കാലത്ത് എന്നു പറയാം. ഒരു ദിവസം കരുണാകര സ്തുതിയുമായി പത്രം ഇറങ്ങുമെന്ന് ആരും കരുതിക്കാണില്ല, പക്ഷേ സോണിയയുടെ സിംഫണി ഭാവഭദ്രമാക്കാൻ ലീഡർ നിന്നു കൊടുക്കുന്നില്ല എന്ന ഒരൊറ്റ കാരണം മതിയായിരുന്നു അദ്ദേഹം സി പി എമ്മിന് ഒട്ടൊക്കെ അഭിവന്ദ്യനാകാൻ. അദ്ദേഹത്തിന്റെയോ കോൺഗ്രസിന്റെ  മുഴുവനുമോ നയപരിപാടികളെ വിമർശിക്കുമ്പോഴും അരൂപിയാണെങ്കിലും തൊട്ടറിയാവുന്ന കോൺഗ്രസ് ഹൈക്കമാണ്ടിനെ ഒന്ന് ഞോടിക്കൊണ്ട് കടന്നുപോകാൻ അദ്ദേഹത്തിനു ധൈര്യമുണ്ടായി എന്നത് കോൺഗ്രസ് പാരമ്പര്യത്തിൽ വലിയൊരു കാര്യം തന്നെയാകുന്നു.    
ആരാണ്, അല്ലെങ്കിൽ എന്താണ്, ഈ ഹൈക്കമാണ്ട് എതിർത്തു പറയാൻ ധൈര്യപ്പെടില്ല. അനിഷ്ടമായ എന്തെങ്കിലും വിളിച്ചു പറഞ്ഞ് ഹൈക്കമാണ്ടിന്റെ സംശയം ഒന്നുകൂടി മൂർച്ചയുള്ളതാകരുതല്ലോ. ഹൈക്കമാണ്ടിന്റെ ഇഷ്ടത്തിന്റെയും അനിഷ്ടത്തിന്റെയും നേരത്തേത്തന്നെ നല്ലവണ്ണം അനുഭവിച്ചറിഞ്ഞിട്ടുള്ള ആളാണ് കരുണാകരൻ. 


സിണ്ടിക്കേറ്റുകാരുമായി ഇന്ദിരാഗാന്ധി  പട വെട്ടി ചുവടുറപ്പിക്കുന്ന ഘട്ടത്തിൽ നിലപാടു തറയുടെ ഏതു വശം നിൽക്കണമെന്ന് കരുണാകരന് ഒരു നിമിഷം ശങ്കയുണ്ടായി, ഒരു നിമിഷം മാത്രം. ഇന്ദിരയുടെ വശമാണ് കൂടുതൽ ആകർഷകം എന്നു തോന്നിയപ്പോൾ ഇന്ദിരയുടെ വിശ്വസ്തനായി, മരണം വരെ. 
വീണ്ടും ഹൈക്കമാണ്ട് മാറി.  രാജീവ് ഗാന്ധി പാർട്ടി മുഖ്യനും പ്രധാനമന്ത്രിയുമായി.  പ്രധാനമന്ത്രിയുടെയും പാർടി മുഖ്യന്റെയും വായ്ത്താരി പാടാത്ത ആൾക്ക് രക്ഷയില്ലാത്ത അവസ്ഥ വരുമ്പോൾ അവരെ തള്ളിപ്പറഞ്ഞ് ശക്തി തെളിയിക്കാൻ നോക്കുന്ന രാഷ്ട്രീയ കർഷകർ എറെയില്ല.  ലീഡർ അറിയുന്നതിനു മുമ്പേ പുതിയ ഹൈക്കമാണ്ട് രൂപം കൊണ്ടിരുന്നു. കൊൽക്കത്തയിൽനിന്ന് ദൽഹിക്ക് വിമാനം കേറുമ്പോഴേ രാജീവിനെ കിരീടം അണിയിക്കണമെന്ന് ആരൊക്കെയോ നിശ്ചയിച്ചിരുന്നു. ആ തീരുമാനത്തിന്റെ ഉടമാവകാശവുമായി തട്ടിപ്പിടഞ്ഞ് വന്നിട്ടുള്ളവരുടെ എണ്ണം ചെറുതല്ല.  ദൽഹിയിലെ അധികാരക്കളി കാണാനും അതിൽ പങ്കുകൊള്ളാനും അങ്ങോട്ടു പുറപ്പെടാൻ നേരത്ത് കരുണാകരൻ അസ്മാദികളോട് മൊഴിഞ്ഞു: 'പ്രണബ് ആയിരിക്കും പി എം....:' പ്രണബ് ലീഡറുടെ സ്വന്തക്കാരനാണുതാനും. 


ആ ഒരൊറ്റ വാക്കു മതിയായിരുന്നു രാജീവിന്റെ  കാലവും അനന്തരകാലവും കരുണാകരനെ സംബന്ധിച്ചിടത്തോളം കഷ്ടകാലമാകാൻ. തന്റെ ശക്തികാലത്തിന്റെ പുതിയ തുടക്കം കണ്ടതാണ് ലീഡർ.  അതിപ്പോൾ വിനയായി, ആൻറണിക്ക് അനുഗ്രഹവും. അതങ്ങനെയാണല്ലോ കോൺഗ്രസ് പരിവട്ടം. കരുണാകരന്റെ വയലിലേക്ക് തേക്കുകൊട്ട ചെരിഞ്ഞാൽ ആൻറണിയുടെ മുഖം ചുളിയും. ആൻറണി പറയുന്നിടത്ത് തേക്ക് വെള്ളം പാറ്റിയാൽ ആൻറണിക്ക് അരിശം കേറും; തികച്ചും യാന്ത്രികമായി കരുണാകരന്റെ വശത്തേക്ക് ഹൈക്കമാണ്ട് ചായും, രണ്ടു വട്ടം കൂടി ജയ് ഹിന്ദ് കൂവാൻ സമയമായി. 
പിന്നെ ഹൈക്കമാണ്ട് കരുണാകരനെ കടാക്ഷിക്കാൻ കാലം കുറേ വേണ്ടിവന്നു.  


ഹൈക്കമാണ്ടിന്ററ മുഖം ഏതാണെന്നു തന്നെ ഒരിടക്ക് സംശയമായി.  തന്റെ ഇഷ്ടനായ പി വി ഒന്നാം സ്ഥാനം പിടിച്ചിട്ടും ഹൈക്കമാണ്ടിന് സ്ത്രീരൂപമല്ലേ എന്നൊരു സംശയം.  അതങ്ങനെയാണെന്നും അതിനെതിരായാണ് കരുണാകരന്റെ പിത്തലാട്ടം കളിയെന്നും സ്ഥാപിക്കാൻ കരുണാകരൻ പിച്ച വെച്ചു നടത്തിച്ചവർ പോലും കച്ച കെട്ടിയിറങ്ങി.  പിന്നീടൊരിക്കലും കരുണാകരന് ഹൈക്കമാണ്ടിന്റെ ആശീർവാദം ഉണ്ടായില്ല.
ഹൈക്കമാണ്ടിന്റെ  അനുഗ്രഹം നേടാൻ കഴിഞ്ഞാലുണ്ടാകുന്ന സുഖം ഒന്നു നിരൂപിച്ചുനോക്കുക.  കേരളത്തിലെ കോൺഗ്രസിൽ അ ഗ്രൂപ്പും ക ഗ്രൂപ്പും തമ്മിൽ നടക്കുന്ന അറുതിയില്ലാത്ത അങ്കത്തിൻെറ ഒരു പതനത്തിൽ പതിവുപോലെ ലീഡർ ദൽഹിക്കു പോയി.  വിളിച്ചിട്ടോ വിളിക്കാതെയോ, അ ഗ്രൂപ്പിന്റെ ഭാഷ്യം പറയാൻ അതേ വിമാനത്തിൽ ഉമ്മൻ ചാണ്ടിയും കേറി. അടുത്തടുത്തിരിക്കാൻ ഇടം കിട്ടാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു.  


ഒരു ദിവസം കഴിഞ്ഞ്, ഹൈക്കമാണ്ടുമായി അടക്കം പറഞ്ഞ്, വിജയശ്രീലാളിതനായി ലീഡർ മടങ്ങുന്നു.  ഒപ്പം അടുത്തടുത്തിരുന്ന് ചാണ്ടിയും.  
പല്ലിളിച്ചും കണ്ണിറുക്കിയും ലീഡർ കാണുന്നവരോടൊക്കെ പറഞ്ഞു, 'പരിഹാരമായി.' എന്താ പരിഹാരം, ഞാൻ ഉമ്മൻ ചാണ്ടിയോട് തിരക്കി.  അദ്ദേഹമാണ് ഹൈക്കമാണ്ടിനെ കണ്ടത്, അദ്ദേഹത്തിനേ അറിയൂ എന്നായിരുന്നു ചാണ്ടിയുടെ നിസ്സഹായത.  ചോദിച്ചാൽ അദ്ദേഹം പറയില്ലേ?  ഒരു ദിവസം മുഴുവൻ അടുത്തടുത്ത മുറികളിൽ കഴിയുകയും അടുത്തടുത്ത സീറ്റുകളിൽ യാത്ര ചെയ്യുകയും ചെയ്തിട്ട് തമ്മിൽ പങ്കിടാത്ത പാർച്ചി തീരുമാനം മുഖം നോക്കി ചോദിച്ചാൽ പറയുമോ?  ആ പകിട കളി, ആ അവിശ്വാസം, അതാണ് കോൺഗ്രസ് സംസ്‌കാരം.  
മലീമസമായ ആ ഹൈക്കമാണ്ട് സംസ്‌കാരത്തിന് ഒന്നേ പ്രതിവിധിയുള്ളു, ഞാൻ കുത്തിക്കുത്തി ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞു,  പാർട്ടിയിൽ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുക. ആർക്കും ആരുടെയും ഔദാര്യത്തിനും ഓശാരത്തിനും വേണ്ടി ഉടുത്തുകെട്ടി നടക്കേണ്ടിവരില്ല എന്ന് ഉറപ്പു വരുത്തുക.  ഹൈക്കമാണ്ടിന്റെ  അരുചികളും അഭിരുചികളും അറിഞ്ഞ് വടക്കിനിയിൽ പമ്മിയിരിക്കേണ്ടി വരാതിരിക്കുക. 


അകാരാദി ഗ്രൂപ്പുകളുടെ കളിവിളയാട്ടം കഴിഞ്ഞെന്നു കരുതുമ്പോഴും ഹൈക്കമാണ്ട് പിരി മുറുക്കാനും കുതികാൽ വീശാനും തയ്യാറായി നിന്നിരുന്നു. ഏറെ കാലത്തെ അന്വേഷണത്തിനുശേഷം കെ പി സി സിക്ക് ഒരധ്യക്ഷൻ ഉണ്ടായി.  ആരംഭവും അവസാനവും ആദ്യം അറിയേണ്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നുന്നു. 
ചാണ്ടി അറിയാതെ സുധീരോദയമുണ്ടായി. ചാണ്ടി നാലാളറിയേ അകലം പാലിച്ചു.  മുഖ്യമന്ത്രിയുടെ ഭരണത്തിന്റെ കർശന വിമർശകനായി സുധീരൻ.  ഹൈ ക്കമാണ്ടിന്റെ ലാളനയേറ്റു വളർന്നാലേ ഗുണം പിടിക്കൂ എന്ന് എല്ലാവരും അവിശ്വസിച്ചു.  അതാണ് കോൺഗ്രസിന്റെ സ്ഥായിയായ മാനസികാവസ്ഥ.


ഹൈക്കമാണ്ടിനു വേണ്ടിയോ ഹൈക്കമാണ്ടിനെ വരച്ച വരയിൽ നിർത്താമെന്ന വ്യാമോഹം കൊണ്ടോ കോൺഗ്രസുകാർ കൈമാറുകയും കുട്ടയിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് തുറന്ന കത്തുകളും തുറക്കേണ്ടാത്ത കത്തുകളും.  ഹൈക്കമാണ്ട് സോണിയയോ പി വിയോ എന്നു ശങ്ക വരുത്തുന്നതായിരുന്നു അർജ്ജുൻ സിംഗ് പ്രധാനമന്തിക്കയച്ച കത്തുകൾ. പി വി അനങ്ങിയില്ല.
ഡാവോസിൽ ഒരു സാമ്പത്തിക സമ്മേളനത്തിൽ കണ്ടുമുട്ടിയ സ്വീഡിഷ് വിദേശമന്ത്രിക്ക് ഇന്ത്യൻ മന്ത്രി  മാധവ് സിംഗ് സോളങ്കി ഒരു കത്ത് കൊടുത്തു. തോക്കിടപാടിനെപ്പറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്നായിരുന്നു ലളിതമായ താൽപര്യം. ആരുടെ താൽപര്യം എന്ന് ആരായേണ്ടല്ലോ. 
ഇന്ത്യൻ ഭരണകൂടം അറിയാതെ ഈ നീക്കമുണ്ടായി എന്ന ചോദ്യം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രധാനമന്ത്രി കണ്ണുരുട്ടി, വിദേശ മന്ത്രി രാജി പറഞ്ഞ് സ്ഥലം വിട്ടു. ഹൈ ക്കമാണ്ടായാലും കളി അതിരു വിട്ടു വേണ്ട. തരം താഴുന്ന ഈ ഹൈക്കമാണ്ടു തന്നെയല്ലേ കോൺഗ്രസിന്റ ഭാരം? 

Latest News