റിയാദ്- ഇന്നു വിദ്യാലയവർഷം ആരംഭിക്കുമ്പോൾ വിർച്വൽ ക്ലാസ്സുകൾക്കായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിരിക്കുന്നത് സമാനതയില്ലാത്ത ക്രമീകരണങ്ങൾ. വിർച്വൽ രീതിയിലുള്ള പഠന പ്രക്രിയ ഉറപ്പുവരുത്തുന്നതിന് ഇന്റർനെറ്റ് ലഭ്യമാക്കിയും ഗുണഭോക്താക്കളുടെ പ്രവേശന പ്രക്രിയ സുഗമമാക്കുന്നതിനും ഈ ദൗത്യത്തിലെ ഉത്തരവാദിത്തങ്ങൾ കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയവുമായും സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായും വിദ്യാഭ്യാസ മന്ത്രാലയം സമന്വയിപ്പിച്ചു.
ഓഫീസ് 365 പോലുള്ള പ്രോഗ്രാമുകളും സേവനങ്ങളും ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നതിന് മൈക്രോസോഫ്റ്റ് കമ്പനിയുമായും വിദ്യാഭ്യാസ മന്ത്രാലയം പങ്കാളിത്ത കരാർ ഒപ്പുവെച്ചിട്ടുണ്ട്. 'മദ്‌റസതീ' പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ദേശീയ ഗാനം ശ്രവിച്ചും ലഘുവ്യായാമങ്ങൾ ചെയ്തും ടൈംടേബിൾ പരിശോധിച്ചുമാണ് വിദ്യാർഥികളുടെ ഓരോ ദിവസത്തെയും പഠനയാത്ര ആരംഭിക്കുക. ഇതിനു ശേഷം അധ്യാപകനൊപ്പം വിർച്വൽ ക്ലാസിൽ പ്രവേശിക്കുന്ന വിദ്യാർഥിക്ക് വിശദീകരണ പ്രക്രിയക്കും അസൈൻമെന്റുകൾ തയാറാക്കുന്നതിനും ടെസ്റ്റുകൾക്കുമിടെ അധ്യാപകനുമായി സംവദിക്കാൻ സാധിക്കും. വീഡിയോകളുടെയും വൈവിധ്യമാർന്ന ചോദ്യങ്ങളുടെയും പരമ്പരയിലൂടെ വിദ്യാർഥിയുടെ അറിവും നൈപുണ്യവും സമ്പന്നമാക്കാൻ ഡിജിറ്റൽ ഉള്ളടക്കം ഉപയോഗിക്കുകയും ചെയ്യും.
'മദ്‌റസതീ' പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് അഭിമുഖീകരിക്കുന്ന ഏതു സാങ്കേതിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കുമുള്ള സാങ്കേതിക പിന്തുണ നൽകുന്ന ആദ്യ കേന്ദ്രങ്ങളെന്നോണം സ്‌കൂളുകൾ പ്രവർത്തിക്കും. കൂടാതെ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുമ്പോൾ വിദ്യാർഥികൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണകൾ നൽകുന്നതിൽ അധ്യാപകരും പങ്കാളിത്തം വഹിക്കും. വിർച്വൽ ക്ലാസുകൾക്ക് വീടുകൾക്കകത്ത് അനുയോജ്യമായ സാഹചര്യം ഒരുക്കി വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും പ്ലാറ്റ്‌ഫോം വഴിയുള്ള പഠനം നിരീക്ഷിക്കുന്നതിലും കുടുംബങ്ങൾക്കും രക്ഷകർത്താക്കൾക്കും പ്രധാന പങ്കുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
കൊറോണ വ്യാപനം തടയാൻ ശ്രമിച്ച് മാർച്ച് ഒമ്പതിനാണ് സൗദിയിൽ സ്‌കൂളുകൾ അടച്ചത്. ഇതിനു ശേഷം ഓലൈൻ ക്ലാസുകൾ തുടരുകയും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖിന്റെ തീരുമാന പ്രകാരം മുഴുവൻ വിദ്യാർഥികൾക്കും തൊട്ടടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തിരുന്നു.
പുതിയ അധ്യയന വർഷാരംഭത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സൗദിയിലെ വിവിധ പ്രവിശ്യകളിലെ 24,000 ലേറെ സ്‌കൂളുകളിലും 291 വിദ്യാഭ്യാസ ഓഫീസുകളിലും ഒരു ലക്ഷത്തിലേറെ അനധ്യാപക ജീവനക്കാർക്ക് രണ്ടാഴ്ച മുമ്പ് ഡ്യൂട്ടി പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ 5,20,000 ലേറെ അധ്യാപകരും സ്‌കൂളുകളിൽ തിരിച്ചെത്തിയിരുന്നു.






