Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ കൂടുതൽ വളർച്ച  കൈവരിക്കുമെന്ന് ഐ.എം.എഫ്

റിയാദ്- സൗദി അറേബ്യ അടുത്ത വർഷം കൂടുതൽ വലിയ വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത കൊല്ലം സൗദി അറേബ്യ 3.1 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. 2021 ൽ സൗദി അറേബ്യ 2.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. ഗവൺമെന്റ് പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളുടെയും എണ്ണ വില ഉയർന്നതിന്റെയും ഫലമായി നേരത്തെ പ്രതീക്ഷിച്ചതിലും വലിയ വളർച്ച കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എം.എഫ് റിപ്പോർട്ട് പറഞ്ഞു. 


ഈ വർഷം സൗദി സമ്പദ്‌വ്യവസ്ഥ മൈനസ് 2.3 ശതമാനം തോതിൽ ശുഷ്‌കിക്കുമെന്നും ഐ.എം.എഫ് റിപ്പോർട്ട് പറഞ്ഞു. ഈ കൊല്ലം സൗദി സമ്പദ്‌വ്യവസ്ഥ മൈനസ് 6.5 ശതമാനം തോതിൽ ശുഷ്‌കിക്കുമെന്നാണ് ഐ.എം.എഫ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. സൗദി സമ്പദ്‌വ്യവസ്ഥ മൈനസ് ആറര ശതമാനം വരെ ശുഷ്‌കിക്കുമെന്ന ഐ.എം.എഫ് റിപ്പോർട്ടിൽ സൗദി ധനമന്ത്രിയും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും നേരത്തെ വിയോജിപ്പിച്ച് പ്രകടിപ്പിച്ചിരുന്നു. ഐ.എം.എഫ് കണക്കുകൾ പെരുപ്പിച്ചതാണെന്ന് സൗദി ധനമന്ത്രിയും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും വിശേഷിപ്പിച്ചു. 


എണ്ണ വില തുടർച്ചയായി ഉയരുന്നതും വ്യവസായ മേഖലക്കും കയറ്റുമതിക്കുമുള്ള പിന്തുണകൾ വർധിപ്പിച്ചതും ലോക്ഡൗൺ അവസാനിപ്പിച്ചതുമാണ് സൗദി സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിന് ചാലകശക്തികളായി വർത്തിക്കുന്നത്. കൊറോണ പ്രത്യാഘാതങ്ങളിൽ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥ മുക്തമായി വരികയാണെന്നും ഐ.എം.എഫ് റിപ്പോർട്ട് പറയുന്നു.
ഐ.എം.എഫിന്റെ അശുഭാപ്തി നിറഞ്ഞ പ്രതീക്ഷകളിൽനിന്ന് വ്യത്യസ്തമായിരിക്കും സൗദി സമ്പദ്‌വ്യവസ്ഥയുടെ പ്രകടനമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഐ.എം.എഫിന്റെ പുതിയ റിപ്പോർട്ട് ധനമന്ത്രി നേരത്തെ നടത്തിയ പ്രസ്താവനയുമായി ഒത്തുപോകുന്നു. കൊറോണ പ്രത്യഘാതങ്ങൾ ലഘൂകരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ സാമ്പത്തിക മാന്ദ്യം നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചു. 214 ബില്യണിലേറെ റിയാലിന്റെ ഉത്തേജക പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. 


ഈ വർഷം ആഗോള സാമ്പത്തിക മാന്ദ്യം 4.9 ശതമാനമാകുമെന്ന് ഐ.എം.എഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഏപ്രിലിൽ അന്താരാഷ്ട്ര നാണയ നിധി കണക്കാക്കിയതിലും 1.9 ശതമാനം കുറവാണിത്. 2019 മുതൽ 2024 വരെയുള്ള കാലത്ത് സൗദി അറേബ്യ പ്രതിവർഷം ശരാശരി ആറര ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് അമേരിക്കയിലെ ലോസ്ആഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് സർവീസ്, ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ സി.ബി.ആർ.ഇ റിപ്പോർട്ട് പറയുന്നു. 2024 ൽ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം നാലു ട്രില്യൺ റിയാലിലെത്തുമെന്നാണ് കണക്കാക്കുന്നത്. 


സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കും. പെട്രോളിതര മേഖലയിലെ പ്രധാന സാമ്പത്തിക മേഖലയായി മാറുന്ന വിനോദ മേഖല മൊത്തം ആഭ്യന്തരോൽപാദന വളർച്ചയിൽ വലിയ സംഭാവനകൾ നൽകുന്നത് വരും വർഷങ്ങളിൽ തുടരുമെന്നും സി.ബി.ആർ.ഇ റിപ്പോർട്ട് പറയുന്നു. 
 

Latest News