കശ്മീരില്‍ നടപ്പിലാക്കുന്നത് ഇസ്രായില്‍ മോഡല്‍ കുടിയേറ്റ പദ്ധതി

നിയന്ത്രണങ്ങള്‍ ലംഘിച്ച് കശ്മീരില്‍ മുഹറം ഘോഷയാത്രക്കെത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുന്നു.

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഇസ്രായില്‍ മാതൃകയില്‍ കുടിയേറ്റ തന്ത്രം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ മറ്റു ജനവിഭാഗങ്ങളെ കൂടി എത്തിച്ച് താഴ് വരയുടെ രൂപവും സ്വത്വവും മാറ്റുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഭീഷണി ഉയരാതിരിക്കാനാണ് 1947 നുശേഷം ആദ്യമായി കശ്മീരിലെ താമസ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. പുറമെ നിന്നെത്തിയവര്‍ക്ക് സ്ഥിരതാമസ രേഖ ലഭിക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കിയ സര്‍ക്കാര്‍ പ്രദേശ വാസികളും പുതിയ രേഖ സ്വന്തമാക്കണമെന്ന നിബന്ധന വെച്ചിരിക്കയാണ്.
കശ്മീരിലെ 1.4 കോടി ജനസംഖ്യയെ ഗുരുതരമായി ബാധിക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.  കശ്മീരില്‍ ജനസംഖ്യയുടെ 65 ശതമാനത്തിലധികവും മുസ്ലിംകളാണ്. പ്രധാന കേന്ദ്രമായ താഴ്‌വരയില്‍ ഇത് 100 ശതമാനത്തോളമാണ്.
ഹിന്ദു കുടിയേറ്റ കൊളോണിയല്‍ പദ്ധതിയാണ് ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നില്‍ കാണുന്നതെന്ന്  കശ്മീര്‍ വിഷയത്തില്‍ ദീര്‍ഘകാലമായി ഗവേഷണം നടത്തിവരുന്ന  സിറാക്കൂസ് സര്‍വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ മോന ഭാന്‍  പറഞ്ഞു.
1927 മുതല്‍ കശ്മീരിലുണ്ടായിരുന്ന പ്രത്യേക താമസ നിയമങ്ങളാണ് മോഡി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. സ്ഥിര താമസക്കാര്‍ക്ക് മാത്രമേ ഭൂമിയും സ്വത്തും സ്വന്തമാക്കാനും  തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും കഴിയൂ എന്ന് ഉറപ്പുവരുത്തിയിരുന്നതാണ് ഈ നിയമങ്ങള്‍.  ഇപ്പോള്‍ ഇന്ത്യയിലെവിടെ നിന്നും വിവിധ വിഭാഗത്തിലുള്ള ആളുകള്‍ക്ക് കശ്മീരില്‍ സ്ഥിരതാമസ രേഖക്ക് അപേക്ഷിക്കാം.
പാക്കിസ്ഥാനില്‍നിന്ന് പലായനം ചെയ്ത് എത്തിയ 28,000 അഭയാര്‍ഥികളും 1.75 ദശലക്ഷം കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടെ 15 വര്‍ഷമായി കശ്മീരില്‍ താമസിക്കുന്നവര്‍ക്കാണ് പുതുതായി സിഥരതാമസ രേഖ നേടാന്‍ അവസരം. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
ഇതിനുപുറമെ, ഏഴ് വര്‍ഷമായി കശ്മീരില്‍ ജോലി ചെയ്ത സിവില്‍ സര്‍വീസുകാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കശ്മീരില്‍ ചില പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികള്‍ക്കും സ്ഥിരതാമസ രേഖ നേടാം. 1947 ന് ശേഷം താഴ്‌വരയില്‍ അടിച്ചേല്‍പ്പിച്ച ഏറ്റവും കടുത്ത നടപടിയാണിതെന്ന് ചരിത്രകാരനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ സിദ്ദിഖ് വാഹിദ് പറഞ്ഞു. ജനസംഖ്യാ പ്രളയത്തിനുള്ള കവാടങ്ങള്‍ തുറക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ താമസ അവകാശങ്ങള്‍ക്ക് യോഗ്യത നേടുന്നതിന് പ്രദേശവാസികളും ഇപ്പോള്‍ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കണം.
സ്ഥിരം റസിഡന്റ് സര്‍ട്ടിഫിക്കറ്റുകള്‍ (പിആര്‍സി) ഹാജരാക്കിയാല്‍ മാത്രമേ ഇത് ലഭ്യമാവൂ.  1927 മുതല്‍ സാധുവായ മറ്റു രേഖകള്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പര്യാപ്തമല്ല.  
ജോലി ലഭിക്കണമെങ്കില്‍  ആദ്യം താമസ രേഖ നേടണമെന്ന വ്യവസ്ഥ മുന്നില്‍വെച്ച് കശ്മീരിലെ യുവജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തിലാക്കുകയാണെന്നാണ് മറ്റൊരു വിമര്‍ശം.  
കോവിഡ് പ്രതിസന്ധിക്കിടയിലും 4,30,000 പുതിയ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ എത്ര പേരാണ് പുറമെനിന്നു വന്നവരെന്ന് വ്യക്തമല്ല. ജീവിതം പ്രയാസത്തിലാക്കുമെങ്കിലും പ്രദേശവാസികളില്‍ പലരും പഴയ രേഖകള്‍ കൈമാറാന്‍ തയാറായിട്ടില്ല. അയല്‍ക്കാരില്‍നിന്ന് എതിര്‍പ്പുണ്ടാകുമോ എന്ന ഭയത്താല്‍ പലരും രഹസ്യമായാണ് രേഖകള്‍ സമര്‍പ്പിക്കുന്നത്. ദേശവിരുദ്ധരെന്ന് മുദ്രകുത്തുമെന്ന് ഭയന്ന് നിരവധി കശ്മീരികള്‍ തുറന്നു സംസാരിക്കാന്‍ തയാറാകുന്നില്ല. പലരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദാക്കി.
സ്വന്തം നാട്ടില്‍ പൗരത്വത്തിനുവേണ്ടി പുറമെ നിന്ന് എത്തിയവരുമായി മത്സരിക്കേണ്ട ഗതികേടിലാണെന്നാണ് ഒരു കശ്മീരി വിദ്യാര്‍ഥിയുടെ പ്രതികരണം.  
1989 നുശേഷം കശ്മീരില്‍ വിഘടനവാദികളും സുരക്ഷാ സൈനികരും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടലുകളില്‍ പതിനായിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണ ജനങ്ങളാണ്.
സ്വന്തം ദേശീയ പതാകയും ഭരണഘടനയും ഉള്‍പ്പെടെ കശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാ അധികാരങ്ങള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് മോഡി സര്‍ക്കാര്‍ റദ്ദാക്കിയതോടെ താഴ് വരയില്‍ പ്രതിസന്ധി രൂക്ഷമായി.  നിലവിലുള്ള അഞ്ച് ലക്ഷം സുരക്ഷാ സൈനികര്‍ക്കു പുറമെ, പതിനായിരക്കണക്കിന് സൈനികരെ കൂടി താഴ് വരയിലെത്തിച്ച്  കര്‍ഫ്യൂവും ഉപരോധവും ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നത്.
ആയിരങ്ങളെ അറസ്റ്റ് ചെയ്യുകയും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മാസങ്ങളോളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ് കാലങ്ങളായി ആവശ്യപ്പെടുന്ന നടപടികളാണ്
ജമ്മു കശ്മീരില്‍ ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊണ്ടത്. പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും മോഡി സര്‍ക്കാര്‍ ഹിന്ദുരാഷ്ട്രത്തിലേക്കാണ് നീങ്ങുന്നതെന്ന വിമര്‍ശനം ശക്തമാകാന്‍ ഈ നടപടി കാരണമായി.

 

Latest News