Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ മയിലാട്ടങ്ങൾ

പ്രതിഛായ നിർമാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കവച്ചുവെക്കാൻ ഇനി മറ്റൊരാൾ ജനിച്ചിട്ടു വേണം. ഏറ്റവുമൊടുവിൽ അദ്ദേഹം പുറത്തെടുത്തിരിക്കുന്നത് മയിൽ രാഷ്ട്രീയമാണ്. സ്വവസതിയിൽ ധ്യാനഭാവത്തോടെ മയിലുകൾക്ക് തീറ്റ നൽകുന്ന പ്രധാനമന്ത്രി. കൃത്യം ഒരു വർഷം മുമ്പാണ് ബെയർ ഗ്രിൽസിനൊപ്പം അദ്ദേഹം ഡിസ്‌കവറി ചാനലിന് വേണ്ടി വനയാത്ര നടത്തിയത്. എല്ലാ കാലത്തേയും ഏറ്റവും മികച്ച മാർക്കറ്റിംഗ് ഗുരുവാണ് മോഡി. 


ആത്മീയ ഭാവം സ്ഫുരിച്ചുനിൽക്കുന്ന, വിരക്തനായ സന്ന്യാസിയുടെ മുഖഭാവങ്ങളുമായി, ഔദ്യോഗിക വസതിയിൽ മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഈയാഴ്ച ദേശീയ പത്രങ്ങളും ഭാഷാപത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഇതര ജീവജാലങ്ങളോട് മോഡിക്കുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും നിദർശനമായി മോഡി ഭക്തർ ചിത്രത്തെ വാഴ്ത്തിയപ്പോൾ, പ്രധാനമന്ത്രിയുടെ പ്രതിഛായ നിർമാണ സൂത്രങ്ങളെക്കുറിച്ച് മോഡി വിരുദ്ധർ പരിഹസിച്ചു. മയിലുകൾക്ക് പ്രധാനമന്ത്രി സ്വന്തം കൈവെള്ളയിലും പാത്രത്തിലുമൊക്കെയായി തീറ്റ നൽകുന്നതിന്റെ വിവിധ ദൃശ്യങ്ങൾ, തന്റെ സ്വീകരണ മുറിയിലെ അതിഥിയായെത്തിയ മയിലിനോട് മോഡിയുടെ സല്ലാപം, പ്രഭാത നടത്തത്തിനിടെ മോഡിയെ കണ്ട് പീലികൾ വിടർത്തിയാടുന്ന മയിലിന്റെ മനോഹര കാഴ്ച.. ഇതെല്ലാം സംഗീതത്തിന്റെ അകമ്പടിയോടെ ഒരു വീഡിയോ ആക്കി പ്രധാനമന്ത്രി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടത്.


വാർത്താ ഏജൻസിയായ പി.ടി.ഐ, മോഡിയുടെ പരിസ്ഥിതി സ്‌നേഹത്തെക്കുറിച്ച ഒരു ഉപന്യാസ വാർത്തയോടെയാണ് റിപ്പോർട്ടെഴുതിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പരിസ്ഥിതി സംരക്ഷണത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ അവർ വിശദീകരിച്ചു. കഴിഞ്ഞ വർഷം ഡിസ്‌കവറി ചാനലിനായി മോഡി നടത്തിയ വനയാത്രയുടെ കഥ വിവരിച്ചു. വാർത്താവതരണത്തിൽ വേറിട്ട വഴികൾ തേടുന്ന കൊൽക്കത്തയിലെ ദ ടെലിഗ്രാഫ് ദിനപത്രം, മയിൽ ചിത്രങ്ങളുടെ കോംബോക്കൊപ്പം കുറിക്കു കൊള്ളുന്ന പരിഹാസ ശരങ്ങളുതിർത്തു. മോഡിയോടൊപ്പം ഷൂട്ടിംഗിൽ പങ്കെടുത്ത 'മയിലേട്ട'നോട്, നിന്റെ പീലികളൊക്കെ ആര് പറിച്ചെടുത്തു എന്ന് സങ്കടത്തോടെ ചോദിക്കുന്ന പെൺമയിലിന്റെ കാർട്ടൂൺ സോഷ്യൽ മീഡിയയിൽ വൈറലായി. ഹിറ്റ്‌ലർ മാനുകൾക്ക് ഭക്ഷണം കൊടുക്കുന്നതും തോളിൽ പക്ഷിയുമായി നിൽക്കുന്നതുമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് 'മയിൽ രാഷ്ട്രീയ'ത്തിന്റെ യാഥാർഥ്യങ്ങൾ ഗൗരവത്തോടെ നിർധാരണം ചെയ്തു മറ്റു ചിലർ. എല്ലാ ഏകാധിപതികളും മൃഗസ്‌നേഹികളാകുന്നത് എന്തുകൊണ്ട് എന്ന കാതലായ ചോദ്യവും ചിലരുയർത്തി.


കൃത്യം ഒരു വർഷം മുമ്പ് 2019 ഓഗസ്റ്റിലായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ട മോഡിയുടെ വനയാത്ര. ഡിസ്‌കവറി ചാനലിന്റെ 'മാൻ വേഴ്‌സസ് വൈൽഡ്' ഷോയിൽ പ്രശസ്തനായ അവതാരകൻ ബെയർ ഗ്രിൽസിനൊപ്പമാണ് മോഡി പ്രത്യക്ഷപ്പെട്ടത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും വെളിച്ചം വീശാൻ ഇന്ത്യയുടെ ഹരിതാഭമായ കാനനങ്ങളേക്കാൾ മെച്ചപ്പെട്ട മറ്റെന്തുണ്ട് എന്ന ചോദ്യത്തോടെയാണ് പ്രധാനമന്ത്രി ജനങ്ങളെ ഈ ടി.വി ഷോയിലേക്ക് ക്ഷണിച്ചത്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷനൽ പാർക്കിലായിരുന്നു ഷൂട്ടിംഗ്. ദേശീയോദ്യാനത്തിന്റെ  മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ മോഡി ആ എപിസോഡ് തന്റെ കർമ കുശലതയാൽ സജീവമാക്കുക തന്നെ ചെയ്തു. 


കടുവ ആക്രമിക്കാൻ വന്നാൽ രക്ഷപ്പെടാനുള്ള കുന്തം എങ്ങനെയാണ് നിർമിക്കുകയെന്ന് ആ യാത്രയിൽ ഗ്രിൽസ് മോഡിയെ പഠിപ്പിക്കുന്നുണ്ട്. 'നിങ്ങൾ ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. നിങ്ങൾക്ക് അപകടം വരാതെ സൂക്ഷിക്കേണ്ടത് എന്റെ കടമയാണ്' -ഗ്രിൽസ് പറഞ്ഞു. മോഡിയുടെ മറുപടി ഇങ്ങനെയായിരുന്നു: ഒരു ജീവനുമെടുക്കാതിരിക്കാനാണ് എന്നെ വളർത്തിയവർ പഠിപ്പിച്ചത്. നിങ്ങൾ നിർബന്ധിക്കുന്നതുകൊണ്ടാണ് ഈ കുന്തം ഞാൻ പിടിക്കുന്നത്.' മോഡിയുടെ അഹിംസാവാക്യങ്ങൾ രാജ്യം ആഘോഷിക്കുമ്പോൾ കുന്തത്തിൽ കുത്തിയെടുത്ത ഭ്രൂണങ്ങളുടെ നിലവിളി ആരും കേട്ടിരിക്കില്ല.


പ്രതിഛായ നിർമാണത്തിന്റെ (അതോ അപനിർമാണമോ) ഈ സൂത്രവാക്യങ്ങളൊന്നും ഇന്ത്യയിലെ മധ്യവർഗ മനസ്സിന് വ്യക്തമല്ല. അവർ, അഹിംസാവാദിയും പരിസ്ഥിതി സംരക്ഷകനുമായ പ്രധാനമന്ത്രിയിൽ അഭിമാനം കൊള്ളുകയും അദ്ദേഹത്തെ ഹൃദയത്തിലേറ്റുകയും ചെയ്യും. എന്നാൽ ഇന്ത്യയിൽ ഈ മധ്യവർഗത്തിന് മുഴുവൻ ജനതയുടേയും പ്രാതിനിധ്യമില്ലെന്ന് നിരീക്ഷിക്കുന്നുണ്ട് മിഡിൽ ക്ലാസ്, മീഡിയ ആന്റ് മോഡി-  ദ മേക്കിംഗ് ഓഫ് എ ന്യൂ ഇലക്‌ടൊറൽ പൊളിറ്റിക്‌സ് എന്ന പുസ്തകമെഴുതിയ നാഗേഷ് പ്രഭു. മധ്യവർഗത്തെ പല തട്ടുകളായി തിരിച്ച് വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ, മോഡിയുടേയും ബി.ജെ.പിയുടേയും പ്രധാന പിന്തുണാടിത്തറ മധ്യവർഗമാണ്. എന്നാൽ മധ്യവർഗത്തിന്റെ എല്ലാ അടരുകളും മോഡിരാഷ്ട്രീയത്തിന്റെ പിന്തുണക്കാരാണോ? അല്ലെന്നതാണ് വാസ്തവം. പഴയതായാലും പുതിയതായാലും ഇന്ത്യയിലെ ഹിന്ദു മധ്യവർഗമാണ് മോഡിയെ കൾട്ട് രൂപത്തിലേക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നത്. തന്റെ 'ബ്രാൻഡ് ന്യൂ ഇമേജ്' നിർമിച്ചെടുക്കാൻ ഇന്ത്യയിലെ മാധ്യമങ്ങളെ മോഡി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്നും പുസ്തകം ചർച്ച ചെയ്യുന്നു. 


ഇന്ത്യൻ മധ്യവർഗത്തിന്റെ ചരിത്രം കൊളോണിയൽ ഭരണകൂടത്തിലേക്കും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നീണ്ടുകിടക്കുന്നതാണ് എന്ന് നാഗേഷ് പ്രഭു നിരീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്ക് മുമ്പുള്ള മുഗൾ ഭരണത്തിലോ മുസ്‌ലിം ഭരണകാലത്തോ മധ്യവർഗമില്ല എന്ന നിഗമനത്തോടെയാണ് അദ്ദേഹം തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്. 
മധ്യകാലത്തിന്റെ ചരിത്രകാരനായ ഇർഫാൻ ഹബീബിനെപ്പോലുള്ളവർക്ക് ഈ വാദം ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്നുറപ്പാണ്. ബ്രിട്ടീഷ് കാലത്തിന് മുമ്പും ഇന്ത്യയിൽ മധ്യവർഗം നിലനിന്നതിന് നിരവധി തെളിവുകളോടെ അദ്ദേഹം വാദമുഖങ്ങൾ നിരത്തിയിട്ടുണ്ട്. പക്ഷേ പ്രസക്തമായ ചോദ്യം അതല്ല. കൊളോണിയൽ ഭരണ സംവിധാനത്തെ നിലനിർത്താൻ പരുവപ്പെടുത്തിയെടുത്ത മധ്യവർഗം ഇന്ത്യയിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പടയാളികളായതെങ്ങനെ? ഇന്ത്യയിൽ 1950 കൾ മുതൽ 1980 കൾ വരെ ഒരു മതനിരപേക്ഷ വ്യവസ്ഥിതി പടുത്തുയർത്താൻ സഹായിച്ച മധ്യവർഗം ഭൂരിപക്ഷവാദ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് വഴുതി വീണതെങ്ങനെ? ഈ ചോദ്യങ്ങളുടെ ഉത്തരം സമകാലീന രാഷ്ട്രീയത്തിന്റെ പരിവർത്തനത്തിന് തീർച്ചയായും അനിവാര്യമാണ്.


പ്രതിഛായ നിർമാണത്തിന്റെ ഈ അപകടം രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ പ്രകടമാകുന്നുണ്ട്. ഭരണകൂട നിയന്ത്രണത്തിലേക്ക് പിടിച്ചെടുക്കപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ പ്രതിഛായ നിർമാണത്തിലേർപ്പെട്ടിരിക്കുന്നു എന്നദ്ദേഹം പരിതപിക്കുന്നു. 'പ്രധാനമന്ത്രി തന്റെ പ്രതിഛായ വർധിപ്പിക്കുന്നതിലാണ് നൂറു ശതമാനവും വ്യാപൃതനായിരിക്കുന്നത്. ഒരാളുടെ പ്രതിഛായ കൊണ്ടു മാത്രം ഒരു ദേശീയ വീക്ഷണം രൂപപ്പെടുകയില്ലെ'ന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയാണ്. ദേശീയ ഭരണത്തിന്റെ ആദ്യ ഊഴത്തിൽ, ഗുജറാത്ത് നരഹത്യയുടെ കറുത്ത പാടുകൾ മായ്ച്ചുകളായാനും നയചാതുര്യമുള്ള, തന്ത്രജ്ഞനായ ഒരു ആഗോള നേതാവ് എന്ന പ്രതിഛായ നിർമിച്ചെടുക്കാനുമായിരുന്നു മോഡിയുടെ ശ്രമം. അതിലദ്ദേഹം പൂർണമായും വിജയിച്ചു.

 

നിരന്തരമായ വിദേശ സന്ദർശനങ്ങളും ആഗോള കൂട്ടായ്മകളിലെ സജീവ ഇടപെടലും അയൽരാജ്യങ്ങളോടുള്ള വിജയകരമായ സമീപനത്തിലുമെല്ലാം ഈ ലക്ഷ്യമാണ് മുഴച്ചുനിന്നത്. രാജ്യം സാമ്പത്തികമായി തകർന്നടിഞ്ഞിട്ടും, നോട്ട് നിരോധം പോലുള്ള വിഡ്ഢിത്തപരമായ തീരുമാനങ്ങളുടെ ഉപജ്ഞാതാവായിട്ടും രണ്ടാമൂഴത്തിലേക്ക് മോഡി വലിയ ഭൂരിപക്ഷത്തോടെ കടന്നുവന്നതിന് പിന്നിലും മധ്യവർഗ മനസ്സുകളിൽ കുടിയേറിയ മോഡിയുടെ തിരുരൂപമായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ, കേദാർനാഥ് ഗുഹയിലേക്ക് കാവിയുടുത്ത് ഒരു സന്ന്യാസിയുടെ പരിവേഷത്തോടെ മോഡി നടത്തിയ യാത്രയും അവിടത്തെ ധ്യാനവുമെല്ലാം ആത്മീയ നേതാവ് എന്ന നിലയിലേക്ക് ഉയരാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്നു. എല്ലാ കാലത്തേയും ഏറ്റവും മികച്ച മാർക്കറ്റിംഗ് ഗുരു എന്ന പേരും ഇതോടെ അദ്ദേഹത്തിന് ലഭിച്ചു.


രാജ്യം നേരിടുന്ന കഠിനമായ സാമ്പത്തിക പരീക്ഷണങ്ങളേയും തൊഴിലില്ലായ്മയേയും അയൽപക്ക വെല്ലുവിളികളേയും സമർഥമായി മറച്ചുവെക്കാൻ, മയിൽ രാഷ്ട്രീയം അദ്ദേഹത്തെ തുണക്കുന്നു. എങ്ങനെ മാർക്കറ്റിംഗും ബ്രാൻഡിംഗും ഒരു ഇലക്ഷൻ പോരാട്ടത്തിൽ വിജയകരമായി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമായി 2014 ലെ മോഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ബിസിനസ് ടുഡേ വിലയിരുത്തുകയുണ്ടായി. വിശ്വാസമോ, ആദർശമോ, വോട്ടിംഗ് തീരുമാനമോ എന്തായിരുന്നാലും മോഡിയിൽനിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനാവില്ലെന്ന് ആ പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റെല്ലാ ബ്രാൻഡുകളേയും നിഷ്പ്രഭമാക്കുന്ന ശക്തമായ പ്രതിഛായ നിർമാണ ഉപാധികളുടെ ആസൂത്രകനാണ് പ്രധാനമന്ത്രി. മയിൽ രാഷ്ട്രീയം അതിൽ അവസാനത്തേതാണെന്ന് മാത്രം.

Latest News