Sorry, you need to enable JavaScript to visit this website.

കേരളം തെരഞ്ഞെടുപ്പുകളിലക്ക്; മുസ്‌ലിംലീഗിലും നേതൃപ്രശ്‌നം 

കോഴിക്കോട്- മലബാറിൽ യു.ഡി.എഫിന്റെ ശക്തി സ്രോതസ്സായ മുസ്‌ലിംലീഗിലും  നേതൃത്വ പ്രതിസന്ധി. കോൺഗ്രസിലെ പ്രശ്‌നം പോലെയോ കേരള കോൺഗ്രസ് സൃഷ്ടിക്കുന്ന പ്രയാസം പോലെയോ ലീഗിലേത് തെരഞ്ഞെടുപ്പിനെ കാതലായി ബാധിക്കണമെന്നില്ല. ഇടക്കാലത്ത് ദേശീയ നേതൃത്വത്തിലേക്കും ദേശീയ രാഷ്ട്രീയത്തിലേക്കും മാറിയ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുകയോ യു.ഡി.എഫ് സർക്കാറുണ്ടാക്കുകയാണെങ്കിൽ അതിൽ പങ്കാളിയായ ശേഷം നിയമസഭാംഗമാകുകയോ ചെയ്യുമെന്ന സൂചന ശക്തമാണ്.


സി.എച്ച്. മുഹമ്മദ് കോയക്ക് ശേഷം കേരള മുസ്‌ലിംലീഗിൽ ഉയർന്നുവന്ന ഏറ്റവും ശക്തനായ നേതാവാണ് കുഞ്ഞാലിക്കുട്ടി. അഞ്ചു നിയമസഭകളിൽ പാർട്ടിയുടെ നേതാവായ ഇദ്ദേഹം മൂന്നു മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. ചുരുങ്ങിയത് 1991 മുതലെങ്കിലും കേരളത്തിലെ ലീഗിന്റെ ചരിത്രം നിയന്ത്രിച്ചത് ഇദ്ദേഹമാണ്. 1982 മുതൽ എം.എൽ.എ.യായിരുന്ന കുഞ്ഞാലിക്കുട്ടി 2017ൽ ഇ.അഹമ്മദിന്റെ മരണം സൃഷ്ടിച്ച ഒഴിവിലാണ് ലോക്‌സഭാംഗമാകുന്നത്. 2019ൽ വീണ്ടും തെരഞ്ഞെടുത്തു. മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. 
കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിൽ പികെ.കുഞ്ഞാലിക്കുട്ടിയെ പോലെ ഒരാൾ വേണം മുസ്‌ലിംലീഗിനെ നയിക്കാനെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. 1995ൽ ചാരക്കേസിനെ തുടർന്ന് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി എ.കെ.ആന്റണിയെ പ്രതിഷ്ഠിച്ചതോടെയാണ് കിംഗ് മേക്കർ പദവിയിലേക്ക് കുഞ്ഞാലിക്കുട്ടി വന്നത്. മുന്നണി ഘടകകക്ഷികൾക്കിടയിലെ തർക്കങ്ങൾ തീർക്കുന്നതിലും സ്വന്തം പാർട്ടിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിലുമെല്ലാം കുഞ്ഞാലിക്കുട്ടിയോളം പ്രഭാവം ഉള്ള നേതാക്കൾ മുസ്‌ലിംലീഗിൽ ഇല്ല എന്നത് ചൂണ്ടിക്കാട്ടിയാണ് തിരിച്ചുവരവിന് പരവതാനി വിരിക്കുന്നത്. 


2016ൽ പിണറായി വിജയൻ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ഇ. അഹമ്മദ് മരിക്കുന്നതും മലപ്പുറത്ത് ലോക്‌സഭയിലേക്ക് സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരികയും ഉണ്ടായത്. പ്രമുഖനായ ഒരാൾ തന്നെ സ്ഥാനാർഥിയാവണമെന്ന് വന്നതോടെ കുഞ്ഞാലിക്കുട്ടി സ്ഥാനാർഥിയാവുകയും ജയിക്കുകയും ചെയ്തു. ഇതേ തുടർന്ന് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പും വേണ്ടിവന്നു. 2019ൽ വീണ്ടും ജയിച്ച കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് ഇടയാക്കുമെന്നത് പാർട്ടിക്ക് ദോഷം ചെയ്യും. അതേ സമയം 2021ൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ കേരള സർക്കാറിലെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കുകയുമില്ല. 
പിണറായി സർക്കാറിനെതിരെ കുഞ്ഞാലിക്കുട്ടി കാര്യമായൊന്നും പറയുന്നില്ലെന്ന ആരോപണമുയർന്നിരുന്നുവെങ്കിലും ഈയിടെയായി അദ്ദേഹം സ്വരം കടുപ്പിച്ചിട്ടുണ്ട്. പിണറായിയായിരുന്നില്ല, സ്വപ്നയായിരുന്നു നാലു വർഷം കേരളം ഭരിച്ചതെന്ന രീതിയിൽ കടുത്ത ആക്രമണത്തിലേക്ക് അദ്ദേഹം നീങ്ങിയതും ചില സൂചനകൾ നൽകുന്നു. കേരള രാഷ്ട്രീയ സംഭവവികാസങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയെ ഇടക്കാലത്തേക്ക് മന്ത്രിസഭയിൽ നിന്നുപോലും മാറ്റി നിർത്തിയ ഐസ്‌ക്രീം പാർലർ കേസിൽ പിണറായി വിജയൻ സർക്കാർ കുഞ്ഞാലിക്കുട്ടിയെയാണ് പിന്തുണച്ചത്. കേസിൽ കൂടുതൽ അന്വേഷണത്തിനായി വി.എസ്. അച്യുതാനന്ദൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വി.എസിനെ തള്ളിയായിരുന്നു കേരള സർക്കാറിന്റെ സത്യവാങ്മൂലം. 


നിയമസഭയിൽ ഇപ്പോൾ മുസ്‌ലിംലീഗിന്റെ നേതാവ് ഡോ.എം.കെ. മുനീറാണ്. പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിൽ നിയമസഭക്കകത്ത് ദൗത്യം നിർവഹിക്കുന്നതിൽ മുനീർ പിറകോട്ട് പോയിട്ടില്ല. എന്നാൽ ശാക്തിക രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയെ പോലെ നിറഞ്ഞു കളിക്കാൻ മുനീറിന് കഴിയുന്നില്ലെന്ന തോന്നൽ പാർട്ടിയിലുണ്ട്. ഇതാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് കളം ഒരുക്കുന്നത്. 
മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനാ നേതാക്കളുമായുള്ള ഇടപെടലും ലീഗിന് പ്രധാനമാണ്. ലീഗിന്റെ കൂടെ എന്ന ലേബൽ മാറ്റാൻ ഇ.കെ.വിഭാഗം സുന്നി സംഘടനയിൽ ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിംലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് ചില പൊതുപരിപാടികൾ സംഘടിപ്പിക്കാനും സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും സഹകരിക്കാനും സമസ്ത മുന്നോട്ടുവന്നു. ഈ അവസരം മുതലെടുക്കാൻ സി.പി.എം. ശ്രമിക്കുന്നുവെന്നതും ലീഗിന് തലവേദനയാണ്. 


അവസാന വാക്ക് എന്ന് വിശേഷിപ്പിക്കുന്ന പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ ഹൈദരലി ശിഹാബ് തങ്ങൾക്ക് പുറമെ സാദിഖലി ശിഹാബ് തങ്ങളും മുനവറലി ശിഹാബ് തങ്ങളും ലീഗ് രാഷ്ട്രീയത്തിൽ പ്രധാന ശക്തി സ്രോതസ്സായിരിക്കുന്നു. തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനം ഇടതുപക്ഷക്കാർ വിവാദമാക്കാൻ ശ്രമിച്ചിരുന്നു. വെൽഫെയർ പാർട്ടിക്ക് നേരെ കാണിക്കുന്ന മൃദു സമീപനവുമായി ഹാഗിയ സോഫിയയിലെ തങ്ങളുടെ ലേഖനത്തെ കൂട്ടിച്ചേർത്തു വായിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയറുമായി ധാരണക്ക് ശ്രമിക്കുന്നതിനെ ഇ.കെ.വിഭാഗം സമസ്ത എതിർക്കുമെന്നും സൂചനയുണ്ട്. ലീഗിനെ കൂടാതെയുള്ള സ്വതന്ത്ര നിലപാടിലേക്ക് നീങ്ങണമെന്നും അതു വഴി കാന്തപുരത്തിന് സമാനമായി വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുള്ളവർക്ക് ഒരു പോലെ സമീപസ്ഥരാവണമെന്നുമുള്ള അഭിപ്രായക്കാർ ഇ.കെ. സുന്നി വിഭാഗത്തിലുണ്ട്. ഇത് ഇവർ നടത്തുന്ന പത്രത്തിലൂടെ പുറത്തുവരുന്നത് ലീഗ് നേതൃത്വത്തിന് തലവേദനയാണ്.

Latest News