Sorry, you need to enable JavaScript to visit this website.

ഉത്ര വധക്കേസ് അന്വേഷണം ഇനി ഐ.പി.എസുകാര്‍ പഠിക്കും

കൊല്ലം- കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസ് അന്വേഷണ റിപ്പോര്‍ട്ട് ഐ.പി.എസുകാര്‍ക്ക് ഇനി പാഠ്യവിഷയം.  കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇംഗ്ലിഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനല്‍ പോലീസ് അക്കാദമിക്ക് കൈമാറാന്‍ തീരുമാനിച്ചു.
ഒട്ടധികം അപൂര്‍വതകളുള്ള ഈ കേസ്ിലെ അന്വേഷണവും സവിശേഷ സ്വഭാവമുള്ളതായിരുന്നു. പാമ്പിനെ ആയുധമാക്കി നടത്തിയ അപൂര്‍വ കൊലപാതകം എന്ന നിലയില്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കേസാണിത്. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയ രീതിയും അന്വേഷണ വഴികളും ഡിജിറ്റൈസ് ചെയ്യുന്നതിനു തുടക്കമായി.

ഹൈദരാബാദിലെ ഐ.പി.എസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയില്‍ കേസ് ഡയറി സൂക്ഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറും പങ്കെടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് വിവരങ്ങള്‍ കൈമാറി. ഐ.പി.എസ് ട്രെയിനികളാണ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. ഭാഷാമാറ്റം നടത്താന്‍ വിദഗ്ധരെയും നിയോഗിച്ചു. രണ്ടായിരത്തിലേറെ പേജുകള്‍ ഉള്ള കുറ്റപത്രമാണ് ഉത്ര വധക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയെന്നാണ്  കേസ്.
ഉത്രയെ കടിച്ച പാമ്പിനെത്തന്നെയാണോ അടിച്ചുകൊന്ന് കുഴിച്ചിട്ടത് എന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ്, പാമ്പിന് ജനലിലൂടെ ഇഴഞ്ഞു വന്ന് കടിക്കാനാകുമോ എന്ന കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണം തുടങ്ങി ഒട്ടേറെ സവിശേഷമായ അന്വേഷണ രീതികള്‍ ഈ കേസിനുണ്ട്.

 

Latest News