അഗര്‍ത്തല- ത്രിപുരയില്‍ രണ്ടാഴ്ച മുമ്പ് കോവിഡ് പരിശോധനക്കായി സ്രവമെടുത്ത ശേഷം പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ പോലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി.
സ്രവമെടുത്തതിനുശേഷം കുഞ്ഞിന്റെ മൂക്കില്‍നിന്ന് രക്തമൊലിച്ചിരുന്നു. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും അശ്രദ്ധയുമാണ് മരണകാരണമെന്നാണ് പരാതിയില്‍ പറയുന്നത്.
കോവിഡ് പരിശോധനക്ക് സ്രവമെടുക്കുന്നതുവരെ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ചയാണ് പരാതി ലഭിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
സി.ആര്‍.പി.സി 157 വകുപ്പ് പ്രകാരം കേസെടുത്തതായും ഈ മാസാദ്യം നടന്ന സംഭവത്തില്‍ ഇപ്പോഴാണ് പരാതി ലഭിച്ചതെന്നും ന്യൂ കാപിറ്റല്‍ കോംപ്ലാക് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് സുബിമാല്‍ ബര്‍മന്‍ പറഞ്ഞു.
കോവിഡ് പോസിറ്റീവായതിനെ തടുര്‍ന്ന് പരാതിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് പരാതി നല്‍കിയത്. ഗോവിന്ദ് ബല്ലഭ് പന്ത് (ജി.ബി.പി) സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം 10ന് ജനിച്ച കുഞ്ഞ് 12 നാണ് മരിച്ചത്. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ പരിശോധനക്കായി സ്രവമെടുത്തത്.
കുഞ്ഞ് മരിച്ച് ഒരു ദിവസത്തിനുശേഷം മരണ കാരണം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. കമ്മറ്റി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.