Sorry, you need to enable JavaScript to visit this website.

കത്തുവിവാദം കേരളത്തിലും; തരൂരിനെ പരിഹസിച്ച് കൊടിക്കുന്നില്‍, കോണ്‍ഗ്രസിനുള്ളില്‍ പോര്

തിരുവനന്തപുരം- കോണ്‍ഗ്രസിനുള്ളില്‍ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ എഴുതിയ കത്തിനെ ചൊല്ലിയുള്ള കോലാഹലം കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലും പുകിലായി. കത്തെഴുതിയ നേതാക്കളില്‍ ഒരാളായ ശശി തരൂര്‍ എംപിക്കെതിരെ കൊടിക്കുന്നില്‍ പരിഹാസവുമായി രംഗത്തെത്തിയത് സംസ്ഥാന കോണ്‍ഗ്രസിനുള്ളിലും പുകിലായിരിക്കുകയാണ്. തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണെന്നായിരുന്നു കൊടിക്കുന്നിലിന്റെ പരിഹാസം. തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റായാണ് കോണ്‍ഗ്രസിലേക്ക് വന്നത്. ഇപ്പോഴും ഗസ്റ്റ് ആര്‍ടിസ്റ്റായി തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിയുടെ അതിര്‍വരമ്പില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് മനസ്സിലായിട്ടില്ല, അതുകൊണ്ടാണ് എടുത്തു ചാട്ടം. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.

കെ മുരളീധരന്‍ എംപിയാണ് കഴിഞ്ഞ ദിവസം തരൂരിനെതിരെ വിമര്‍ശനത്തിന് തുടക്കമിട്ടത്.  ഇത് ഏറ്റെടുത്ത് കൊടിക്കുന്നില്‍ അടക്കമുള്ള പല നേതാക്കളും പരസ്യമായി രംഗത്തു വന്നു. ഇതോടെ പരസ്യ പ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയെങ്കിലും പല നേതാക്കളും ഇതു വകവെക്കാതെ പരസ്യമായി നിലപാട് അറിയിച്ചു. തരൂരിനെ പിന്തുണച്ച് യുവനേതാവ് ശബരീനാഥ് എംഎല്‍എയും പിടി തോമസും രംഗത്തെത്തി. ദേശീയ തലത്തില്‍ എ കെ ആന്റണിയുടെ നിലപാടിനൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്നും അതിന്റെ പേരില്‍ ശശി തരൂരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്നും തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. തരൂരിനെ പോലുള്ള വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം കണക്കിലെടുത്താകണമെന്നും അദ്ദേഹം പറഞ്ഞു.

ഭാവി ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും യുവാക്കളുടെ സ്പന്ദനങ്ങളും ദേശീയതയുടെ ശരിയായ നിര്‍വചനവുമെല്ലാം വ്യക്തമായി മനസ്സിലാക്കാന്‍ പൊതുജനത്തിന് കഴിഞ്ഞത് തരൂരിലൂടെയാണെന്നും അദ്ദേഹം വിശ്വപൗരനാണെന്നും ശബരിനാഥന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു. ഡോക്ടര്‍ ശശി തരൂരിന് ഇന്ത്യയുടെ പൊതുസമൂഹത്തിലുള്ള മതിപ്പ് എന്റെ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ലെന്നും ശബരീനാഥന്‍ പറഞ്ഞു.

തരൂര്‍ വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരന്മാരും ആയതിനാല്‍ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലായിരുന്നു കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചത്. തരൂരിന്റെ ഗൂഢാലോചനയാണ് ആ കത്തെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും തരൂരിനെതിരെ തിരിഞ്ഞത്. ഇതിനൊപ്പം ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ കോളിളക്കമുണ്ടാക്കിയ കത്തു വിവാദത്തിലും തരൂര്‍ ഉള്‍പ്പെട്ടതോടെ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. 

തരൂര്‍ വിവാദം കഴിഞ്ഞതാണെന്നും അതിനെകുറിച്ച് പ്രതികരിക്കാനില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നെങ്കിലും പല നേതാക്കളും പരസ്യമായി തരൂരിനെതിരേയും പിന്തുണച്ചും രംഗത്തെത്തിയത് കെപിസിസിക്ക് തലവേദനയായിരിക്കുകയാണ്.

Latest News