Sorry, you need to enable JavaScript to visit this website.

ചൈനയിലെ വുഹാനില്‍ എല്ലാ സ്‌കൂളുകളും ചൊവ്വാഴ്ച തുറക്കും

ഷാങ്ഹായി- ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെടുകയും ഏറ്റവും കൂടുതല്‍ ബാധിക്കുകയും ചെയ്ത വുഹാനില്‍ എല്ലാ സ്‌കൂളുകളും കിന്റര്‍ഗാര്‍ടനുകളും ചൊവ്വാഴ്ച തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നഗരത്തില്‍ 2842 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 14 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. വുഹാന്‍ യൂനിവേഴ്‌സിറ്റി കഴിഞ്ഞ തിങ്കളാഴ്ച തുറന്നിരുന്നു.

വീണ്ടും അപകടഭീഷണി ഉയര്‍ന്നാല്‍ ഓണ്‍ലൈന്‍ പഠനത്തിലേക്കു മാറാന്‍ എമര്‍ജന്‍സി പദ്ധതി സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു. പൊതുഗതാഗതം ഒഴിവാക്കണമെന്നും സ്‌കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും മാസ്‌ക് ധരിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദേശം.

സ്‌കൂളുകള്‍ അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കുകയും എല്ലാ ദിവസവും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം. വീണ്ടും വൈറസ് വെല്ലുവിളി ഉണ്ടായാല്‍ നേരിടുന്നതിനുള്ള പരിശീലനം നല്‍കണമെന്നും സ്‌കൂളുകളില്‍ രോഗ നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളുകളില്‍നിന്ന് അറിയിപ്പ് ലഭിക്കാത്ത വിദേശ വിദ്യാര്‍ഥികളേയും അധ്യാപകരേയും മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പ്രാദേശിക അധികൃതര്‍ പറഞ്ഞു.

 

Latest News