കോണ്‍ഗ്രസ് അധ്യക്ഷനു വേണ്ടി ലോകാവസാനം വരെ കാത്തിരിക്കാനാവില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്നതിന് തിടുക്കമില്ലെന്നും എന്നാല്‍ ലോകാവസാനം വരെ കാത്തരിക്കാനാവില്ലെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. സോണിയാ ഗാന്ധിയാണ് ഇപ്പോഴും അധ്യക്ഷ സ്ഥാനത്തുള്ളത്, നേതൃത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള നേതാക്കളിലൊരാളാണ് ഖുര്‍ഷിദ്. പാര്‍ട്ടി നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് നിര്‍ദേശങ്ങളങ്ങിയ കത്തെഴുതിയ നേതാക്കള്‍ തന്നെ സമീപിച്ചിരുന്നെങ്കില്‍ അതില്‍ ഒപ്പുവെക്കില്ലായിരുന്നുവെന്നും ഖുര്‍ഷിദ് പറഞ്ഞു. കത്തെഴുതിയ നേതാക്കളെല്ലാം സോണിയാ ഗാന്ധിയെ നേരിട്ടു കാണാന്‍ കഴിയുന്ന നേതാക്കളാണ്. അവര്‍ക്ക് കത്തെഴുതേണ്ടതില്ല. നേരിട്ടു പോയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കത്തെഴുതിയവരില്‍ ഏറ്റവും ശക്തമായ നിലപാടെടുത്ത പ്രമുഖനായ ഗുലാം നബി ആസാദ് വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ഉന്നത നേതാവാണ്. നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പു നടക്കാതിരുന്നപ്പോഴും പാര്‍ട്ടി അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്നും ഖുര്‍ഷിധ് പറഞ്ഞു. ഗുലാം നബി പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു നേതൃമാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകാം. അതേസമയം  ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു.
 

Latest News