നജ്‌റാൻ- ഗർഭിണിയായ സൗദി നഴ്‌സ് റീനാദ് ആലുമുഖ്‌ലസ് കൊറോണ പിടിപെട്ട് മരണപ്പെട്ടു. ഒരു മാസത്തിലേറെ കാലം ചികിത്സയിൽ കഴിഞ്ഞ് വെള്ളിയാഴ്ചയാണ് റീനാദ് മരണത്തിന് കീഴടങ്ങിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് റീനാദിന് കൊറോണ ബാധിച്ചത്.
നജ്‌റാൻ ജനറൽ ആശുപത്രിയിൽ സർജറി, ഇന്റേണൽ മെഡിസിൻ വിഭാഗം നഴ്‌സിംഗ് സെക്ഷൻ മേധാവിയായി സേവനമനുഷ്ഠിച്ചുവെന്ന റീനാദ് ആലുമുഖ്‌ലസ് സിസേറിയൻ ശസ്ത്രക്രിയയിലൂടെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
ഏഴു മാസം ഗർഭിണിയായ റീനാദിനെ കൊറോണബാധ സ്ഥിരീകരച്ചതിനെ തുടർന്ന് ന്യൂ നജ്‌റാൻ ആശുപത്രിയിൽനിന്ന് കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് നീക്കിയാണ് സിസേറിയൻ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. 17 വർഷം മെഡിക്കൽ മേഖലയിൽ സേവനമനുഷ്ഠിച്ച ഇവർ ദക്ഷിണ അതിർത്തിയിൽ പ്രവർത്തിക്കുകയും നിരവധി നഴ്‌സുമാർക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. സ്തുത്യർഹമായ സേവനത്തിന് ഏതാനും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.