വാഷിംഗ്ടണ്‍- അമേരിക്കയില്‍നിന്ന് സുപ്രധാന സോഫ്റ്റ് വെയര്‍ ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന സംശയത്തില്‍ ചൈനീസ് ഗവേഷകന്‍ അറസ്റ്റിലായി.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനും 29 കാരനുമായ ഗുവാന്‍ ലീയാണ് പിടിയിലായത്. ഇയാള്‍ കേടായ ഒരു ഹാര്‍ഡ് ഡ്രൈവ് താമസസ്ഥലത്തിനു പുറത്തെ മാലിന്യ കൊട്ടയില്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റിലായതെന്ന് യു.എസ്. കോടതിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രധാന സോഫ്റ്റ് വെയറോ സാങ്കേതിക ഡാറ്റകളോ ചൈനയുടെ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന ആരോപണം ഗുവാന്‍ നേരിടേണ്ടിവരും.
വിസാ അപേക്ഷയില്‍ ചൈനീസ് സൈന്യവുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നില്ലെന്നും പറയുന്നു. ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും യു.എസ് നീതിന്യായ വകുപ്പ് പറഞ്ഞു. എന്നാല്‍ അന്വേഷണം ആരംഭിച്ചത് എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.