Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവിശ്വാസികളും ചില വിശ്വാസികളും

പുതിയ ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന വാശിയോടെയാണ് മുഖ്യമന്ത്രി പിണറായി സഖാവിന്റെ പുറപ്പാട്. കഴിഞ്ഞ തിങ്കളാഴ്ച (...... നല്ല ദിവസം എന്ന സിനിമകളും ഓർത്തിരിക്കാം) നിയമസഭയിൽ മൂന്നര മണിക്കൂർ നീണ്ട പ്രസംഗം അവതരിപ്പിച്ചത് വെറുതെയൊന്നുമല്ല; ഒന്ന്- വി.കെ. കൃഷ്ണമേനോൻ, ഫിഡൽ കാസ്‌ട്രോ, സുക്കാർണോ തുടങ്ങിയ പ്രസംഗ കോവിദന്മാരുടെ നിരയിൽ കയറി ഇരിക്കാനുള്ള മോഹം. രണ്ട്- ഇനി ഈ ജന്മത്ത് ഇങ്ങനെയൊരു സുവർണാവസരം തനിക്കു കിട്ടുകയില്ലെന്ന ഉൾവിളി. സഖാവ് അതിനിടയിൽ അത്യന്തം നഗ്നമായ ഒരു സത്യം തുറന്നടിച്ചു- യു.ഡി.എഫ് അവർക്കെതിരെ തന്നെ ഉന്നയിച്ച അവിശ്വാസം ആയിരുന്നു അത്! പകൽ പോലെ സത്യം! ഒരു 'തൊടുപുഴ'ക്കാരൻ 'പാലാ'ക്കാരന് വിപ്പു കൊടുക്കുന്നു. വേദന സഹിക്കാതെ, പാലാക്കാരൻ അതേ നാണയത്തിൽ ചാട്ടവാറടി തിരിച്ചും കൊടുക്കുന്നു. ആരു കണ്ടാലും പൊട്ടിക്കരഞ്ഞുപോകും! സംശയമുള്ള എമ്മെല്ലേമാരുടെ വാതിൽക്കൽ നോട്ടീസ് പതിക്കുന്നു. കണ്ടവർ മൂക്കത്തു വിരൽ വെയ്ക്കുന്നു. കോടതിയുടെ സമൻസ് വരാറായോ? പണ്ട് ചിഹ്നം മരവിപ്പിച്ച സംഭവമുണ്ട്.
ഇനി ജപ്തി നോട്ടീസ് വന്നെത്തുമോ? കോട്ടയം പട്ടണത്തിലെ കെട്ടിടത്തിന്മേലുള്ള 'പ്രതിഛായ' മാസികയുടെ ഇമേജ് തിരുനക്കര മൈതാനത്തിൽ നിലംപൊത്തുമോ? ആ വഴിക്കു ചിന്തിച്ചു കാടുകയറുന്നതെന്തിന്? നിയമസഭാ പ്രസംഗം തന്നെ കൊടുംകാട്ടിലാണ് കയറിയത്. മുഖ്യൻ സഖാവ് മൂന്നേ മുക്കാൽ നാഴിക ഗർജിച്ചിട്ടും പ്രതിപക്ഷത്തിന്റെ ഒറ്റ ആരോപണത്തിനു പോലും മറുപടി പറഞ്ഞില്ല എന്നായി ചെന്നിത്തലയുടെ പരാതി. കിം ജോ ഉന്നോ, ഷി ചിന്നോ, റൗൾ കാസ്‌ട്രോയോ സഭയിൽ മറുപടി പറയാറുണ്ടോ? അഥവാ, ആരെങ്കിലും ചോദ്യം ഉന്നയിക്കാറുണ്ടോ? അവിശ്വാസ പ്രമേയ ചർച്ചയിൽ 'മല എലിയെ പ്രസവിച്ചതു പോലെയായി' എന്ന് മുഖ്യന്റെ സ്വന്തം ശർമ്മാ സഖാവ് കണ്ടുപിടിച്ചത്, നേതാവിന്റെ മറുപടി കൂടി മുൻകൂട്ടി കണ്ടാകാം. ചിലർക്ക് അങ്ങനെയൊരു ആറാമിന്ദ്രിയത്തിന്റെ സേവനം കിട്ടാറുണ്ട്. പ്രതിപക്ഷ പരാതി അടുത്ത തവണ പ്രകടനത്തിൽ പരിഹരിക്കുമായിരിക്കാം, അങ്ങനെയൊന്നു ചേരുമെങ്കിൽ!
ഇനിയൊരിക്കലും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുകില്ല എന്നു മന്ത്രി എം.എം. മണി മുൻകൂട്ടി കണ്ടു.. ഞെട്ടിയത് ഒ. രാജഗോപാൽ മാത്രമായിരിക്കാം. കോ - ലീ - ബി അച്ചുതണ്ട് എന്നു ഇടവിട്ട് കോടിയേരി പറയുന്ന മാതിരി, യു.ഡി.എഫ്-എൽ.ഡി.എഫ് അച്ചുതണ്ട് രൂപംകൊണ്ടിരിക്കുമോ? 'നേമം സീറ്റ്' കൂടി അടിച്ചുമാറ്റാൻ ഇരുവർക്കും കൊതിയുള്ള കാര്യം രഹസ്യമല്ലല്ലോ. മണി സഖാവിന്റെ പ്രസ്താവന വഴിയേ പോയാൽ എവിടെയോ, എന്തോ, ഏതോ ഒരു ഒളിച്ചുകളിയുണ്ടെന്നു കാണാം.
മുല്ലക്കര രത്‌നാകരൻ സഖാവ് കമ്യൂണിസ്റ്റാണോ, അതോ കഥാപ്രസംഗക്കാരനാണോ? പണ്ട് രണ്ടും ഏകദേശം ഒന്നായിരുന്നു. ഇപ്പോൾ കഥ മാറി. രണ്ടു വംശങ്ങളും കുറ്റിയറ്റ നിലയിലാണ്. ദീർഘദർശനം പതിവാക്കിയ മുല്ലക്കര സുവോളജി ലാബിൽ തവളയെ കീറി പഠിക്കുന്ന കുട്ടികളെപ്പോലെ, ഇതിഹാസ കഥാപാത്രങ്ങളെ വ്യാഖ്യാനിച്ചു പ്രഭാഷണം സംഘടിപ്പിക്കുവാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. സിനിമ, നാടൻപാട്ട് എന്നിവയെയും വെറുതെ വിടാറില്ല. ഈ അവിശ്വാസ പ്രമേയ കാലത്ത് അദ്ദേഹം പ്രതിപക്ഷത്തെ മോഹൻലാൽ സിനിമയായ 'യോദ്ധ'യിലെ ജഗതിയുടെ അപ്പുക്കുട്ടനോടാണ് ഉപമിച്ചത്. 'കാവിലെ പാട്ടുമത്സരത്തിനു കാണാം' എന്ന ജഗതിയുടെ റോളിൽ നമ്മുടെ പ്രതിപക്ഷം! ഈ കോവിഡ് കാലത്തും നാട്ടുകാരെ ചിരിപ്പിക്കുവാൻ ജഗതി രംഗത്തില്ലെങ്കിലും മുല്ലക്കര രത്‌നാകരനുണ്ടല്ലോ! സി.പി.ഐക്കു നന്ദി പറയാം, വല്യേട്ടൻ കേൾക്കാതെ.

****                             ****                    ****

വീടുകൾ സമര മുഖങ്ങളാക്കി' സി.പി.എം ഒരു കേന്ദ്ര വിരുദ്ധ സമരം നടത്തി. കൊറോണക്കാലമാണല്ലോ. തികഞ്ഞ സാമൂഹ്യ അകലം പാലിച്ച് അച്ഛനമ്മമാരും പിള്ളേരും വീട്ടുമുറ്റത്തിറങ്ങി ചാനലുകാരുടെ വരവും നോക്കിയിരുന്നു. അവരില്ലാതെ എന്തു സമയം! ഒരു കൊല്ലം മുമ്പായിരുന്നെങ്കിൽ റോഡ് നിറഞ്ഞുള്ള ജാഥയും നഷ്ടത്തിൽ ഓടുന്ന ട്രാൻസ്‌പോർട്ട് വണ്ടിക്കു തല്ലും കല്ലേറും പ്രതീക്ഷിക്കാമായിരുന്നു. അഞ്ചു കൊല്ലം മുമ്പായിരുന്നേൽ, പന്തം കൊളുത്തി പ്രകടനം ബസിനു തീവെയ്ക്കുന്നതോടെ ആയിരുന്നേനേ സമാപനം. കാലം മാറി. 
കോവിഡിനെ പേടിച്ച് തീവ്രവാദികൾ പോലും വയനാടിന്റെ ഉള്ളിൽ മാത്രമേ അടുപ്പു കത്തിക്കാറുള്ളൂ. ഇതിനിടയിലാണ് തലസ്ഥാനത്ത് പാൽക്കുളങ്ങരയിലെ ബി.ജെ.പി വനിതാ കൗൺസിലർ ഒരു റെക്കോർഡ് ഇട്ടത്. അവർ മേൽപടി കേന്ദ്ര വിരുദ്ധ സമരത്തിൽ പങ്കെടുത്തു. സംഗതി ന്യായം. സ്ഥലത്തെ സ്വന്തം പാർട്ടിക്കാർ അവരെ ഇന്നും പഴയ സി.പി.ഐ യുവജന പ്രവർത്തകയായി കാണുന്നുവത്രേ! ഉള്ളിൽ അതാണത്രേ! അകത്തുള്ളതൊക്കെ കാണാൻ കഴിയുന്ന ഒരു തരം കണ്ണടയെക്കുറിച്ച് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിൽ നാദിയാ മൊയ്തു ഒരു വെടിപൊട്ടിക്കുന്നുണ്ട്. 
അതുപോലെ 'മനസ്സിനകം' കണ്ടുപിടിക്കാൻ കഴിയുന്ന വല്ലതും ബി.ജെ.പിക്കാരുടെ കൈവശം ഉണ്ടാകാം. പാൽകുളങ്ങര നിന്നും എയർപോർട്ടിലേക്ക് ദൂരം അഞ്ചു കിലോ മീറ്റർ. ആ വിമാനത്താവളം മോഡിയുടെ നാട്ടുകാരൻ അദാനിക്ക് അമ്പതു വർഷത്തേക്കുള്ള പാട്ടക്കരാർ നൽകിയതിൽ സി.പി.എമ്മിനു പങ്കുണ്ടെന്ന കാര്യം നാട്ടിൽ തെക്കൻ - വടക്കൻ പാട്ടുകളായി കേൾക്കുന്ന കാര്യം വനിതാ കൗൺസിലർ അറിഞ്ഞിരിക്കില്ല. എയർ പോർട്ടിലെത്തുമ്പോൾ മാർക്‌സിസ്റ്റ് - ബി.ജെ.പിക്കാർ നേരിട്ടു ഹസ്തദാനം ചെയ്യുന്നില്ലെങ്കിൽ, കാരണം കൊറോണ വൈറസ് മാത്രമാണ് എന്നും അറിയണം. ആരും അന്യരല്ല!
****                            ****                    ****
തമിഴ്‌നാട് വിഭജന ശക്തികളുടെ കേന്ദ്രമാണ് എന്ന് കേന്ദ്ര ഭരണ കക്ഷിയുടെ പ്രസിഡന്റ് നദ്ദ കണ്ടുപിടിച്ചു. ഇക്കാര്യം പരിഹരിക്കുന്നതിന് യുവജന വാക്‌സിൻ ആണ് മറുമരുന്ന്. അതിനാൽ 'വാട്‌സ് ആപ്' ഗ്രൂപ്പുകൾ വിപുലമാക്കണമെന്നും പ്രസിഡന്റ് നിർദേശിക്കുന്നു. എത്ര വിപുലമാക്കിയാലും സ്വന്തം പാർട്ടി ഗ്രൂപ്പുകളോളം വരില്ല എന്നു അറിയാഞ്ഞിട്ടല്ല. എങ്കിലും വാട്‌സ് ആപ് വഴി ഒരു മണിക്കൂറിൽ രണ്ടു നുണയെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കണം. അതു മാത്രമാണ് നമ്മുടെ ശക്തി. 

****                    ****                      ****

കാർന്നോർക്കു പനി പിടിച്ചു കിടക്കുമ്പോൾ കുടുംബം ഭാഗം വെയ്ക്കുന്ന കാര്യം ആലോചിക്കുന്നത് കഷ്ടമാണ്. ആന്റണി ഭാഷയിൽ 'പൈശാചിക'മെന്നും പറയാം. എന്നാൽ അങ്ങനെയൊരു ആലോചനയേ നടന്നിട്ടില്ലെങ്കിലോ? മൂപ്പിന്ന് കിടന്ന കിടപ്പിൽ ഒരു ദുഃസ്വപ്‌നം കണ്ടതാണെങ്കിലോ? നാഷണൽ കോൺഗ്രസിൽ അതും നടന്നു! കഴിഞ്ഞ ആറു മാസത്തെ 'ട്രാക്ക് റെക്കോർഡ്' പരിശോധിക്കുന്നവർക്കറിയാം, മമ്മിയും മക്കളുമല്ലാതെ ഒരൊറ്റ പെൻഷൻകാരനും ബി.ജെ.പിക്കെതിരെ വാതുറന്നിട്ടില്ലെന്ന്. 
കോട്ടുവായിട്ടുകൊണ്ട്, ഭക്ഷണം കഴിക്കാനായി മാത്രം ഹൈക്കമാന്റിനെ കാണാനെത്തുന്നവരിൽ ചിലരാണ് ഒത്തുചേർന്നതും കത്തെഴുതിയതും. സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ ഗഹ്‌ലോട്ടുമായി ഉടക്കുന്നു; ദില്ലിയിൽ 23 പേർ കത്തു തയാറാക്കുന്നു. പൈലറ്റ് അവിടെ വരാന്തയ്ക്കു പുറത്തിറങ്ങി ഫോട്ടോയെടുക്കുന്നു, ഇവിടെ കത്ത് രാഹുൽ ഗാന്ധിജിക്കു കിട്ടുന്നു. പൈലറ്റ് പിണക്കം മതിയാക്കി അകത്തു കയറുന്നു; ഇവിടെ കത്തു പുറത്താക്കുന്നു, എഴുതിയവർ ഇളിഭ്യരാകുന്നു! സൂക്ഷ്മ പരിശോധനയിൽ ഒരു കാര്യം കൂടി വ്യക്തമായി, ഇനി വിശ്വസ്താരായിരിക്കേണ്ട രണ്ടുപേർ മാത്രം- മൻമോഹൻജിയും ആന്റണിജിയും! വേണുഗോപാൽ വെറും പയ്യനാണ്, മൻമോഹനെ നേതൃത്വം ഏൽപിക്കാമോ എന്നു കംപ്യൂട്ടറിനോടു ചോദിച്ചാൽ തെളിയുന്നത് ഒരു മലയാള സിനിമയുടെ പേരു മാത്രം- 'ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ'  അദ്ദേഹം എന്നു വാതുറക്കുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യയിലെ കോൺഗ്രസിനു കാത്തിരിക്കാനാവില്ല. 
കൈവശമുള്ള മൂന്നു സംസ്ഥാനങ്ങൾ കൂടി കൊഴിഞ്ഞുപോകും. കേരളത്തിൽനിന്നും എല്ലാ ദിവസവും ദില്ലിയിലെ ഹാജർ ബുക്കിൽ ഒപ്പുവെയ്ക്കാറുള്ള അന്തോണിച്ചനായാലോ? കോൺഗ്രസുകാരൊഴികെയുള്ള പാർട്ടിക്കാർ തുള്ളിച്ചാടുകയും നൃത്തംവെയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യും; കഥ കഴിഞ്ഞില്ലോ എന്ന സന്തോഷത്താൽ! തൽക്കാലം പുത്രൻ ഉരുവിട്ട വാചകമെടുത്ത് സ്വന്തം പാർട്ടിക്കാരെ വിരട്ടുകയേ തരമുള്ളൂ- കത്തെഴുതിയവർ ബി.ജെ.പിയുടെ കൂട്ടുകാർ! പുത്രൻ അതു പിന്നെ 'ഡിലീറ്റ് ചെയ്തുകളഞ്ഞു. അതിനർഥം, മോൻ കുറേശ്ശെ രാഷ്ട്രീയം പഠിച്ചു തുടങ്ങി എന്നാണല്ലോ!
 

Latest News