ആന്‍ഡമാനിലെ 53 പേര്‍ മാത്രം അവശേഷിക്കുന്ന ആദിമ ഗോത്രത്തിലെ 10 പേര്‍ക്ക് കോവിഡ്

പോര്‍ട് ബ്ലെയര്‍- ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയരായ ഗ്രേറ്റ് ആന്‍ഡമനീസ് ഗോത്രത്തിലെ 10 പേര്‍ക്ക് കോവിഡ് ബാധിച്ചു. ആകെ 53 പേര്‍ മാത്രമാണ് കടുത്ത വംശനാശത്തിന്റെ വക്കില്‍ കഴിയുന്ന ഈ ഗോത്രത്തില്‍ അവശേഷിക്കുന്നത്. ഇവര്‍ കോവിഡ് സ്ഥിരീകരിച്ച 10 പേരില്‍ ആറു പേരും സുഖം പ്രാപിച്ചു. നാലു പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്‍ഡമാന്‍ ദ്വീപുസമൂഹത്തിലെ കൊച്ചു ദ്വീപായ സ്രെയ്റ്റ് ഐലന്‍ഡിലാണ് ഈ ആദിമ ഗോത്രക്കാര്‍ വസിക്കുന്നത്. പൂര്‍ണമായും സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് ഇവര്‍. ഇവരില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്ന ഏതാനും പേര്‍ തലസ്ഥാനമായ പോര്‍ട് ബ്ലെയറിലേക്ക് യാത്ര ചെയ്യാറുണ്ട്. 37 പേരെ പരിശോധന നടത്തിയപ്പോഴാണ് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ ഗോത്ര വിഭാഗത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗോത്ര ക്ഷേമകാര്യ ഓഫീസറായ സഞ്ജീവ് മിത്തല്‍ അറിയിച്ചു.

19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ അധിനിവേശം നടത്തുന്നതിനു മുമ്പ് അയ്യായിരത്തിലേറെ ആയിരുന്നു ഗ്രേറ്റ് ആന്‍ഡമനീസ് ഗോത്രത്തിന്റെ ജനസംഖ്യ. ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം തടയാന്‍ ഇവര്‍ നടത്തിയ പോരാട്ടത്തില്‍ കുറെ പേര്‍ ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെട്ടു. മഹാമാരികളും പകര്‍ച്ചാവ്യാധികളും കാരണം ആയിരക്കണക്കിന് പേര്‍ മരിച്ചതായും ഗവേഷണങ്ങള്‍ പറയുന്നു.
 

Latest News