രണ്ടാമത്തെ കോവിഡ് മരുന്നുമായി റഷ്യ; അംഗീകാരം അടുത്ത മാസം

മോസ്‌കോ- കോവിഡിനെതിരായ രണ്ടാമത്തെ മരുന്നിന് അംഗീകാരം നല്‍കാനൊരുങ്ങി റഷ്യ. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യത്തിലോ പുതിയ മരുന്നിന് അംഗീകാരം നല്‍കുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി തത്യാന ഗോലികോവ പറഞ്ഞു. സൈബീരിയയിലെ വെക്ടര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചതായും സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ഗോലികോവ പറഞ്ഞു.
ഒന്നും രണ്ടും ഘട്ടങ്ങളിലല്‍ വാക്‌സിന്‍ കുത്തിവെച്ചവരില്‍ സങ്കീര്‍ണതകൊളുന്നുമില്ലെന്ന് അവര്‍ പറഞ്ഞു. ഈ മാസാദ്യം റഷ്യ ആദ്യത്തെ കോവിഡ് മരുന്നിന് അംഗീകാരം നല്‍കിയിരുന്നു. മനുഷ്യരില്‍ രണ്ടു മാസത്തില്‍ താഴെ മത്രം ക്ലിനിക്കല്‍ പരീക്ഷണം നടത്തിയാണ് ഈ വാക്‌സിന് അംഗീകാരം നല്‍കിയിരുന്നത്. സോവിയറ്റ് യൂനിയന്‍ ആദ്യം വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേരായ സ്പുട്‌നിക് എന്നു പേരു നല്‍കിയ വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് റഷ്യന്‍ അധികൃതര്‍ അവകാശപ്പെടുന്നു.

 

Latest News