ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിക്ക് കഞ്ചാവ് വേണം, എത്തിച്ചത് ബ്രോസ്റ്റ് പെട്ടിയില്‍

കാളികാവ്- വിദേശത്തുനിന്നു എത്തി ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്ക് ചിക്കന്‍ ബ്രോസ്റ്റിന്റെ പെട്ടിയില്‍ കഞ്ചാവ് എത്തിച്ചു കൊടുത്ത രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചോക്കാട് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദരംപൊയില്‍ അലബമ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് കഞ്ചാവ് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച രണ്ടു പേര്‍ക്കെതിരെയും ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കെതിരെയും കാളികാവ് പോലീസ് കേസെടുത്തു.
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന ചിലര്‍ക്കെല്ലാം പ്രത്യേക സാഹചര്യത്തില്‍ വീടുകളില്‍നിന്ന് ഭക്ഷണം എത്തിക്കാറുണ്ട്. ഇത്തരത്തിലാണ് ക്വാറന്റൈനില്‍ കഴിയുന്ന മാളിയേക്കല്‍ സ്വദേശിയായ മോയിന്‍കല്‍ രാജു (24)വിന് സുഹൃത്തുക്കളായ രണ്ടുപേര്‍ ബ്രോസ്റ്റ് എത്തിച്ച് നല്‍കിയത്. ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ ബ്രോസ്റ്റ്‌പെട്ടി തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അധ്യാപകര്‍ ഉടനെതന്നെ പോലീസില്‍ വിവരം അറിയിച്ചു. മാളിയേക്കല്‍ സ്വദേശിയായ. മദാരി നാഫി (23), ചോലക്കല്‍ മുഹമ്മദ് ഫര്‍ഷാദ് (22) എന്നിവര്‍ക്കെതിരെയാണ് കേസ് ക്വാറന്റൈനില്‍ കഴിയുന്ന രാജുവിനെ കേസില്‍ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്.

 

 

 

Latest News