Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലത്തായി: പത്മരാജൻ രക്ഷപ്പെട്ടാൽ ഉത്തരവാദി പിണറായി -വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

കണ്ണൂർ- പാലത്തായിയിൽ ബാലികയെ ക്രൂരമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷിച്ചെടുക്കാൻ പോലീസ് നടത്തുന്ന വൃത്തികെട്ട കളികളാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മറനീക്കി പുറത്തു വന്നതെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്. 
ഇപ്പോൾ 11 വയസ്സ് മാത്രമുള്ള കുഞ്ഞ് കളവ് പറഞ്ഞെന്നും പീഡനം പെൺകുട്ടിയുടെ ഭാവന മാത്രമാണെന്നും കേസ് മുഴുവനായി കെട്ടിച്ചമച്ചതാണെന്നും ലജ്ജയില്ലാതെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിലൂടെ പിണറായിയുടെ പോലീസ് ബി.ജെ.പി നേതാവിനൊപ്പം തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്. പത്മരാജൻ കേസിൽനിന്ന് രക്ഷപ്പെടാൻ ഇടയായാൽ ആഭ്യന്തര മന്ത്രി പിണറായി വിജയൻ മാത്രമാകും അതിന്റെ ഉത്തരവാദിയെന്ന് അവർ പറഞ്ഞു. 


മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടറും അന്നത്തെ തലശ്ശേരി ഡിവൈ.എസ്.പി. വേണുഗോപാലും കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കേസാണിത്. 
കേസിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലെ പാളിച്ചകളെ രൂക്ഷമായി വിമർശിച്ച കോടതി പക്ഷെ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ജാമ്യത്തിന്റെ നിയമസാധുത മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നുമാണ് പറഞ്ഞിരിക്കുന്നത്. 


കേസ് അന്വേഷണഘട്ടത്തിൽ പെൺകുട്ടിക്കെതിരെ അങ്ങേയറ്റം മോശമായി പരസ്യപ്രസ്താവന നടത്തിയ ഐ.ജി ശ്രീജിത്തിനെതിരെ ഒരക്ഷരം മിണ്ടാത്ത ആഭ്യന്തരമന്ത്രി പിണറായി വിജയൻ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിലനിർത്തിയത് പ്രതിയായ ബി.ജെ.പി നേതാവിനെ സംരക്ഷിക്കാനല്ലാതെ മറ്റെന്തിനാണ്? 
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയും വിമൻസ് ജസ്റ്റിസ് ഉൾപ്പടെ നിരവധി സംഘടനകളും വ്യക്തികളും നൽകിയ പരാതികളും ചവറ്റുകൊട്ടയിൽ ഇട്ട പിണറായി വിജയൻ കേസിൽ രണ്ടഭിപ്രായം ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ബി.ജെ.പി നേതാവിനെ സംരക്ഷിക്കാനുള്ള വ്യഗ്രത ബോധ്യപ്പെട്ടതാണ്. ആരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആ പ്രസ്താവന നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു. 


ഇപ്പോൾ ആ കുഞ്ഞുമോൾ കളവ് പറയുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത് ആരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. പരിഷ്‌കൃത സമൂഹത്തിന്റെ മുന്നിൽ പറയാൻ പറ്റാത്തത്ര അറപ്പുളവാക്കുന്ന ചോദ്യങ്ങൾ ആ കുഞ്ഞു മോളോട് നിരന്തരം ചോദിച്ച 'കൗൺസിലർ' മാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ അതോ കേസന്വേഷണം പൂർത്തിയാകും മുമ്പ് പീഡിപ്പിക്കപ്പെട്ട കുഞ്ഞിനെ സമൂഹമധ്യേ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പോലീസ് സേനക്ക് തന്നെ അപമാനമായ ഐ.ജി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോയെന്ന് വ്യക്തമാക്കണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു. 
പെൺകുട്ടിക്ക് നീതി ലഭിക്കുംവരെ പോരാട്ടത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ഉറച്ചുനിൽക്കുമെന്നും അവർ വ്യക്തമാക്കി. 

Latest News