തിരുവനന്തപുരം- കോൺഗ്രസിന്റെ ദേശീയതലത്തിലുണ്ടായ ഭിന്നതയുടെ അലയൊലി കേരളത്തിലേക്കും. കോൺഗ്രസിലെ 23 തലമുതിർന്ന നേതാക്കൾ സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദമാണ് കോൺഗ്രസിലേക്കും പടരുന്നത്. സംസ്ഥാന നേതൃത്വം സോണിയാഗന്ധിക്ക് പിന്തുണ നൽകുമ്പോൾ ഭിന്നസ്വരങ്ങളുമായി ശശി തരൂരിനെപ്പോലുള്ള മുതിർന്ന നേതാക്കൾ രംഗത്ത് വന്നത.് ഇവിടെയും ചേരിതിരിവ് രൂപം കൊള്ളുന്നതിന്റെ സൂചനയാണ് നൽകുന്നത്. മുതിർന്ന നേതാക്കളെ കൂട്ട് പിടിച്ച് യുവനേതാക്കളും താഴേക്കിടയിലുള്ള പ്രവർത്തകരുമെല്ലാം തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനയുമായി എത്തിയതോടെ കെ.പി.സി.സിയും പ്രതിസന്ധിയിലായിരിക്കുകയാണ്.
പിടി. തോമസ്, പി.ജെ. കുര്യൻ, പി.സി. ചാക്കോ തുടങ്ങിയവർ തരൂരിന്റെ നിലപാടിന് അനുകൂലമാണ്. ടി. സിദ്ദിഖ്, കെ.എസ്. ശബരീനാഥ്, വിഡി സതീശൻ തുടങ്ങിയ യുവതുർക്കികളും ശശി തരൂരിനോട് യോജിക്കുന്നു. ഉമ്മൻചാണ്ടി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായ രീതിയിൽ ശശി തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് കെ.പി.സി.സി ഉപാധ്യക്ഷനായ കൊടിക്കുന്നിൽ സുരേഷ് ഇന്നലെ തരൂരിനെ കടന്നാക്രമിച്ചത്. കോൺഗ്രസിൽ ഗസ്റ്റ് ആർട്ടിസ്റ്റിന്റെ റോളിലാണ് ശശിതരൂരെന്നാണ് കൊടുക്കുന്നിൽ സുരേഷ് പരിഹസിച്ചത്. തരൂർ പാർട്ടിക്കുള്ളിൽനിന്ന് പ്രവർത്തിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് തരൂരിനെ പിന്തുണച്ച് പി.ടി. തോമസ് അടക്കമുള്ളവർ എത്തിയിരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് അടക്കമുള്ളവരും ശശി തരൂരിന്റെ ഫോട്ടോയിട്ടാണ് ഇന്നലെ ഫെയ്‌സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു.
കത്തെഴുതിയതിന്റെ പേരിൽ ശശി തരൂർ എം.പിക്കെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് തരൂരിനെ പിന്തുണച്ചും നേതാക്കൾ എത്തിയത്. ഇതരൂർ വിഷയം കോൺഗ്രസിൽ പരസ്യ പോരിന് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തരൂരിനെതിരെ കെ. മുരളീധരൻ എം.പി തുടങ്ങിവച്ച വിമർശനം ഏറ്റെടുത്ത് മറ്റ് നേതാക്കളും എത്തിയതോടെയാണ് തരൂരിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ മറനീക്കി പുറത്തേക്ക് വരുകയാണ്.
ദേശീയ തലത്തിൽ എ.കെ. ആന്റണിയെടുത്തിരിക്കുന്ന നിലപാടിന് ഒപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്നും അതിന്റെ പേരിൽ ശശി തരൂരിനെ ദുർബലപ്പെടുത്താനുള്ള നീക്കം നിർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി പി.ടി. തോമസ് എം.എൽ.എ രംഗത്തെത്തി. പരസ്യ പ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ നിർദേശം അവഗണിച്ചാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തരൂരിനെ പിന്തുണച്ച് പി.ടി. തോമസ് എത്തിയിരിക്കുന്നത്. തരൂരിനെ പോലുള്ള വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നും പി.ടി. തോമസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിശ്വപൗരനെന്ന് പറഞ്ഞ് എന്തും പറയാനാവില്ലെന്നാണ് ഇന്നലെ കൊടിക്കുന്നിൽ സുരേഷ് തിരിച്ചടിച്ചത്.
തരൂർ വിവാദം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിഞ്ഞുമാറി. നേരത്തെ ഏറ്റുമുട്ടിയിട്ടുള്ള കെ. മുരളീധരൻ എം.പിയായിരുന്നു തരൂരിനെതിരേയുള്ള ആദ്യ വെടി പൊട്ടിച്ചത്. അദ്ദേഹം വിശ്വപൗരനും ഞങ്ങളെല്ലാം സാധാരണ പൗരനുമാണെന്നും ആയതിനാൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരൻ പരിഹസിച്ചത്.
കോൺഗ്രസിനെ നശിപ്പിക്കാൻ മോദി ശ്രമിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന് പിന്തുണ നൽകുന്നതിന് പകരം മുതിർന്ന നേതാക്കളുൾപ്പെടെ കത്ത് നൽകിയത് അനവസരത്തിലാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.
എയർപോർട്ട് വിഷയത്തിലും മറ്റും തരൂരിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാമെന്നും എം.പി എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണമെന്ന് ശബരീനാഥൻ എം.എൽ.എ പറഞ്ഞു.