Sorry, you need to enable JavaScript to visit this website.

ഈജിപ്തില്‍ ബ്രദര്‍ഹുഡ് ആക്ടിംഗ് നേതാവ് അറസ്റ്റില്‍

കയ്‌റോ- മുസ്ലിം ബ്രദര്‍ഹുഡ് ആക്ടിംഗ് നേതാവ് മഹ്മൂദ് ഇസ്സത്തിനെ അറസ്റ്റ് ചെയ്തതായി ഈജിപ്ത് അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ കയ്‌റോവില്‍ ഇദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റ്.


ഏഴുവര്‍ഷം മുമ്പ് അധികാരത്തില്‍നിന്ന് സൈന്യം പുറത്താക്കിയ ഈജിപ്തിലെ ഏറ്റവും വലിയ ഇസ്്‌ലാമിക പ്രസ്ഥാനത്തിന് ഏറ്റവും ഒടുവിലത്തെ ആഘാതമാണ് ആക്ടിംഗ് നേതാവിന്റെ അറസ്റ്റ്.
ബ്രദര്‍ഹുഡ് നേതാവായിരുന്ന മുഹമ്മദ് ബദീഇനെ 2013 ഓഗ്‌സറ്റില്‍ അറസ്റ്റ് ചെയ്തതിനു ശേഷമാണ് ഡെപ്യൂട്ടി നേതാവായിരുന്ന ഇസ്സത്ത് ഇടക്കാല നേതാവായി  ചുമതലയേറ്റത്. കയ്‌റോയിലെ ഫിഫ്ത് സെറ്റില്‍മെന്റ് ഡിസ്ട്രിക്ടിലെ ഒളി കേന്ദ്രത്തില്‍നിന്നാണ്  അറസ്റ്റ് ചെയ്തതെന്നും ഭീകരസംഘടനക്ക് നേതൃത്വം നല്‍കിയിരുന്ന ഇസ്സത്ത് അനധികൃത ഫണ്ട് സ്വീകരിച്ചിരുന്നുവെന്നും ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


ആശയവിനിമയത്തിനു ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റഡ് ഉപകരണം പിടിച്ചെടുത്തതായും ഇസ്സത്ത് നിരവധി കൊലപാതകങ്ങളില്‍ പ്രതിയാണെന്ന് സംശയിക്കുന്നതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഭീകരത പ്രോത്സാഹിപ്പിക്കുകയാണെന്ന ഈജിപ്ത് അധികൃതരുടെ വാദം ബ്രദര്‍ഹുഡ് ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു.

 

Latest News