മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ; ദല്‍ഹി മെട്രോയില്‍ കര്‍ശന നിബന്ധനകള്‍

ന്യൂദല്‍ഹി- സെപ്റ്റംബര്‍ ഏഴു മുതല്‍ ആരംഭിക്കുന്ന ദല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസിന് കര്‍ശന നിയന്ത്രണങ്ങള്‍. പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കും. മെട്രോ യാത്രക്കുള്ള ടോക്കണ്‍ സംവിധാനം ഒഴിവാക്കുമെന്നും ദല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു. എല്ലാ മെട്രോ സ്‌റ്റേഷനുകളുടെയും പ്രവേശന സ്ഥലത്ത് സാനിറ്റൈസറും തെര്‍മല്‍ സ്‌കാനിംഗും ഏര്‍പ്പെടുത്തും. മെട്രോ യാത്രയ്ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തത് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മെട്രോ യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. വൈറസ് വ്യാപനം പടരുന്നത് തടയാന്‍ ട്രെയിനുകള്‍ക്കുള്ളിലെ എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തും.
ടോക്കണുകള്‍ക്ക് പകരം സ്മാര്‍ട്ട് കാര്‍ഡുകളും മറ്റും ഡിജിറ്റല്‍ സംവിധാനങ്ങളും മാത്രമായിരിക്കും യാത്ര നിരക്ക് ഈടാക്കാന്‍ ഉപയോഗിക്കുക. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രമേ മെട്രോ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കൂ.
യാത്രക്കാര്‍ ഇരിക്കുന്നതിനിടയില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. മെട്രോ സ്‌റ്റേഷനുകളില്‍ തിരക്ക് വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ നിയമിക്കും. കണ്ടെയിന്റ്‌മെന്റ് സോണുകളിലേക്ക് മെട്രോ സര്‍വീസ് നടത്തില്ല. ഇത്തരം സ്ഥലങ്ങളിലെ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുകയുമില്ല.

 

 

Latest News