സിവില്‍ സര്‍വീസില്‍ ചേരുന്ന മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി ചാനല്‍

ന്യൂദല്‍ഹി- സിവില്‍ സര്‍വീസുകളില്‍ കൂടുതല്‍ മുസ്ലിംകള്‍ എത്തിപ്പെടുവെന്ന് ആരോപിച്ച് ടെലിവിഷന്‍ ചാനല്‍ നടത്തിയ വിദ്വേഷ പ്രചാരണം വിവാദത്തില്‍. മുസ്ലിംകള്‍ സിവില്‍ സര്‍വീസുകളില്‍ കൂടുതലായി എത്തുന്നതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നുവെന്ന് അവകാശപ്പെട്ട് സുദര്‍ശന്‍ ടിവിയാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്. സംഘപരിവാര്‍ അനുകൂല ചാനലാണ് സുദര്‍ശന്‍ ടി.വി
ചാനല്‍ വെള്ളിയാഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പ്രൊമോഷണല്‍ വീഡിയോയില്‍ നടത്തിയിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ നിലവില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ നിരവധി ഉദ്യോഗസ്ഥരും ജാമിഅ മില്ലിയ അടക്കമുള്ള സര്‍വകലാശാലകളും രംഗത്തുവന്നു. ന്യൂനപക്ഷ സമുദായത്തിനെതിരായ വിദ്വേഷമാണ് ഇതിനു പിന്നിലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നിരുത്തരവാദപരവും വര്‍ഗീയവുമായ ജേണലിസത്തെ അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘടനയായ ഐ.പി.എസ് അസോസിയോഷന്‍ വ്യക്തമാക്കി. സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവങ്കെ എല്ലാ അതിരുകളും കടന്നുവെന്ന് മാത്രമല്ല, രാജ്യത്തെ നിയമങ്ങളേയും തകര്‍ത്തിരിക്കയാണെന്ന് ലോക്‌സഭയിലെ ബഹുജന്‍ സമാജ് പാര്‍ട്ടി എം.പി കെ. ഡാനിഷ് അലി പ്രതികരിച്ചു. ചാവങ്കെക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറോടും ട്വിറ്റര്‍ ഇന്ത്യയോടും ബി.എസ്.പി നേതാവ് ആവശ്യപ്പെട്ടു.
അതിനിടെ, സിവില്‍ സര്‍വീസിലേക്ക് മുസ്്‌ലിംകള്‍ കടന്നുവരുന്നത് ബ്യൂറോക്രസി ജിഹാദാണെന്ന് അധിക്ഷേപത്തെ സുരേഷ് ചാവങ്കെ ന്യായീകരിച്ചു. തന്റെ ട്വീറ്റിനെ ഐ.പി.എസ് അസോസിയേഷന്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞുകയറുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന ചാവങ്കെയുടെ ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആര്‍എസ്എസിനേയും ടാഗ് ചെയ്തിരുന്നു.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ മുസ്്‌ലിംകളുടെ എണ്ണം വളരെവേഗം വര്‍ധിച്ചെന്നും ബുദ്ധിമുട്ടേറിയ പരീക്ഷയില്‍ ഇവര്‍ എങ്ങനെ മികച്ച റാങ്ക് നേടുന്നു എന്നുമാണ് പ്രെമോ വീഡിയോയില്‍ സുരേഷ് ചാവങ്കെയുടെ ചോദ്യം.  
ഭരണഘടനാസ്ഥാപനമായ യു.പി.എസ്.സിയുടെ ധാര്‍മികതയും നിഷ്പക്ഷതയും ചോദ്യംചെയ്യുകയാണ് സുരേഷ് ചാവങ്കെയെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്‍.സി അസ്താന ട്വീറ്റ് ചെയ്തു.
ഐ.പി.എസിലും ഐ.എ.എസിലും ചേരുന്ന മുസ്്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം അപകടകരമാണെന്ന് പോലീസ് പരിഷ്‌കാരങ്ങള്‍ക്കായി ജനങ്ങളേയും പോലീസിനേയും ഒരു വേദിയില്‍ കൊണ്ടുവരുന്ന ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. യു.പി പോലീസും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേഡ് അതോറിറ്റിയും മറ്റു സര്‍ക്കാര്‍ അധികൃതരും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News