Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത് കേസിൽ ബി.ജെ.പി പ്രതിരോധത്തിൽ

തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. സ്വർണം പിടിക്കപ്പെട്ട ദിവസം അനിൽ നമ്പ്യാർ വിളിച്ചെന്നും സ്വർണം വന്നത് നയതന്ത്ര ബാഗിലല്ലെന്ന പ്രസ്താവന പുറത്തിറക്കാൻ കോൺസൽ ജനറലിനോട് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്നും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

അറ്റ്ലസ് രാമചന്ദ്രൻ ദുബായിലെ ജയിലിലായ സമയത്താണ് അനിൽ നമ്പ്യാരെ പരിചയപ്പെടുന്നത്. വഞ്ചനക്കുറ്റം നിലനിൽക്കുന്നതിനാൽ അഭിമുഖം എടുക്കാനായി അദ്ദേഹത്തിന് യു.എ.ഇയിലേക്ക് പോകാൻ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിൽ അനിൽ നമ്പ്യാർ സരിത്തിനെ വിളിച്ച് കാര്യം പറഞ്ഞു. സരിത്ത് ഈ കാര്യം പറഞ്ഞപ്പോൾ വിഷയം താൻ കോൺസൽ ജനറലിന്റെ മുന്നിലെത്തിച്ചു. അന്ന് കോൺസൽ ജനറലാണ് ഒരു പ്രശ്‌നവുമില്ലാതെ നോക്കിയതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. 

അന്ന് ചെയ്ത സഹായത്തിന്റെ പ്രത്യുപകാരമായി 2018 ൽ താജ്‌ഹോട്ടലിൽ അനിൽ നമ്പ്യാർ തനിക്ക് അത്താഴ വിരുന്ന് നൽകിയെന്നും, ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്‌ന മൊഴി നൽകി. ഇന്ത്യയിലെ യു.എ.ഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയുകയും, ബി.ജെ.പിക്ക് കോൺസുലേറ്റിന്റെ പിന്തുണ ലഭിക്കാൻ സഹായം തേടുകയും ചെയ്തുവെന്ന് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

തന്റെ സുഹൃത്തിന്റെ സ്ഥാപനമായ നവീൻ ടൈൽസിന്റെ ഉദ്ഘാടനത്തിന് കോൺസൽ ജനറലിനെ കൊണ്ടുവരാൻ പറ്റുമോയെന്നു അനിൽ നമ്പ്യാർ ചോദിച്ചിരുന്നെന്നും, അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പു നൽകിയെന്നും സ്വപ്‌ന പറഞ്ഞു. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷവും അനിൽ നമ്പ്യാർ സൗഹൃദം പുതുക്കുന്നതിന് വേണ്ടി ഇടക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്‌ന ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.

അനിൽ നമ്പ്യാർക്കെതിരായ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ സ്വർണ ക്കടത്തു കേസിൽ ബി.ജെ.പി പ്രതിരോധത്തിലായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നതുവരെ ജനം ടി.വിയുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് മാറിനിൽക്കുന്നെന്ന് അനിൽ നമ്പ്യാരും വ്യക്തമാക്കി. കസ്റ്റംസ് മണിക്കൂറുകൾ ചോദ്യം ചെയ്തതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വി. മുരളീധരൻ പ്രതികൾക്ക് പരോക്ഷ നിർദേശം നൽകുകയായിരുന്നെന്ന് സി.പി.എം ആരോപിച്ചു. 

സ്വർണക്കടത്തു കേസിൽ ശരിയായ അന്വേഷണം നടന്നാൽ പലരുടെയും നെഞ്ചിടിപ്പുകൂടുമെന്ന നിലപാട് ഇപ്പോൾ കൂടുതൽ ശരിയായെന്ന് അവർ പറഞ്ഞു. 

കള്ളക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന നിലപാടാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും തുടക്കം മുതൽ സ്വീകരിച്ചത്. പ്രതികൾക്ക് പരോക്ഷ നിർദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകർപ്പുകൾ. 

ജനം ടി.വിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും സി.പി.എം പ്രതികരിച്ചു. അനിൽ നമ്പ്യാർ പരൽമീനാണെന്നും വമ്പൻ സ്രാവ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിലാണെന്നും ഡി.വൈ.എഫ്.ഐയും ആരോപിച്ചു. 

Latest News