ജയ്പൂര്‍- വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ കാമുകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അബോധാവസ്ഥയിലായ ഗായിക രേണു നഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണി ടി.വിയുടെ റിയാലിറ്റി ഷോ ഇന്ത്യന്‍ ഐഡല്‍ സീസണ്‍ 10 ലെ മത്സരാര്‍ത്ഥിയായ ഗായികയെ രാജസ്ഥാനിലെ അല്‍വാറിലുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഗായികയായ രേണുവും കാമുകന്‍ രവിശങ്കറും ജൂണില്‍ രാജസ്ഥാനിലെ അല്‍വാറിലുള്ള വീടുകളില്‍നിന്ന് ഒളിച്ചോടിയിരുന്നു. രേണുവിന്റെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.
അഞ്ച് ദിവസം മുമ്പാണ് രേണുവിന്റെയും രവിയുടെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ രവി തന്റെ വീട്ടില്‍വെച്ച് വിഷം കഴിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു.
രവിയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ രേണു നഗര്‍ തളര്‍ന്നുവീണ് അബോധാവസ്ഥയിലായി. മാതാപിതാക്കള്‍ മിത്തല്‍ ആശുപത്രിയിലെത്തിച്ച രേണു നിലവില്‍ ഐ.സി.യുവിലാണ്. രവിയുടെ മരണശേഷം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശുപത്രിക്ക് പുറത്ത് ബഹളണ്ടാക്കിയിരുന്നു.രേണു കാരണമാണ് രവി മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബഹളം. രേണുവിന്റെ പിതാവും ആശുപത്രി അധികൃതരും ഗൂഡാലോചന നടത്തി രവിയെ കൊന്നതാണെന്ന് സഹോദരന്‍ ആരോപിച്ചു.






