സാമ്പത്തിക ഞെരുക്കമെന്ന് റിസര്‍വ് ബാങ്ക്, മുന്നറിയിപ്പ് സത്യമായെന്ന് രാഹുല്‍

ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപനം കാരണം സാമ്പത്തിക രംഗത്ത് സങ്കോചം ഉണ്ടാകുമെന്ന റിസര്‍വ് ബാങ്ക് മുന്നറിയിപ്പിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മാധ്യമങ്ങളിലൂടെയുള്ള ശ്രദ്ധതിരിക്കല്‍ പരിപാടികള്‍ കൊണ്ട് പാവങ്ങള്‍ക്ക് പ്രയോജനമില്ലെന്നും താന്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ പുലര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. 'മാസങ്ങളായി ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിരിക്കുന്നു' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത് കൂടുതല്‍ ചെലവിടുകയാണ്, വായ്പ നല്‍കുകയല്ല. പാവങ്ങള്‍ക്ക് പണം നല്‍കുക. വ്യവസായികള്‍ക്ക് നികുതി ഇളവല്ല നല്‍കേണ്ടത്. ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ച് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക- രാഹുല്‍ ആവശ്യപ്പെട്ടു. 
മാധ്യമങ്ങളിലൂടെ ശ്രദ്ധതിരിച്ചതു കൊണ്ട് അത് പാവങ്ങള്‍ക്ക് സഹായകമാകില്ല. സാമ്പത്തിക ദുരന്തം അപ്രത്യക്ഷമാകുകയുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സെപ്തംബര്‍ വരെ സാമ്പത്തിക മേഖലയില്‍ സങ്കോചമുണ്ടാകുമെന്ന് ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ കോവിഡ് വ്യാപനവും അപ്രതീക്ഷിത മണ്‍സൂണ്‍ മാറ്റങ്ങളും ആഗോള സാമ്പത്തിക വിപണയിലെ അസ്ഥിരതയുമാണ് വളര്‍ച്ചയ്ക്ക് ഭീഷണിയെന്നും വാര്‍ഷിക രേഖയില്‍ റിസര്‍വ് ബാങ്ക് പറയുന്നു. 200 രാജ്യങ്ങളെ ബാധിച്ച മഹാമാരി സാമ്പത്തിക ക്രയവിക്രയങ്ങളെ നിശ്ചലമാക്കിയിരിക്കുകയാണെന്നും റിസര്‍വ് ബാങ്ക് പറയുന്നു.
 

Latest News