കണ്ണൂർ - ആർ.എസ്.എസിന്റെ ആസൂത്രിത അക്രമപരമ്പരകൾക്കെതിരെ ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ സി.പി.എം നേതൃത്വത്തിൽ പാനൂർ ഏരിയയിൽ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം ആചരിക്കും. അക്രമമല്ല, സമാധാനമാണ് നാട്ടിനാവശ്യം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാനൂർ മേഖലയിൽ സംഘപരിവാർ സംഘം, വ്യാപകമായി അക്രമങ്ങൾ അഴിച്ചു വിടുകയാണ്. ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്ന ഒ.കെ.വാസുമാസ്റ്റർ അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണം. ഇക്കഴിഞ്ഞ 23 നു രാത്രി വീട്ടിലേക്കു പോവുകയായിരുന്ന മലബാർ ദേവസ്വം ബോർഡ് ചെയർമാൻ കൂടിയായ വാസു മാസ്റ്ററെ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ആർ.എസ്.എസ് ക്രിമിനൽ സംഘം ആസൂത്രണം ചെയ്യുകയും ഈ സമയത്ത് അവിടെയുണ്ടായിരുന്ന സി.പി.എം പ്രവർത്തകരായ സുരേന്ദ്രൻ, ബാലൻ എന്നിവരെ മർദ്ദിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. 2014 ൽ വാസുമാസ്റ്ററെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച അതേ സംഘം തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിനെ ലക്ഷ്യമിട്ടു ആക്രമണം നടത്താൻ ശ്രമിക്കുന്നത്. ബി.ജെ.പിയിൽ ഉണ്ടായിരുന്ന സമയത്ത്, 2009 ലും, 2012 ലും വാസു മാസ്റ്റർക്കെതിരെ ആക്രമണം നടന്നിരുന്നു. പൊയിലൂർ മഠപ്പുര ഉത്സവ സമയത്തായിരുന്നു ആക്രമണം. അന്ന് 15000 പേർക്കായി തയ്യാറാക്കിയ സദ്യയും ഇതേ സംഘം നശിപ്പിച്ചിരുന്നു. വാസുമാസ്റ്റർ സി.പി.എമ്മിൽ ചേർന്നതോടെ ഈ സംഘത്തിന്റെ വൈരാഗ്യം വർദ്ധിച്ചു.
പൊയിലൂർ മഠപ്പുരയിലെ ഭണ്ഡാരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആർ.എസ്.എസ് സംഘം കടത്തിക്കൊണ്ടുപോയിരുന്നു. ഈ ക്ഷേത്രത്തിൽ ലഭിക്കുന്ന വരുമാനം കൈയ്യടക്കാനുള്ള ശ്രമം ആർ.എസ്.എസ് സംഘം നടത്തിയതിനെത്തുടർന്ന് ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കാനുള്ള ശ്രമം വാസു മാസ്റ്റർ നടത്തിയിരുന്നു. ഇതിനു പുറമെ, ആർ.എസ്.എസ് പ്രവർത്തകനായ ചാത്തുവിന്റെ സ്ഥലം കൈയ്യേറി ക്വാറി മാഫിയക്കു ക്വാറി നടത്താൻ ആർ.എസ്.എസ് സംഘം വിട്ടു കൊടുത്തത് വ്യാപക പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകനായ ക്വാറി മുതലാളിക്കാണ് സ്ഥലം വിട്ടു കൊടുത്തത്. ഇതിൽ പ്രതിഷേധിച്ച് ഏതാനും ആർ.എസ്.എസ് പ്രവർത്തകർ പാർട്ടി വിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ സി.പി.എം പ്രവർത്തകരായ കുമാരൻ, ബാലൻ, ചന്ദ്രൻ, വിജയൻ, കോൺഗ്രസ് പ്രവർത്തകനായ പവിത്രൻ, എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ആർ.എസ്.എസ് സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഈ കോവിഡ് കാലത്ത് ആരും അക്രമത്തെ അനുകൂലിക്കില്ല. എന്നാൽ സംഘപരിവാർ സംഘങ്ങൾക്കു ഇതൊന്നും പരിഗണന വിഷയമല്ല. ഇതിൽ പ്രതിഷേധിച്ചാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരം കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. നേതാക്കളായ പി.ഹരീന്ദ്രൻ, കെ.ഇ.കുഞ്ഞഹമ്മദ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.






