ന്യൂദൽഹി - ഭരണസിരാകേന്ദ്രമായ സെൻട്രൽ സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിൽ ചൊവ്വാഴ്ച പുലർച്ചെ തീപ്പിടിത്തമുണ്ടായി. ഉടൻ തന്നെ 10 അഗ്‌നിശമന വാഹനങ്ങളെത്തി തീയണച്ചു. 20 മിനിറ്റികം അഗ്‌നിബാധ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. തീപ്പിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രധാനന്ത്രിയുടെ ഓഫീസിന്റെ രണ്ടാം നിലയിലുള്ള 242ാം നമ്പർ മുറിയിൽ പുലർച്ചെ 3.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരുന്നതേയുള്ളു.
ദൽഹിയിൽ റൈസിനാ ഹിൽസിൽ സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടാതെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ക്യാബിനറ്റ്, സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുടെ ഓഫീസുകളുമാണ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനു മുകളിലെ കോൺഫറൻസ് മുറിയിൽ കഴിഞ്ഞ വർഷം തീപ്പിടിത്തമുണ്ടായിരുന്നു.






