Sorry, you need to enable JavaScript to visit this website.

പാലത്തായി പീഡനക്കേസിൽ തെളിവില്ലെന്ന്  ആവർത്തിച്ച് അന്വേഷണ സംഘം കോടതിയിൽ

തലശ്ശേരി- ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഡന കേസിലെ ഇരയായ പെൺകുട്ടി കളവ് പറയുകയാന്നെന്ന വാദവുമായി അന്വേഷണ സംഘം കോടതിയിൽ. കുട്ടിയുടെ മൊഴി സത്യമല്ലെന്ന റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയത്. അതേസമയം അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷൻ കമ്മിറ്റിയും നൽകിയ ഹരജി പരിഗണിക്കവെയാണ് ക്രൈംബ്രാഞ്ച് ഈ നിലപാട് സ്വീകരിച്ചത്. ജാമ്യം റദ്ദാക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചു. നേരത്തേ ലോക്കൽ പോലീസ് ചുമത്തിയ പോക്‌സോ ഒഴിവാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്നാണ് പോലീസ് നിലപാട് സ്വീകരിക്കുന്നത്. 


പെൺകുട്ടി പല കാര്യങ്ങളും  മെനഞ്ഞെടുത്ത് പറയുന്ന സ്വഭാവക്കാരിയാണെന്നും പീഡന പരാതിയിലെ കാര്യങ്ങൾ ഭാവന മാത്രമാണെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ വാദം തള്ളിയ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി പ്രതി ജാമ്യത്തിന് അർഹനാണെന്ന് വാദിച്ചു. 

കേസ് വിശദമായി പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോൾ ഇത്ര ദുർബലമായി അന്വേഷണം നടന്ന കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ജാമ്യം നൽകിയതിന്റെ നിയമസാധുത മാത്രമാണ് പരിശോധിക്കുന്നത് എന്നും ജഡ്ജ് വ്യക്തമാക്കി. 


കേസ് അന്വേഷണം 90 ദിവസം പിന്നിടുന്ന ഘട്ടത്തിൽ പോക്‌സോ വകുപ്പ് ഒഴിവാക്കിയായിരുന്നു ക്രൈംബ്രാഞ്ച് തലശേരി കോടതിയിൽ ആദ്യ കുറ്റപത്രം നൽകിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമായിരുന്നു കുറ്റപത്രം. നിലവിലെ അന്വേഷണത്തിൽ പ്രതിക്കെതിരെ പോക്‌സോ ചുമത്താനുള്ള തെളിവ് ലഭിച്ചില്ലെന്നും, രണ്ടാമത്തെ കുറ്റപത്രം പിന്നീട് സമർപ്പിക്കുമെന്നും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സി.ഐ. മധുസൂതനൻ നായർ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ പത്മരാജന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതു വിവാദമാകുകയും, രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധമുയർത്തി രംഗത്തു വരികയും ചെയ്തിരുന്നു. ഇതിനിടയിൽ കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഐ.ജി. എസ്. ശ്രീജിത്ത് കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് അക്കമിട്ട് നിരത്തി ഒരാളോട് സംസാരിക്കുന്നത് പുറത്തായതോടെ പ്രശ്‌നം കൂടുതൽ വഷളായി. ഇതോടെ സമ്മർദ്ധത്തിലായ സർക്കാർ ഒരു വനിതാ ഐ.പി.എസ് സംഘത്തെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലികരിച്ചു. കാസർകോട് എസ്.പി. ശില്പ, എ.സി.പി. റീഷ്മ രമേശ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിലുണ്ടായിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും കേസ് അനേഷണത്തിൽ പത്മരാജനെതിരെ ഒരു തെളിവും ലഭിച്ചില്ലെന്ന വന്നതോടെയാണ് കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനത്തിലെത്തിയതെന്ന് അറിയുന്നു. ഇതോടെ പാലത്തായി പീഡനം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകും എന്നുറപ്പാണ്.

 

മാർച്ച്  17 ന് തലശ്ശേരി ഡിവൈ.എസ്.പിക്ക് കുട്ടി നൽകിയ പരാതിയിലാണ് അധ്യാപകനായ പത്മരാജനെതിരെ പാനൂർ പോലീസ് കേസെടുത്തത്. പാനൂർ സി.ഐ.ടി.പി. ശ്രീജിത്തായിരുന്നു തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. കുട്ടി പീഡനവിവരം വെളിപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകിയ കേസിൽ പോക്‌സോ വകുപ്പ് ചേർത്തിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമല്ല എന്ന മുറവിളി ഉയർന്നതോടെ ടി.പി. ശ്രീജിത്തിനെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റുകയും, ക്രൈംബ്രാഞ്ചിനെ കേസ് ഏൽപിക്കുകയുമായിരുന്നു. കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന ആക്ഷേപമാണ് ടി.പി. ശ്രീജിത്ത് തുടക്കത്തിൽ മനസ്സിലാക്കിയത്. ഇതോടെയാണ് രാഷ്ട്രീയ സമ്മർദ്ധത്താൽ സ്ഥലം മാറ്റവും ഈ ഉദ്യോഗസ്ഥന് ലഭിച്ചത്. എന്തായാലും പാലത്തായി കേസിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായി മെഡിക്കൽ റിപ്പോർട്ട് അടക്കമുണ്ട്. കേസിലെ ദുരൂഹത അന്വേഷിക്കേണ്ടതും കണ്ടത്തേണ്ടതും സർക്കാറിന്റെ ബാധ്യതയായി മാറിയിരിക്കുകയാണ്.

Latest News