ബോളിവുഡ് മയക്കുമരുന്ന് ബന്ധം അന്വേഷിച്ചാല്‍ പല മുന്‍നിരക്കാരും ജയിലിലാകുമെന്ന് കങ്കണ

മുംബൈ- നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അന്വേഷണം നടത്തിയാല്‍ പല മുന്‍നിര നടീനടന്‍മാരും ജയിലിലാകുമെന്ന് നടി കങ്കണ റണൗത്. സിനിമാ മേഖലയിലുള്ളവരുടെ രക്തപരിശോധന നടത്തിയാല്‍ ഞെട്ടിക്കുന്ന വെളിപ്പെടലുകളായിരിക്കും സംഭവിക്കുകയെന്നും കങ്കണ ട്വീറ്റ് ചെയ്തു. സ്വച്ഛഭാരത് മിഷന്റെ ഭാഗമായി ബുള്ളിവുഡ് എന്നു വിളിക്കപ്പെടുന്ന അഴുക്കുചാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നന്നാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കങ്കണ ട്വീറ്റില്‍ പറയുന്നു. ട്വീറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനേയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

തുടക്ക കാലത്തെ തന്റെ ദുരനുഭവവും നടി പങ്കുവെച്ചു. ചെറുപ്പത്തില്‍ ഉപദ്രവകാരിയായി മാറിയ തന്റെ മെന്റര്‍ പാനീയത്തില്‍ മരുന്ന് കലര്‍ത്തി തന്നെ മയക്കിയായിരുന്നു പോലീസില്‍ പരാതിപ്പെടുന്നതിൽ നിന്ന് തടഞ്ഞിരുന്നത്. ഈ രംഗത്ത് വളര്‍ന്ന് വിജയി ആയപ്പോഴാണ് പ്രശസ്ത സിനിമാ പാര്‍ട്ടികളിലേക്ക് പ്രവേശനം കിട്ടിയതും ഏറ്റവും ഞെട്ടിപ്പിക്കുന്നതും നിഗൂഢവുമായ മയക്കു മരുന്നുകളുടേയും സെക്‌സിന്റേയും മാഫിയയുടേയും ലോകത്തെ കുറിച്ച് അറിഞ്ഞതെന്നും കങ്കണ തുറന്നടിച്ചു.

Latest News