ജപാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു

ടോക്കിയോ- ജപാനില്‍ ഏറ്റവും ദീര്‍ഘകാലം പ്രധാനമന്ത്രിയായ ഷിന്‍സോ ആബെ രാജിവെച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനു ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ജാപനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ തോഷിഹിരോ നികായെ കണ്ട് ആബെ രാജിവെക്കുകയാണ് അറിയിച്ചു. ജനങ്ങള്‍ക്കു വേണ്ടി മികച്ച തീരുമാനങ്ങളെടുക്കാന്‍ എനിക്കു കഴിയില്ലെങ്കില്‍ പ്രധാനമന്ത്രിയായി തുടരാന്‍ എനിക്കാവില്ല. പദവിയില്‍ നിന്ന് രാജിവെക്കാനാണ് തീരുമാനം- ആബെ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റാണ് ആബെ.

ആരോഗ്യ കാരണങ്ങളാലാണ് രാജി. ഏറെ നാളായി ഉദരസംബന്ധമായ രോഗബാധിതനായിരുന്നു ആബെ. എട്ടു ദിവസത്തിനിടെ രണ്ടു തവണ ആശുപത്രി സന്ദര്‍ശനം നടത്തിയതോടെ ആബെയുടെ ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രോഗം മൂര്‍ച്ഛിച്ചതായാണ് സൂചന. 2007ലും ഇതേ ആരോഗ്യ കാരണങ്ങളാല്‍ ആബെ പ്രധാനമന്ത്രി പദവി രാജിവെച്ചിരുന്നു. പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു ഇത്. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായി തിരിച്ചെത്തുകയായിരുന്നു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രധാനമന്ത്രിയെ  കണ്ടെത്താന്‍ എല്‍ഡിപി അടിയന്തിര യോഗം ചേരും. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ആബെയുടെ ശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാക്കും. ചീഫ് ക്യാബിനെറ്റ് സെക്രട്ടറി യോശിഹിദെ സുഗ ആണ് ആബെയുടെ പിന്‍ഗാമിയാകാന്‍ സാധ്യത ഏറെയെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ആബെയുടെ രാജി പ്രഖ്യാപനത്തിനു മുമ്പ് ഒരു ടിവി പരിപാടിയില്‍ പറഞ്ഞിരുന്നു. അതേസമയം പാര്‍ട്ടിയുടെ നയസമിതി മേധാവി ഫുമിയോ കിഷിദ, മുന്‍ സെക്രട്ടറി ജനറല്‍ ഷിഗെരു ഇഷിബ എന്നിവരുടേ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.
 

Latest News