Sorry, you need to enable JavaScript to visit this website.

കവിയരങ്ങും പ്രഭാഷണങ്ങളും ഒഴിവാക്കുകയാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

കോഴിക്കോട്- കവിതയിലേക്ക് തിരികെ വന്നു കൂടേ? സിനിമയുടെ കപട ലോകത്തുനിന്ന് മടങ്ങി വന്നൂടേ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സൗകര്യമില്ല എന്ന മറുപടി നല്‍കി വിവാദം സൃഷ്ടിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിയരങ്ങും പ്രഭാഷണങ്ങളും അവസാനിപ്പിക്കുന്നു.

ചുള്ളിക്കാട് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയത്. ചുള്ളിക്കാടിന്‍റെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടും അഹങ്കാരമാണ് കാണിക്കുന്നതെന്ന് വിമർശിച്ചും സമൂഹ മാധ്യമങ്ങളില്‍ ചർച്ച തുടരുകയാണ്.

ചുള്ളിക്കാടിന്‍റെ കുറിപ്പ് വായിക്കാം

പൊതുജനാഭിപ്രായം മാനിച്ച് ,  മേലാൽ    സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

 എന്റെ രചനകൾ  പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.

സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം  നിർമ്മാതാക്കളോടും സംവിധായകരോടും  ആവശ്യപ്പെടാനപേക്ഷ.  കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാൻ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആർത്തി എല്ലാവർക്കും അറിയാവുന്നതാണല്ലൊ.)

ഇപ്പോൾ എനിക്ക്  വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത്  സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

-ബാലചന്ദ്രൻ  ചുള്ളിക്കാട്

Latest News