കൊച്ചി- നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം വഴിത്തിരിവിലെത്തിയതോടെ അന്വേഷണ സംഘത്തിന്റെ തലവനായ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ സ്ഥലം മാറ്റുന്നു. സ്വമേധയാ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകാനാണ് സുമിത് കുമാറിന് മേൽസമ്മർദം മുറുകിയിരിക്കുന്നത്. ഇതിന് അദ്ദേഹം തയ്യാറായില്ലെങ്കിൽ സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന.
സ്വർണക്കടത്തിന് പിന്നിലെ സംഘപരിവാർ ബന്ധങ്ങളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് അന്വേഷണ സംഘത്തലവൻ തന്നെ സ്ഥലം മാറ്റ ഭീഷണിയിലായിരിക്കുന്നത്. നേരത്തെ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ജോയിന്റ് കമ്മീഷണർ അനീഷ് രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. സുമിത് കുമാറിനെ വരുതിയിലാക്കാൻ ഉന്നതങ്ങളിൽ നിന്ന് പലതരം സമ്മർദങ്ങളുണ്ടായെങ്കിലും അന്വേഷണം സത്യസന്ധമായി തന്നെ നടത്തുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു.
നയതന്ത്രബാഗേജിലൂടെയുള്ള സ്വർണക്കടത്ത് പിടികൂടിയത് തന്നെ സുമിത് കുമാർ സ്വീകരിച്ച കർക്കശ നിലപാട് മൂലമാണ്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ബാഗേജ് തുറന്നു പരിശോധിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന് നിർദേശം നൽകിയത് സുമിത് കുമാറായിരുന്നു. നയതന്ത്ര ബാഗേജ് തുറന്നു പരിശോധിക്കാൻ കസ്റ്റംസിന് അധികാരമില്ലാത്തതിനാൽ ബാജേഗ് വിട്ടുകൊടുക്കാൻ മുകളിൽ നിന്ന് വലിയ സമ്മർദങ്ങൾ സുമിത്കുമാറിന് മേൽ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജ് വിട്ടുകൊടുക്കാൻ സന്നദ്ധരായിരുന്നുവെങ്കിലും സുമിത്കുമാർ കടുകിട വ്യതിചലിക്കാതിരുന്നതാണ് നയതന്ത്ര സ്വർണക്കടത്ത് പിടിക്കപ്പെടാൻ ഇടയാക്കിയത്. അന്ന് മുതലേ സുമിത്കുമാർ ഉന്നതങ്ങളുടെ നോട്ടപ്പുള്ളിയാണ്.
സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലം മാറ്റം നൽകാൻ മുകളിൽ നിന്ന് ഉത്തരവ് വന്നെങ്കിലും സുമിത്കുമാർ ശക്തമായി വിയോജിച്ചതോടെ അത് നടപ്പാക്കാൻ കഴിയാതെ വന്നു. അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വരെ ലഭിച്ച മികച്ച ഉദ്യോഗസ്ഥനായ അനീഷ് രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതിൽ സുമിത്കുമാർ അമർഷത്തിലായിരുന്നു.
ഒടുവിൽ സംഘപരിവാർ ചാനലിന്റെ എഡിറ്ററായ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സുമിത്കുമാറിനെ സ്ഥലം മാറ്റാനുള്ള ചരടുവലകൾ ഊർജിതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം അനിൽ നമ്പ്യാർ കസ്റ്റംസ് നിരീക്ഷണത്തിൽ എറണാകുളത്ത് കഴിയുകയാണ്. അടുത്ത ദിവസം അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും. അനിൽ നമ്പ്യാർ കേസിൽ പ്രതിയോ സാക്ഷിയോ ആകുമെന്ന് ഉറപ്പാണ്. അനിൽ നമ്പ്യാരിലൂടെ അന്വേഷണം മുന്നോട്ടു പോയാൽ അത് എത്തിനിൽക്കുക കേന്ദ്ര മന്ത്രി അടക്കമുള്ള ബി ജെ പി നേതാക്കളിലേക്കായിരിക്കുമെന്നതാണ് സംഘപരിവാർ ക്യാമ്പിനെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. ഈ അങ്കലാപ്പിന്റെ ഉദാഹരണമാണ് സുമിത് കുമാറിനെ സ്ഥലം മാറ്റാനുള്ള ശ്രമങ്ങൾ. സത്യസന്ധതക്ക് പേരെടുത്ത സുമിത്കുമാർ ടൈംസ് ഓഫ് ഇന്ത്യയിൽ മാധ്യമ പ്രവർത്തകനായി ഏറെ നാൾ പ്രവർത്തിച്ച ശേഷം സിവിൽ സർവീസിൽ വന്നയാളാണ്.