Sorry, you need to enable JavaScript to visit this website.

യു.ഡി.എഫിന്റെ ഐക്യം ഉറപ്പിക്കാൻ  ചെന്നിത്തല പാണക്കാട്ടെത്തി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട് എത്തിയപ്പോൾ.


മലപ്പുറം - വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഐക്യം ഉറപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് എത്തി മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തി. 
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ കുറഞ്ഞത്, ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനെ കൂടെ നിർത്തൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പ്രാഥമിക ചർച്ചകൾ നടത്താനാണ് അദ്ദേഹം പാണക്കാടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കളെ കണ്ടത്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരുമായും ചെന്നിത്തല ചർച്ച നടത്തി.
സെപ്തംബർ മൂന്നിന് നടക്കാനിരിക്കുന്ന യു.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് ചെന്നിത്തലയുടെ പാണക്കാട് സന്ദർശനം. 


ജോസ്.കെ. മാണി വിഭാഗം കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അവർ ഈ നിലപാട് സ്വീകരിച്ചാൽ അത് യു.ഡി.എഫിന് തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ജോസിനെ ഒപ്പം നിർത്തുന്നതിന് മുസ്‌ലിംലീഗ് നേതാക്കളുടെ സജീവ ഇടപെടൽ ഉറപ്പാക്കാൻ കൂടിയാണ് രമേശ് ചെന്നിത്തല പാണക്കാട് തങ്ങളെയും കുഞ്ഞാലികുട്ടിയെയും കണ്ടത്. അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് മുന്നണിയിൽ ആത്മവിശ്വാസം കുറക്കുമെന്ന ആശങ്കയും പ്രതിപക്ഷ നേതാവിനുണ്ട്.


യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും എല്ലാ പാർട്ടികളുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് മികച്ച നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്നും കൂടിക്കാഴ്ചക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നിലപാടുകൾ മുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകില്ല. ഇടതുസർക്കാർ ഏറ്റവും മോശം ഭരണമാണ് നടത്തുന്നത്. യു.ഡി.എഫിന്റെ നയങ്ങൾ അംഗീകരിക്കുന്ന നിലപാടുമായി പാർട്ടികൾ ഒന്നിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെളിവുള്ളതാണ്. സർക്കാർ നിയമനടപടി സ്വീകരിക്കുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വായടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ചൈനയല്ലെന്ന് ഓർക്കുന്നത് നല്ലതാണ്. ചെന്നിത്തല പറഞ്ഞു. 

Latest News