അശ്ലീല ചിത്രങ്ങളോടൊപ്പം വീട്ടമ്മയുടെ നമ്പര്‍; പിന്നില്‍ മകളുമായി പിണങ്ങിയ വിദ്യാര്‍ഥി

ചെന്നൈ-നഗ്ന ചിത്രങ്ങളോടും അശ്ലീല സന്ദേശങ്ങളോടുമൊപ്പം വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിച്ചതിനു പിന്നില്‍ മകളുമായി തെറ്റിപ്പിരഞ്ഞ കാമുകനെന്ന് കണ്ടെത്തി. കാമുകിയോട് പകതീര്‍ക്കാന്‍ അമ്മയുടെ ഫോണ്‍ നമ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 17 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ തൗസന്റ് ലൈറ്റ്‌സിലുള്ള വിദ്യാര്‍ഥിയെയാണ് സൈബര്‍ സെല്‍ പിടികൂടിയത്. വിദ്യാര്‍ഥിനിയായ കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്നാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ഫോണ്‍നമ്പര്‍ പ്രചരിപ്പിക്കുകയായിരുന്നു.
 നഗ്‌നവീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ബന്ധപ്പെടുകയെന്ന പേരിലായിരുന്നു ഫോണ്‍നമ്പര്‍ നല്‍കിയത്. കാമുകിയുടെ പേരിലായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അശ്ലീലസന്ദേശങ്ങളുമായി ഫോണ്‍ വിളികളും സന്ദേശങ്ങളും പതിവായതോടെയാണ് കുമരന്‍ നഗറില്‍ താമസിക്കുന്ന 41കാരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ്  മകളുടെ കാമുകനായ വിദ്യാര്‍ഥിയാണ് ഇതിനു പിന്നിലെന്ന് വ്യക്തമായത്.

 

Latest News