കൊച്ചി- സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷണം കേന്ദ്ര ഭരണകക്ഷിയിലേക്ക് എത്തിയതോടെ അന്വേഷണ സംഘത്തിൽ അഴിച്ചുപണി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ സ്വർണക്കടത്ത് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നാണ് ഇദ്ദേഹത്തെ മാറ്റിയത്. പകരം പുതിയ ഉദ്യോഗസ്ഥനെ ടീമിൽ ഉൾപ്പെടുത്തി. നേരത്തെ കസ്റ്റംസ് ജോയിന്റെ കമ്മീഷണർ അനീഷ് രാജനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. എറണാകുളത്തെ സി പി എം നേതാവായ പി ആർ റെനീഷിന്റെ സഹോദരനാണ് അനീഷ് രാജൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന പരാമർശത്തിന്റെ പേരിലാണ് രാജ്യാന്തര അംഗീകാരങ്ങൾ വരെ നേടിയിട്ടുള്ള അനീഷിനെ സ്ഥലം മാറ്റിയത്.
കേസിൽ ജനം ടി വി എഡിറ്റർ അനിൽ നമ്പ്യാർക്കെതിരായ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തായതിനെ തുടർന്നാണ് എൻ എസ് ദേവിനെതിരെ നടപടി വന്നിരിക്കുന്നത്. സ്വപ്‌നയുടെ മൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ദേവ് ആണെന്നാണ് കസ്റ്റംസ് ഉന്നതർക്ക് വിവരം ലഭിച്ചിട്ടുള്ളത്. വിഷയത്തിൽ നേരത്തെ തന്നെ ദേവ് നിരീക്ഷണത്തിലായിരുന്നു. ദേവിനെതിരെ വകുപ്പ് തല അന്വേഷണമുണ്ടാകുമെന്നും അറിയുന്നു.
സ്വപ്‌നയുടെ മൊഴി ചോർന്നതിൽ ബി ജെ പി നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു. ബി ജെ പി നേതൃത്വത്തെ കടുത്ത സമ്മർദത്തിലാക്കുന്നതായിരുന്നു ഈ സംഭവം. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ശക്തമായി ഇടപെട്ടതോടെ ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി വരികയായിരുന്നു. 32 പേജുള്ള സ്വപ്‌നയുടെ മൊഴിയിൽ അനിൽ നമ്പ്യാരെയും ബി ജെപിയെയും കുറിച്ച് പരാമർശിക്കുന്ന മൂന്നു പേജ് മാത്രം പുറത്തുവിട്ടവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തൽ. കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോർന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ബി ജെ പി നേതൃത്വം.
ഈ സാഹചര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ ഉടൻ നടപടി വേണമെന്നാണ് കേന്ദ്ര സർക്കാരും നിർദേശം നൽകിയത്.
നേരത്തെ അനീഷ് രാജനെ സ്ഥലംമാറ്റിയതിനെതിരെ കസ്റ്റംസിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിൽ നിരവധി ഉദ്യോഗസ്ഥർ രൂക്ഷമായ വിമർശനാണ് ഉയർത്തിയത്. എൻ എസ് ദേവും സ്ഥലം മാറ്റത്തെ വിമർശിച്ചിരുന്നു. വിമർശകരായ ഉദ്യോഗസ്ഥർ പുതിയ സാഹചര്യത്തിൽ നിരീക്ഷണത്തിലാണ്. ഇതിനിടെ പ്രിവന്റീവ് വിഭാഗം കമ്മീഷണറും സ്ഥലം മാറ്റ ഭീഷണി നേരിടുകയാണ്. സ്വർണക്കടത്ത് അന്വേഷിക്കുന്ന ടീമിനെ മൊത്തത്തിൽ അഴിച്ചു പണിയാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്‌നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്‌നമാകും എന്നതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുലർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി സ്വപ്‌നയുടെ മൊഴിയിലുണ്ട്.
ജൂലൈ അഞ്ചിനാണ് അനിൽ നമ്പ്യാർ സ്വപ്‌നയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാർ സ്വപ്‌നയെ ഉപദേശിച്ചു. കോൺസുലർ ജനറൽക്ക് നൽകേണ്ട കത്തിൻറെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്‌ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താൻ ഒളിവിൽ പോയതിനാൽ പിന്നെ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനോ സാധിച്ചില്ലെന്നും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നു. സ്വർണക്കടത്ത് കേസിനും വളരെക്കാലം മുൻപേ തന്നെ അനിൽ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി അനിൽ നമ്പ്യൂർ കോൺസുലേറ്റിന്റെ സഹായം തേടിയിരുന്നുവെന്ന പരാമർശവും സ്വപ്‌നയുടെ മൊഴിയിലുണ്ട്.