Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് വലിച്ചഴയ്ക്കരുതെന്ന് യുസഫലി

അബുദബി- തിരുവനന്തപരും വിമാനത്താവളം സ്വകാര്യ കമ്പനിയ്ക്കു പാട്ടത്തിനു നല്‍കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ലുലു ഗ്രൂപ്പ് മേധാവി എം എ യുസഫലി. ഇതുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇതിനെ എതിര്‍ക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമില്ല. വിമാനത്താവള നടത്തിപ്പുചുമതല ലഭിക്കാന്‍ അപേക്ഷിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വികസനം അത്യാവശ്യമാണ്. ഇതു ഏതുവിധേനയും നടപ്പാക്കണം. തിരുവനന്തപുരത്ത് ലുലു വലിയ നിക്ഷേപമാണ് നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാള്‍ ലുലു അടുത്ത വര്‍ഷം മാര്‍ച്ചില്‍ തുറക്കുമെന്നും വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ യുസഫലി അറിയിച്ചു. 

സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിമാനത്താവളങ്ങളില്‍ കൂടുതല്‍ വികസനം വരുന്നത്. വികസനത്തിന് ഇത് അനിവാര്യമാണെന്ന് മറ്റു പല വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയില്‍ വളരണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 19600 ഓഹരി ഉടമകളുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് 8313 ഓഹരിയുടമകളുമുണ്ട്. ഇവിടെ ഇനിയും ഓഹരികള്‍ ആര്‍ക്കും വാങ്ങാവുന്നതുമാണ്. ഇതിലെല്ലാം ഓഹരിയുളള ഒരാള്‍ മാത്രമാണ് താനെന്നും യുസഫലി പറഞ്ഞു.
 

Latest News