Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിന്മയെ ഉന്മൂലനം ചെയ്ത മുഹറം പത്ത് 


നാളെ മുഹറം 10. ലോക മുസ്‌ലിംകൾ അല്ലാഹുവിന് നന്ദിസൂചകമായി വ്രതമനുഷ്ഠിച്ച് സന്തോഷിക്കുന്ന ആശൂറാ ദിനം. ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ സ്വേഛാധിപതിയായിരുന്ന ഫറോവയുടെ പീഡന പർവങ്ങളിൽ നിന്നും മഹാനായ മൂസാ പ്രവാചകനും അനുയായികളും രക്ഷപ്പെട്ടു സന്തോഷിച്ച ദിവസം.  ഫാസിസത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാമെന്നു വിചാരിച്ചു ഭഗ്‌നാശരായ  വരേണ്യ വിഭാഗത്തിന്റെ പരാജയത്തിന്റെ നാൾ. ലോകത്തെ അടിച്ചമർത്തി സത്യവും നീതിയും ധർമവും തമസ്‌കരിച്ച് ഭരണം നടത്തിയ കിങ്കരന്മാരെയെല്ലാം വിറപ്പിച്ചു നിർത്താൻ യുഗാന്തരങ്ങളിൽ സത്യധർമ കക്ഷികൾക്ക് പ്രചോദനം നൽകിയ ചരിത്ര ദിനം.  വരാനിരിക്കുന്ന സമൂഹങ്ങളിലും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പ്രതീക്ഷകൾ നൽകി മുന്നോട്ട് കുതിക്കാൻ അവരെ പ്രാപ്തരാക്കുന്ന നിത്യസ്മരണയാണ് മുഹറം 10. 


മുഹമ്മദ് നബി (സ്വ) മദീനയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ മുഹറം 10 ആഗതമായപ്പോൾ ഉണ്ടായ സംഭവം അനസ് ബ്‌നു മാലിക് (റ) വിശദീകരിക്കുന്നു. 'അല്ലാഹുവിന്റെ തിരുദൂതർ മദീനയിലെത്തിയപ്പോൾ യഹൂദർ ആശൂറാ ദിവസം വ്രതമനുഷ്ഠിക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. അതിനെക്കുറിച്ചവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു: 'ഈ ദിവസമാണ് അല്ലാഹു മൂസാ പ്രവാചകനെയും ഇസ്‌റാഈൽ സന്തതികളെയും ഫിർഔനിൽ നിന്നും സംരക്ഷിച്ചത്. അതുകൊണ്ട് ആ ദിവസത്തെ ഞങ്ങൾ ആദരിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കുന്നു. അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: 'ഞങ്ങൾ മൂസയോട് ഏറ്റവും അടുപ്പമുള്ളവരാണ്'. അങ്ങനെ അദ്ദേഹം വ്രതമനുഷ്ഠിക്കാൻ കൽപിക്കുകയും ചെയ്തു.' (ബുഖാരി 3943, മുസ്‌ലിം 1150). 


മൂസാ (അ) ദൈവിക മാർഗദർശനം ജനങ്ങളിലെത്തിക്കുകയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുക മാത്രമായിരുന്നില്ല ചെയ്തത്. മറിച്ച് അടിച്ചമർത്തപ്പെട്ട ബനൂ ഇസ്‌റാഈൽ വിഭാഗത്തിന്റെ മോചനത്തിന് വേണ്ടി യത്‌നിച്ച ഒരു ചരിത്ര പുരുഷൻ കൂടിയായിരുന്നു.  ഇസ്‌റാഈൽ എന്നത് യഅ്ഖൂബ് നബിയുടെ മറ്റൊരു നാമമാണ്. അദ്ദേഹത്തിന്റെ പുത്രൻ യൂസുഫ് നബി സഹോദരങ്ങളുടെ ഗൂഢാലോചനയുടെ ഫലമായി ഈജിപ്തിൽ എത്തി. യൂസുഫ് (അ) പിന്നീട് ഈജിപ്തിലെ ഭരണാധികാരിയായി മാറി. യഅ്ഖൂബ് നബിയും സഹോദരങ്ങളും മറ്റനവധിയാളുകളും അതോടെ ഈജിപ്തിലെത്തി. ഈജിപ്തിൽ യഅ്ഖൂബിന്റെ അഥവാ ഇസ്‌റാഈലിന്റെ സന്താന പരമ്പര പടർന്നു പന്തലിച്ചതോടെ അവർ ഒരു ജനതയായി മാറി.  ആ ജനതയാണ് ബനൂ ഇസ്‌റാഈൽ അഥവാ ഇസ്‌റാഈൽ സന്തതികൾ. 'ഇസ്‌റാഈൽ' മരണവേളയിൽ മക്കളെയെല്ലാം വിളിച്ചുകൊണ്ട് നൽകിയ ഉപദേശം ഖുർആൻ വിവരിക്കുന്നു. 'എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുക എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തന്റെ സന്തതികളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു: താങ്കളുടെയും താങ്കളുടെ പിതാക്കളായ ഇബ്‌റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും.' (2:133). 


യഅ്ഖൂബിന്റെ മരണശേഷം ദൈവിക കൽപനകളനുസരിച്ച് ജീവിക്കാൻ സന്തതികൾ പരിശ്രമിച്ചു.  യൂസുഫും സഹോദരങ്ങളും അവരുടെ സന്തതികളും ദൈവിക മാർഗത്തിലൂടെ സഞ്ചരിച്ചു വന്നു. സത്യവും ധർമവും ഏകദൈവ ചിന്തകളും സമൂഹത്തിലെ ഭൂരിപക്ഷം ജനതക്കും തൃപ്തികരമാവില്ലല്ലോ. ഈജിപ്തിലും അതു തന്നെ സംഭവിച്ചു.  യൂസുഫ് നബിയുടെ കാലശേഷം ഈജിപ്തിന്റെ ഭരണം 'മണ്ണിന്റെ മക്കൾ' എന്നവകാശപ്പെട്ടിരുന്ന ഖിബ്ത്തികൾ കൈക്കലാക്കി. അവർ ബനൂ ഇസ്‌റാഈൽ വിഭാഗത്തെ അടിമകളായി കണ്ടു. ഖിബ്ത്തികളുടെ  ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത് ഫറോവ എന്ന സ്ഥാനപ്പേരിലായിരുന്നു. ന്യൂനപക്ഷം വരുന്ന ബനൂഇസ്രാഈല്യരോട് കടുത്ത ശത്രുത അവർ സൂക്ഷിച്ചു.  ഈജിപ്തിന്റെ മണ്ണിൽ നിന്നും ബനൂഇസ്രാഈല്യരെ വംശീയ ഉന്മൂലനം നടത്താൻ അവർ തീരുമാനിച്ചു. 


മൂസാ നബിയുടെ ജനനത്തിനു മുമ്പായി അധികാരമേറ്റിരുന്ന ഫിർഔൻ ഖിബ്തി ഭരണാധികാരികളിലെ ഏറ്റവും വലിയ അഹങ്കാരിയും ക്രൂരനുമായിരുന്നു.  ഖുർആൻ പറയുന്നു: 'നിശ്ചയം ഫറോവ ഭൂമിയിൽ അഹന്ത കാട്ടുകയും തദ്ദേശീയരെ ഭിന്ന ചേരികളാക്കുകയുമുണ്ടായി, ഒരു ചേരിയെ ബലഹീനരാക്കി അവരുടെ ആൺ ശിശുക്കളെ അറുകൊല നടത്തുകയും പെൺമക്കളെ ജീവിക്കാൻ വിടുകയും ചെയ്തു. നാമുദ്ദേശിച്ചതാകട്ടെ അന്നാട്ടിൽ അടിച്ചമർത്തപ്പെട്ടവരോട് ഔദാര്യം പ്രകടിപ്പിക്കാനും അവരെ നായകരാക്കാനും അനന്തരാവകാശികളാക്കി വാഴിക്കാനും ഭൂമിയിൽ സ്വാധീനമുണ്ടാക്കിക്കൊടുക്കാനും ഫറോവക്കും ഹാമാനും സേനാനികൾക്കും തങ്ങളാശങ്കിച്ചിരുന്നതെന്തോ അത് ആ അടിച്ചമർത്തപ്പെട്ടവരിൽ നിന്ന് കാണുവാനുമത്രേ.' (ഖസ്വസ് 46).  


പരമ്പരാഗതമായി ലഭിച്ച അധികാരത്തെ ദൈവ തുല്യമായി കാണുകയായിരുന്നു ഫിർഔൻ.  ലോകം മുഴുവൻ തന്റേതാണെന്നും തന്നേക്കാൾ വലിയ മറ്റൊരു അധികാരിയുമില്ലെന്നും  അയാൾ ശഠിച്ചു.  അതിനു വിരുദ്ധമായി പറയുന്നവരെ മുഴുവൻ കൊന്നൊടുക്കി. അക്രമവും അഴിമതിയും വഴി പ്രജകളെ ചൂഷണം ചെയ്തു.  സ്വന്തം വിഭാഗത്തിൽ പെട്ടവർ കുറ്റം ചെയ്താൽ വെറുതെ വിടുകയും ന്യൂനപക്ഷമായ ബനൂ ഇസ്‌റാഈൽ വിഭാഗത്തിൽ നിന്നുള്ളവരെ നിഷ്ഠുരം ശിക്ഷിക്കുകയും ചെയ്തു. സ്വജനപക്ഷപാതിത്വത്തിന്റെ മൂർത്തീഭാവമായി വിരാജിച്ചു. അയാൾ ഇങ്ങനെ ആക്രോശിച്ചു: 'എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികൾ ഒഴുകുന്നതാകട്ടെ എന്റെ കീഴിലൂടെയാണ്.' (ഖുർആൻ 43:51).  എന്നാൽ ബനൂ ഇസ്‌റാഈൽ ജനത യഅഖൂബിലൂടെയും യൂസുഫിലൂടെയും പരമ്പരാഗതമായി ലഭിച്ച ഏകദൈവ വിശ്വാസവും സത്യധർമ പാതയിലൂടെ ലഭിച്ച ചങ്കൂറ്റവും കാരണമായി ഒരു ജനതയായി നിലകൊണ്ടു. 


വിശ്വാസപരമായ ചില ജീർണതകൾ അവരിലുണ്ടായിരുന്നെങ്കിലും അവർ ഫറോവയുടെ ഉരുക്കുമുഷ്ടിക്ക് കീഴൊതുങ്ങിയില്ല. ഖിബ്ത്വികളും ബനൂഇസ്രാഈല്യരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവായി. ബനൂ ഇസ്‌റാഈൽ വിഭാഗം ഫറോവയുടെ തലവേദനയായി.  തന്നെ അട്ടിമറിച്ച് അവർ അധികാരം പിടിച്ചെടുക്കുമോ എന്നയാൾ രാവും പകലും ഭയന്നു. ഉറക്കത്തിൽ പോലും ഭയം വിട്ടുപോയില്ല. അയാൾ സ്വപ്‌നം കണ്ടു.  ബൈത്തുൽ മഖ്ദസിൽ നിന്നും ഒരു തീ പുറപ്പെടുകയും അത് ഖിബ്ത്വികളെ മുഴുവൻ കരിയിച്ചുകളയുകയും ബനൂ ഇസ്രാഈലിനെ വെറുതെ വിടുകയും ചെയ്യും എന്നായിരുന്നു സ്വപ്‌നം. സ്വപ്‌ന വ്യാഖ്യാനമറിയാനായി അയാൾ പണ്ഡിതന്മാരെയും ജോൽസ്യന്മാരെയും വിളിച്ചുവരുത്തി. ബനൂഇസ്രാഈൽ വിഭാഗത്തിൽ നിന്നും ഒരാൾ ഈജിപ്ത് പിടിച്ചടക്കുമെന്നും ഫറോവയെ വധിക്കുമെന്നുമാണ് വ്യാഖ്യാനമെന്ന് അവർ പറഞ്ഞു. അതോടെ ഫറോവ ഭയചകിതനായി. ബനൂഇസ്രാഈല്യരിലെ ജനിക്കാനിരിക്കുന്ന മുഴുവൻ ആൺകുട്ടികളെയും കൊല്ലാൻ ഉത്തരവിട്ടു. 


ഈ സന്ദർഭത്തിലാണ് ബനൂ ഇസ്‌റാഈൽ കുടുംബത്തിൽ ഒരാൺകുട്ടി ജനിക്കുന്നത്. മൂസ എന്ന് നാമകരണം ചെയ്ത മാതാവ് ഫറോവയെ പേടിച്ച് എല്ലാം അല്ലാഹുവിൽ സമർപ്പിച്ച് കുട്ടിയെ മുലയൂട്ടി ഒരു പെട്ടിയിലാക്കി നൈൽ നദിയിൽ ഒഴുക്കി.  പെട്ടി ഒഴുകുന്നിടം മൂസയുടെ സഹോദരി നിരീക്ഷിച്ചു. ഒഴുകിവന്ന കുട്ടിയെ ലഭിച്ചത് ഫറോവയുടെ പത്‌നിയുടെ കൈകളിൽ. അവർ ഫറോവയോട് പറഞ്ഞു: 'എനിക്കും താങ്കൾക്കും ആഹഌദ ദായകമത്രേ ഇവൻ. അതിനാൽ ഇവനെ കൊല്ലരുത്, ഇവൻ നമുക്ക് ഉപകരിച്ചേക്കാം.അല്ലെങ്കിൽ വളർത്തുപുത്രനായി വരിക്കാം.' (ഖുർആൻ 28:9). മൂസ കൊട്ടാരത്തിൽ വളർന്നു.  വളർന്നുവലുതായി യുവാവായി. മൂസ അതിനകം തന്റെ അസ്തിത്വം മനസ്സിലാക്കിയിരുന്നു. ബനൂ ഇസ്രാഈലുകാരൻ ആണെന്ന സ്വത്വബോധം മൂസയെയും സ്വാധീനിച്ചിരുന്നു.  അങ്ങാടികളിൽ ഖിബ്ത്വികൾ ബനൂഇസ്രാഈല്യരെ ദ്രോഹിക്കുന്നത് അദ്ദേഹം കാണുമായിരുന്നു. അതിന്റെ പേരിൽ ഒരു ദിവസം ഒരു ഖിബ്ത്വിയെ അടിക്കേണ്ടി വന്നു. അബദ്ധവശാൽ അയാൾ മരിച്ചു. മൂസയെ വധിക്കാൻ അവർ ഗൂഢാലോചന നടത്തി. ഗൂഢാലോചന വിവരം ഖിബ്ത്വികളിലെ നല്ലവനായ ഒരാൾ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ഈജിപ്ത് വിട്ടു. കുറേക്കാലം ചെങ്കടലിനക്കരെയുള്ള മദ്‌യനിൽ  ചെലവിട്ടു.  അവിടെ നിന്നും വിവാഹിതനായി സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങി.  


വഴിയിൽ ത്വുവാ താഴ്‌വരയിൽ എത്തിയപ്പോൾ ഒരു വിളികേട്ടു. 'തീർച്ചയായും ഞാനാണ് നിന്റെ രക്ഷിതാവ്. അതിനാൽ നീ നിന്റെ ചെരിപ്പുകൾ അഴിച്ചു വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.  ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ബോധനം നൽകപ്പെടുന്നത് നീ ശ്രദ്ധിച്ചു കേട്ടുകൊള്ളുക.  തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാൽ എന്നെ നീ ആരാധിക്കുകയും എന്നെ ഓർമിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക.' (ഖുർആൻ 20:1214).  


അദ്ദേഹം പ്രവാചകനായി. പ്രവാചക ദൗത്യം നിർവഹിക്കാനായി സഹോദരൻ ഹാറൂണിനെയും കൂട്ടിനു ലഭിച്ചു. ഫറോവയുടെ അടുക്കൽ ചെന്നു സൗമ്യമായി സംസാരിക്കുകയും ലോകനാഥനായ അല്ലാഹുവിനെ കുറിച്ച് പറഞ്ഞുകൊടുക്കാനുമാണ് അല്ലാഹു അവരോട് ആവശ്യപ്പെട്ടത്. അല്ലാഹുവിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്നതോടൊപ്പം മർദിതരായ സമൂഹത്തിന്റെ വിമോചനത്തിനായി ശബ്ദിക്കുവാനും അവർക്ക് നിർദേശം നൽകി. 'അതിനാൽ നിങ്ങൾ ഇരുവരും അവന്റെ അടുത്ത് ചെന്നിട്ട് പറയുക: തീർച്ചയായും ഞങ്ങൾ നിന്റെ രക്ഷിതാവിന്റെ ദൂതൻമാരാകുന്നു. അതിനാൽ ഇസ്‌റാഈൽ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മർദിക്കരുത്.' (20 :47).


ഫറോവയുടെ കൊട്ടാരത്തിലെത്തിയ മൂസാ നബിയും ഹാറൂൺ നബിയും കാര്യങ്ങൾ സൗമ്യമായി തന്നെ പറഞ്ഞു. ഫറോവയിൽ അഹങ്കാരവും ധാർഷ്ട്യവും വർഛിക്കുകയാണുണ്ടായത്.  അയാൾ വിളിച്ചു പറഞ്ഞു: 'ഹാമാനേ, എനിക്ക് ആ മാർഗങ്ങളിൽ എത്താവുന്ന വിധം ഒരു ഉന്നത സൗധം പണിതു തരൂ! അഥവാ ആകാശ മാർഗങ്ങളിൽ. എന്നിട്ടു മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാൻ.' (40:36, 37). പരിഹാസത്തിന്റെയും അഹന്തയുടെയും ഭാഷയിൽ 'ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട്  അവരിരുവരെയും തള്ളിക്കളഞ്ഞു. പക്ഷേ സത്യം എപ്പോഴും മികച്ചുനിൽക്കുമെന്നത് പ്രകൃതിനിയമമാണ്.  മനുഷ്യന്റെ മനസ്സിന് സത്യത്തെ തള്ളിക്കളയാൻ കഴിയില്ല.   മനസ്സിൽ അഹന്തയുടെ അംശങ്ങളുണ്ടെങ്കിൽ സത്യത്തിനു നേരെ കണ്ണടക്കാൻ കഴിയുമെന്നു മാത്രം. കൈകാലുകൾ വെട്ടിക്കളയുമെന്നും വധിച്ചുകളയുമെന്നുമുള്ള ഫറോവയുടെ ഭീഷണിയുണ്ടായിട്ടും മൂസ പഠിപ്പിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു മനസ്സിലാക്കിയ ജനങ്ങൾ അത് പരസ്യമായി ഉൾക്കൊള്ളാതിരുന്നില്ല. അതാണ് സത്യത്തിന്റെ കരുത്ത്. 


മൂസാ നബിയോടും അദ്ദേഹത്തിൽ വിശ്വസിച്ചവരോടും ഫറോവ കടുത്ത ശത്രുത തുടർന്നു.   ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചു. അസ്തിത്വവും പൗരത്വവും നിഷേധിച്ചു. ആളും അർത്ഥവും പണവും സമ്പത്തുമെല്ലാം ഫറോവയുടെ കൈകളിലായിരുന്നു. മൂസാ നബിയും അനുയായികളും സ്വായത്തമാക്കിയിരുന്നത് വിശ്വാസത്തിന്റെ കരുത്തും തവക്കുലിന്റെ സൗന്ദര്യവും മാത്രമായിരുന്നു.  മൂസാ നബി അല്ലാഹുവിനോട് പ്രാർത്ഥിച്ചു: 'ഞങ്ങളുടെ റബ്ബേ, ഫിർഔനും അവന്റെ പ്രമാണിമാർക്കും നീ ഐഹിക ജീവിതത്തിൽ അലങ്കാരവും സമ്പത്തുകളും നൽകിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തെറ്റിക്കുവാൻ വേണ്ടിയാണ് അവരത് ഉപയോഗിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കൾ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവർ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങൾക്ക് നീ കാഠിന്യം നൽകുകയും ചെയ്യേണമേ.' (10:88). വിശ്വാസികളുടെ മനസ്സിന്റെ അടിത്തട്ടിൽ നിന്നുള്ള പതിത ശബ്ദം അല്ലാഹു കേട്ടു. പ്രാർത്ഥന സ്വീകരിക്കപ്പെട്ടുവെന്നും കടൽ കടന്നു രക്ഷപ്പെടുകയും എന്നും മറുപടി നൽകപ്പെട്ടു. അവർ ചെങ്കടലിന്റെ ഭാഗത്തേക്ക് യാത്ര തിരിച്ചു. വിവരമറിഞ്ഞ ഫറോവയും കിങ്കരന്മാരും പിറകെ കൂടി.  ചെങ്കടലിൽ ജലം ഇരുഭാഗത്തേക്കും മാറി നിന്നു. മൂസാ നബിയും അനുയായികളും അക്കരെയെത്തി. ഫറോവയും കൂട്ടരും ചെങ്കടലിന്റെ മധ്യം എത്തിയപ്പോൾ രണ്ടു ഭാഗത്തേക്കും മാറി നിന്നിരുന്ന വെള്ളം ഒരുമിച്ചുകൂടി. അവർ കടലിൽ മുങ്ങി നശിച്ചു.  അന്നേരം വിശ്വാസം പ്രഖ്യാപിച്ചു നോക്കിയെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല.  


അചഞ്ചലമായ വിശ്വാസവും നിശ്ചയദാർഢ്യവും അനുസരണ ശീലവുമുണ്ടെങ്കിൽ ഏതു സ്വേഛാധിപതിയെയും അതിജയിക്കാൻ സാധിക്കുമെന്ന പാഠമാണ് മൂസാ നബിയുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. എത്രയെത്ര കൊച്ചുകൊച്ചു സംഘങ്ങളാണ് വലിയ വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുള്ളത് എന്ന ഖുർആനിന്റെ ചോദ്യം അതാണ് പഠിപ്പിക്കുന്നത്.

സ്വേഛാധിപതികളാൽ ജീവിതം തന്നെ ഹോമിക്കപ്പെടുന്നവർക്കു വേണ്ടി രംഗത്തിറങ്ങൽ അനിവാര്യമാണ്. ഖുർആൻ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. 'ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകൾ അധിവസിക്കുന്ന ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരികയും ചെയ്യേണമേ എന്ന് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്ന മർദിച്ചൊതുക്കപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയും നിങ്ങൾക്ക് രംഗത്തിറങ്ങിക്കൂടെ (4:75) എന്ന ഖുർആന്റെ ചോദ്യം എക്കാലത്തേക്കും പ്രസക്തമാണ്.  ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഖുർആന്റെ ചോദ്യമാണത്. മൂസാ നബിക്കും അനുയായികൾക്കും അല്ലാഹു നൽകിയ വിജയത്തിന് അല്ലാഹുവിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹറം 9, 10 (വെള്ളി, ശനി) ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കുവാൻ നാം തയാറാവുക.

Latest News