മലപ്പുറം- അനാഥ ജീവിതത്തിനിടയിലും മറ്റുള്ളവർക്ക് ആശംസകളുടെ സന്തോഷം പകർന്ന് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ കുരുന്നുകൾ. തവനൂരിലെ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളാണ് കോവിഡ്19 പ്രതിരോധത്തിനിടയിലെ ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ വർണ കാർഡുകൾ ഇറക്കിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും അവർ ഗ്രീറ്റിങ് കാർഡുകൾ വാട്ട്‌സ്ആപ് വഴിയും ഓൺലൈൻ വഴിയും അയച്ചുകൊടുത്തു.
കോവിഡിനിടയിലും അത്തം മുതൽ വിവിധ ഓണഘോഷ മത്സരങ്ങളാണ് ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ചിരിക്കുന്നത്. പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, ഫാൻസി ഡ്രസ്, ഷൂട്ട്ഔട്ട്, വെളളം കുടി മത്സരം, ലെമൺ ആൻഡ് സ്പൂൺ, കുടം പൊട്ടിക്കൽ, മെഴുകുതിരി കത്തിച്ച് നടത്തം തുടങ്ങി വിവിധ ഇൻഡോർ ഔട്ട്ഡോർ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. തിരുവോണ ദിനത്തിൽ ഓണസദ്യയോടൊപ്പം മത്സരങ്ങളും ഉണ്ടാകും. പരിപാടിയിൽ ഓറിഗാമി ഗ്രീറ്റിങ് കാർഡ് നിർമാണ മത്സരവും പൂക്കൾ നിർമാണ മത്സരവും സംഘടിപ്പിച്ചു. ഓൺലൈനായി കുട്ടികൾക്ക് ഓറിഗാമി പരിശീലനം നൽകിയിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പുറത്ത് നിന്നും ആരെയും പങ്കെടുപ്പിക്കാതെ ചിൽഡ്രൻസ് ഹോമിലെ കുട്ടികളും ജീവനക്കാരും മാത്രം ചേർന്നാണ് ഇക്കൊല്ലത്തെ ഓണം ആഘോഷിക്കുന്നത്.
മന്ത്രി കെ.കെ ഷൈലജ ടീച്ചറെ കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടർ അനുപമ ഐ.എ.എസ്, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷാജേഷ് ഭാസ്‌കർ, ജില്ലാ വനിത ശിശു വികസന ഓഫീസർ തസ്‌നീം, ജില്ലാ ശിശു വികസന ഓഫീസർ ഗീതാഞ്ജലി എന്നീ ഉദ്യോഗസ്ഥർക്കും ആശംസ കാർഡുകൾ ഓൺലൈനായി അയച്ചിട്ടുണ്ട്. പരിപാടികൾക്ക് സ്ഥാപന സൂപ്രണ്ട് ബിനു ജോൺ, സ്ഥാപന കൗൺസലർ പി.ടി ശിഹാബ്, കെയർ ടേക്കർ എൻ സുബൈർ, ഉണ്ണി മമ്മു, ചൈൽഡ് വെൽഫെയർ ഇൻസ്‌പെക്ടർ കെ.ഷാഫി , കെയർ പ്രൊവൈഡർ അർജുൻ, സുമ തുടങ്ങിയവർ നേതൃത്വം നൽകി.






