Sorry, you need to enable JavaScript to visit this website.

ചൈനയില്‍ റെസ്‌റ്റോറന്റ് തകര്‍ന്ന് മരണം 29 ആയി; രക്ഷാപ്രവര്‍ത്തനം നിര്‍ത്തി

ബീജിംഗ്- വടക്കന്‍ ചൈനയില്‍ റെസ്‌റ്റോറന്റ് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

ഷാങ്‌സി പ്രവിശ്യയിലെ സിയാങ്‌ഫെന്‍ കൗണ്ടിയിലെ ഇരുനില കെട്ടിടം ശനിയാഴ്ച രാവിലെ ജന്മദിനാഘോഷം നടക്കുമ്പോഴാണ് തകര്‍ന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ അറിയിച്ചു.

ജുക്‌സിയന്‍ റെസ്‌റ്റോറന്റിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍  57 പേരെയാണ് പുറത്തെത്തിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴ് പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇരുനില കെട്ടിടം തകര്‍ന്നതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഴുന്നൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

കെട്ടിട തകര്‍ച്ചയും നിര്‍മ്മാണത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളും ചൈനയില്‍ പുതുമയല്ലാതായിട്ടുണ്ട്. രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചക്കിടെ കെട്ടിട നിര്‍മാതാക്കള്‍ സുരക്ഷാ നിയമങ്ങള്‍ വ്യാപകമായി ലംഘിക്കുകയാണെന്നാണ് ആരോപണം.

കഴിഞ്ഞ മാര്‍ച്ചില്‍ തെക്കന്‍ ചൈനയിലെ ക്വാന്‍ഷൗ നഗരത്തില്‍ ഹോട്ടല്‍ തകര്‍ന്ന് 29 പേര്‍ മരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാല് നിലകള്‍ക്കാണ് അനുമതി നല്‍കിയിരുന്നതെങ്കിലും  മൂന്നു നിലകള്‍ അധികം പണിത് ഹോട്ടല്‍ ഉടമകള്‍ തയാറാക്കിയ തെറ്റായ റിപ്പോര്‍ട്ടിന് സുരക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

 

Latest News