Sorry, you need to enable JavaScript to visit this website.

വെഞ്ഞാറമൂട് പിടിയിലായത് എസ്.ഡി.പി.ഐക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം- വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
 
എസ്.ഡി.പി.ഐയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണപരാജയം മറച്ചുവെക്കാനും സര്‍ക്കാരിന്റെ മുഖഛായ രക്ഷിക്കാനുമാണ് കോണ്‍ഗ്രസിനെ പഴിചാരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ല. ഭരണം തകർന്നു, ഭരണത്തിന്റെ മുഖം നഷ്ടപ്പെട്ടു, അത് മറച്ചുവെക്കാനാണ് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുന്നത്. ഇതൊന്നും വിജയിക്കില്ല. ജനങ്ങൾ വസ്തുത തിരിച്ചറിയും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല പിടിയിലായിട്ടുള്ളത്. എസ്ഡിപിഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് പറയുന്നത്. കോൺഗ്രസുമായി  ബന്ധമുള്ളവർ പിടിയിലായിട്ടില്ലെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായിട്ടുള്ളത്. അവിടെ ഒരു രാഷ്ട്രീയ സംഘർഷവും നിലനിന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടപ്പോൾ ബോധപുർവ്വം കോൺഗ്രസിനേയും അതിന്റെ പ്രവർത്തകരേയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

കൊലപ്പെടുത്തിയവർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു. കൊല്ലപ്പെട്ട മിഥിലാജും ഹഖും നിരവധി കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ ഓണത്തിന്റെ തലേ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ച കേസിലെ പ്രതിയാണ് മിഥിലാജ്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് തങ്ങൾക്ക് ലഭിക്കുന്ന വിവരമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

 

Latest News