യു.പി പോലീസുകാരനും സഹായിയും ദല്‍ഹിയില്‍ കവര്‍ച്ചക്കേസില്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ പോലീസ് കോണ്‍സ്റ്റബിളിനേയും സഹായിയേയും അറസ്റ്റ് ചെയ്തു. കോണ്‍സ്റ്റബിള്‍ ശ്രീകാന്ത് (30) സഹായി രഘു കോസ്‌ല എന്നിവരയൊണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നൂറിലേറെ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

രാജധാനി, ശതാബ്ദി എക്‌സപ്രസ് ട്രെയിനുകളിലെ യാത്രക്കാരെയാണ് രഘു സാധാരണ കവര്‍ച്ച നടത്താറുള്ളത്. ഓരോ യാത്രയിലും ഇയാള്‍ ഒരു ലക്ഷത്തിലേറെ വിലയുള്ള സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 17ന് നടന്ന തട്ടിക്കൊണ്ടുപോകലുമായും കവര്‍ച്ചയുമായും ബന്ധപ്പെട്ടാണ് ഇരുവരും ഇപ്പോള്‍ പിടിയിലായത്. കര്‍ണാല്‍ ബൈപ്പാസിലുള്ള മുകര്‍ബയില്‍ കാറില്‍ ഒരാളെ കാത്തിരിക്കുമ്പോഴാണ് സോനിപത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയത്.

പുലര്‍ച്ചെ അഞ്ചരയോടെ കാറിന്റെ വിന്‍ഡോ തുറക്കാന്‍ ആവശ്യപ്പെട്ട ശേഷം ഒരാള്‍ തോക്ക് ചൂണ്ടുകയായിരുന്നു. ഉടന്‍ തന്നെ മറ്റു രണ്ടു പേര്‍ ഇയാളുടെ കാറില്‍ കയറിയ ശേഷം ഓടിച്ചു പോകുകകായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം കാറുടമയെ ഇറക്കിവിട്ടശേഷം കാറുമായി കടന്നുകളഞ്ഞു. അന്വേഷണത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീകാന്താണ് സംഭവത്തിനു പിന്നിലെന്ന് മനസ്സിലായി. ഫോണ്‍ കോളുകള്‍ കൂടി പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്ത ഇയാളില്‍നിന്ന് മൊബൈല്‍ ഫോണും പണവും കണ്ടെടുത്തു. ഗാസിയാബാദ് സ്വദേശിയായ രഘുവിനെ പഴയ ദല്‍ഹിയിലെ ജമാ മസ്ജിദ് പ്രദേശത്തുള്ള ഒളി കേന്ദ്രത്തില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഗൂഡാലോചനക്കുശേഷം രഘു, സമീര്‍, സൂരജ്, അമാന്‍ എന്നിവര്‍ സ്വിഫ്റ്റ് കാറിലാണ് സ്ഥലത്തെത്തി പരാതിക്കാരനെ അയാളുടെ കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വിശദീകരിച്ചു. സംഘത്തലവനായ ശ്രീകാന്ത് ഇവരുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

മോഷ്ടിക്കപ്പെട്ട കാറില്‍  ഒജി.പി.എസ് ട്രാക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന കാര്യം പ്രതികള്‍ക്ക് അറിയുമായിരുന്നില്ല. കോണ്‍സ്റ്റബിള്‍ ശ്രീകാന്തിന്റെ നിര്‍ദേശപ്രകാരം കാര്‍ ഒഴിഞ്ഞ സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരുന്നതെന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ശര്‍മ പറഞ്ഞു.

ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസ് അന്വേഷണം മണത്ത ശ്രീകാന്ത് പോലീസ് യൂനിഫോം ധരിച്ചാണ് നാല് സഹ പ്രതികളേയും ഗാസിയാബാദില്‍നിന്ന് കിഴക്കന്‍ ദല്‍ഹിയിലെ സുരക്ഷിത താവളത്തിലെത്തിച്ചത്. ബോളിവുഡ് മൂവിയില്‍നിന്നാണ് പ്രതികള്‍ക്ക് പ്രചോദനമെന്നും ഗൗരവ് ശര്‍മ പറഞ്ഞു.

 

Latest News