ജറൂസലം- നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനായി നിരവധി അറബ് രാജ്യങ്ങളുമായി രഹസ്യ ചര്‍ച്ചകള്‍ തുടുരകയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു വെളിപ്പെടുത്തി.
അമേരിക്കയുടെ പിന്തുണയോടെ യു.എ.ഇയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ പല അറബ്, ഗള്‍ഫ് രാജ്യങ്ങളുമായും ചര്‍ച്ച തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായിലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് അറബ്, മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അതേക്കുറിച്ച് പുറത്തുവിടാതിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായിലില്‍നിന്ന് യു.എ.ഇയിലേക്ക് ആദ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ടാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഓഗസ്റ്റ് 13-ന് യു.എ.ഇയും ഇസ്രായിലും തമ്മില്‍ ഒപ്പുവെച്ച ചരിത്ര കരാറിനു പിന്നാലെയാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കിയ ആദ്യത്തെ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാഷ്ട്രവുമാണ് യു.എ.ഇ.
ഈജിപ്തും ജോര്‍ദാനുമാണ് ഇതിനുമുമ്പ് ഇസ്രായിലുമായി നയതന്ത്ര ബന്ധം സാധാരണനിലയിലാക്കിയ അറബ് രാജ്യങ്ങള്‍. തിങ്കളാഴ്ച രാവിലെ പുറപ്പെടുന്ന വിമാനത്തില്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള യു.എസ്-ഇസ്രായില്‍ പ്രതിനിധി സംഘമുണ്ടാകും. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി രഹസ്യ ചര്‍ച്ച നടത്തുന്നതായി നെതന്യാഹു പ്രഖ്യാപിക്കുമ്പോള്‍ കുഷ്‌നുറും സമീപത്തുണ്ടായിരുന്നു.