Sorry, you need to enable JavaScript to visit this website.

ഓണം അന്തർദേശീയ ഉത്സവമായി; ആശംസകളുമായി മോഡി

ന്യൂദൽഹി- മലയാളികളുടെ ഓണാഘോഷത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓണാഘോഷത്തിന്റെ കീർത്തി ദൂരെ വിദേശങ്ങളിൽ പോലും എത്തിയിരിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അമേരിക്കയിലാണെങ്കിലും യൂറോപ്പിലാണെങ്കിലും ഗൾഫ് രാജ്യങ്ങളിലാണെങ്കിലും ഓണാഘോഷത്തിന്റെ തിളക്കം എല്ലായിടത്തും കാണാനാകും. ഓണം ഒരു അന്തർദ്ദേശീയ ആഘോഷമായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോഡി. 
    ഓണം കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കർഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങൾ കർഷകരുടെ പരിശ്രമം കൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്. നമ്മുടെ അന്നദാതാക്കളെ, കർഷകരുടെ ജീവൻദായിനിയായ ശക്തിയെ, വേദങ്ങളിൽ പോലും വളരെ അഭിമാനത്തോടെ പരാമർശിച്ചിരിക്കുന്നതായും  പ്രധാനമന്ത്രി പറഞ്ഞു. 
    ആഗോളതലത്തിൽ ഏഴു ലക്ഷം കോടി രൂപയുള്ള കളിപ്പാട്ട വ്യവസായത്തിൽ ഇന്ത്യയുടെ സംഭവന വളരെ ചെറുതാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളെ ഓർത്ത് തദ്ദേശീയമായുളള പാവ നിർമ്മാണം വർധിപ്പിക്കാൻ വ്യവസായികളുമായി ചർച്ച നടന്നതായി മോദി പറഞ്ഞു. പാവ നിർമ്മാണരംഗത്തേയ്ക്ക് പുതിയ സംരഭകർ കടന്നുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കളിപ്പാട്ടങ്ങൾ വെറും വിനോദ ഉപകരണങ്ങൾ മാത്രമല്ല. കുട്ടികളുടെ സർഗാത്മക പുറത്തെടുക്കുന്ന മികച്ച ഉപാധിയാണ് കളിപ്പാട്ടങ്ങളെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോൾ കളിപ്പാട്ട ക്ലസ്റ്ററുകളായി മാറി വരുന്നുണ്ടെന്നും മോഡി പറഞ്ഞു.
 

Latest News