'ഞാൻ ബി.ജെ.പിയെ പിന്തുണക്കുന്ന കടുത്ത മോഡി ഭക്തനാണ്. പാർട്ടിയെക്കുറിച്ച് ശരിക്കു മനസ്സിലാവാൻ രണ്ടു വർഷമെടുത്തു... ഭക്തനാണെങ്കിലും ഞാൻ അന്ധഭക്തനല്ല. ഏതു പാർട്ടിയുടെയും നന്മകളെ പിന്തുണക്കുകയും തിന്മകളെ വിമർശിക്കുകയും ചെയ്യുന്നയാളാണ്. എന്നാൽ ഈ അന്വേഷണം എല്ലാ വാർത്താ ചാനലുകളും തമസ്‌കരിക്കുന്നതു കാണുമ്പോൾ രോഷം തോന്നുന്നു. ഒരു മീഡിയാ ഗ്രൂപ്പിലും ചർച്ചയില്ല, അന്വേഷണമില്ല, പോളുകളില്ല.. മീഡിയാ ഗ്രൂപ്പുകളുടെ ഇരട്ടത്താപ്പാണ് ഇതു തുറന്നു കാട്ടിയത്' -മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം പാർട്ടി പ്രസിഡന്റ് അമിത് ഷായുടെ കമ്പനിയുടെ ലാഭം പതിനാറായിരം ഇരട്ടി വർധിച്ചതിനെക്കുറിച്ച ദ വയർ ഓൺലൈൻ പോർട്ടലിന്റെ വാർത്തയുടെ താഴെയുള്ള കമന്റുകളിലൊന്നാണ് ഇത്. ഏതാണ്ട് അഞ്ഞൂറോളം കമന്റുകളുണ്ട്. ആയിരക്കണക്കിനാളുകൾ ആ വാർത്ത കണ്ടിട്ടുണ്ടാവണമെന്നർഥം.
സത്യമായാലും അസത്യമായാലും കോളിളക്കമുണ്ടാക്കേണ്ട വാർത്തയായിരുന്നു അത്. ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡന്റിന്റെ പുത്രൻ, വരുമാനത്തിൽ ഒന്നു രണ്ട് വർഷം കൊണ്ട് ഞെട്ടിക്കുന്ന വർധന, തിരിച്ചടക്കുമെന്ന് ഒരു ഗ്യാരന്റിയുമില്ലാതെ സർക്കാർ വകുപ്പുകളുടെ സഹായം, സഹായങ്ങളിൽ തന്നെ നാലായിരം ഇരട്ടി വർധന, സഹായിക്കുന്നതു തന്നെ ആ ബിസിനസുമായി ഒരു ബന്ധവുമില്ലാത്ത വകുപ്പുകൾ... പ്രഥമദൃഷ്ട്യാ ഏതു കണ്ണുപൊട്ടനും സംശയം തോന്നുക സ്വാഭാവികം. പതിനാറായിരം ഇരട്ടി ലാഭം കിട്ടിയ കമ്പനി അതോടെ അടച്ചുപൂട്ടി എന്നത് ഏറ്റവും വലിയ കോമഡി. ഇതൊക്കെ ആരുടെയെങ്കിലും ആരോപണമായിരുന്നു എങ്കിൽ സംശയിക്കാമായിരുന്നു. കമ്പനികാര്യ വകുപ്പിൽ അമിത് ഷായുടെ പുത്രൻ ജയ് ഷാ തന്നെ സമർപ്പിച്ച രേഖകളിൽ നിന്നുള്ള വസ്തുതകളാണ് ഇവ. കേരളത്തിലെ ജനരക്ഷാ യാത്രയിൽനിന്ന് അമിത് ഷാ പൊടുന്നനെ സ്ഥലം വിട്ടത് മകൻ രക്ഷാ യാത്രക്കായിരുന്നുവെന്ന് മനസ്സിലായത് ദ വയർ റിപ്പോർട്ട് പുറത്തു വന്നതോടെയാണ്.
സർക്കാരിനെതിരെ അഴിമതിയുടെ ലാഞ്ഛന പോലുമില്ലെന്ന് പാർട്ടിയും പ്രധാനമന്ത്രിയും പുരപ്പുറത്തു കയറി കൂവുമ്പോൾ മാധ്യമങ്ങൾക്ക് കിട്ടുന്ന നല്ല ആയുധമായിരുന്നു ഇത്. എന്നിട്ടും, തങ്ങളാണ് രാജ്യത്തിന്റെ അജണ്ട തീരുമാനിക്കുന്നത് എന്ന വീരവാദം മുഴക്കുന്ന ദേശീയ ചാനലുകൾ ആ വാർത്ത കണ്ടില്ലെന്നു നടിച്ചത് ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായി. ഒക്‌ടോബർ എട്ടിലെ ആ ദിനത്തിൽ ടൈംസ് നൗവിൽ ലൗ ജിഹാദായിരുന്നു ചർച്ച. ഏതു കാര്യത്തിലും നാഷൻ വാണ്ട്‌സ് ടു നോ എന്ന് അട്ടഹസിക്കുന്ന അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയിൽ മന്ത്രി പിയൂഷ് ഗോയലിന്റെ വിശദീകരണം മാത്രം, ദൂരദർശനും വിശദീകരണം മാത്രമേ കണ്ടുള്ളൂ. സത്യമാണെന്ന് ഉറപ്പില്ലെന്ന ജാമ്യമെടുത്താണ് എൻ.ഡി.ടി.വി വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യ ടുഡേയിലും ലവ് ജിഹാദായിരുന്നു ചർച്ച, സീ ന്യൂസിന്റെ രാത്രി എട്ടരയുടെ പ്രൈം ടൈമിൽ പ്രധാനമന്ത്രിയുടെ ആത്മീയശക്തിയെക്കുറിച്ച പ്രത്യേക ഷോ ആയിരുന്നു. സി.എൻ.എൻ ന്യൂസ് 18 വാർത്ത കണ്ട ഭാവമേ നടിച്ചില്ല. മറ്റൊന്നിൽ ഋത്വിക് റോഷനുമായുള്ള എക്‌സ്‌ക്ലൂസിവ് അഭിമുഖമായിരുന്നു.
പത്രങ്ങളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ദ വയർ ഓൺലൈൻ പോർടലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന ജയ് ഷായുടെ പ്രഖ്യാപനമാണ് പത്രങ്ങൾ മിക്കതും വാർത്തയാക്കിയത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് കപിൽ സിബൽ നടത്തിയ വാർത്താ സമ്മേളനം വിരലിലെണ്ണാവുന്ന ചാനലുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. വാർത്ത പുറത്തു കൊണ്ടുവന്നത് രോഹിണി സിംഗാണെന്നത് ബി.ജെ.പിയെ അൽപം പ്രതിരോധത്തിലാക്കി. കാരണം ഇതേ ജേണലിസ്റ്റ് പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട് വദ്‌റക്കെതിരെ നൽകിയ വാർത്തയുടെ ഗുണഫലമനുഭവിച്ചവരായിരുന്നു അവർ. എന്നാൽ സംഘപരിവാരത്തിന്റെ ഓൺലൈൻ പോരാളികൾ രൂക്ഷമായ കടന്നാക്രമണമാണ് ജേണലിസ്റ്റിനെതിരെ അഴിച്ചുവിട്ടത്. ഒരു ജേണലിസ്റ്റ് എന്ന നിലയിൽ അധികാരികളോട് അസത്യം വിളിച്ചുപറയേണ്ടത് തന്റെ ജോലിയാണെന്നും വദ്‌റയെ കുറിച്ച് റിപ്പോർട്ട് ചെയ്തപ്പോൾ ഇത്ര ആക്രമണം നേരിട്ടില്ലെന്നും രോഹിണി സിംഗ് എഴുതി. മോഡിയുടെ മൂന്നു വർഷത്തെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടമെന്തെന്ന ചോദ്യത്തിന് ഇതിൽപരം നല്ല ഉത്തരമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ മാധ്യമങ്ങളെ നിശ്ശബ്ദമാക്കി നിർത്താൻ കഴിഞ്ഞു എന്നത് ചില്ലറക്കാര്യമൊന്നുമല്ല.
ജേണലിസ്റ്റിനെ പേടിപ്പിച്ചും വാർത്ത നൽകിയ ഓൺലൈൻ പോർടലിനെ ഭയപ്പെടുത്തിയും മുഖ്യധാരാ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും ആരോപണം തേച്ചുമാച്ചു കളയാമെന്ന വ്യാമോഹം പക്ഷെ വൃഥാവിലായി. കേസ് കൊടുത്തു എന്നതു കൊണ്ടു മാത്രം ദുരൂഹത മാറിയില്ല. സംശയകരമായ ഇടപാടുകൾ ഉണ്ട് എന്ന ഒറ്റക്കാരണത്താൽ നൂറുകണക്കിന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി എന്നവകാശപ്പെടുന്ന സർക്കാരിന് എന്തുകൊണ്ട് ജയ് ഷായുടെ സ്ഥാപനത്തെക്കുറിച്ചു അന്വേഷിച്ചുകൂടാ എന്ന വാദമുയർന്നു.
സോഷ്യൽ മീഡിയ വാർത്ത ഏറ്റെടുത്തതോടെ കഥ മാറി. ഒരു മാനനഷ്ടക്കേസിനെയും ഭയക്കാതെ വാർത്ത സ്മാർട്‌ഫോണുകളിൽനിന്ന് സ്മാർട്‌ഫോണുകളിലേക്ക് പറന്നു. ഇന്ത്യയിലെ പ്രധാന പത്ത് പത്രങ്ങളുടെ പ്രചാരം രണ്ടരക്കോടിയാണ്. ഏറ്റവുമധികം പേർ വീക്ഷിക്കുന്ന 10 ടി.വി ചാനലുകളിൽ ഒരു വാർത്താ ചാനൽ പോലുമില്ല. അതേസമയം 30 കോടി പേർ ഇന്ത്യയിൽ സ്മാർട്‌ഫോൺ ഉപയോഗിക്കുന്നുണ്ട്. അതിൽ മഹാഭൂരിഭാഗവും വാട്‌സ്ആപോ ഫെയ്‌സ്ബുക്കോ ഇൻസ്റ്റാൾ ചെയ്തവരാണ്. ഈ വാട്‌സ്ആപുകാരിൽ പലരും സ്വയം ജേണലിസ്റ്റുകളായി അഭിപ്രായങ്ങളെഴുതി. ട്രോളുകളായി പരിഹാസം നുരഞ്ഞു. ദ വയർ ഓൺലൈനിന്റെ സൈറ്റിൽനിന്നു മാത്രം ഒന്നര ലക്ഷത്തിലേറെ തവണ ആ റിപ്പോർട്ട് ഷെയർ ചെയ്യപ്പെട്ടു. ഷെയർ ചെയ്യപ്പെട്ടവർ ഷെയർ ചെയതത് ഇതിന്റെ അനേകമിരട്ടി വരും. ആ ഓരോ ഷെയറുകളും മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യതക്കു മേലുള്ള ഓരോ പ്രഹരമായി.
ഈ വിവാദങ്ങൾക്കൊക്കെയിടയിലും പ്രധാനമന്ത്രി മൗനം പൂണ്ടു. മൗനമോഹന സിംഗ് എന്ന് മുൻഗാമിയെ വിമർശിച്ച മോഡിക്ക് സമീപകാലത്തായി വായ തുറക്കാനാവാത്ത അവസ്ഥയാണ്. പക്ഷെ മോഡിയുടെ മുൻകാല പ്രസംഗങ്ങൾ അങ്ങനെ മറക്കാനാവില്ലല്ലോ? 2015 ൽ കാലിഫോർണിയയിൽ അദ്ദേഹം ചോദിച്ചത് പലരും ചൂണ്ടിക്കാട്ടി -'നമ്മുടെ രാജ്യത്ത് രാഷ്ട്രീയക്കാർ എളുപ്പം ആരോപണം നേരിടുന്നവരാണ്. അയാൾ 50 കോടി അടിച്ചു, ഇയാൾ 100 കോടി നേടി, ഇന്നയാളുടെ മകൻ 250 കോടി ഉണ്ടാക്കി, മകൾ 500 കോടി വെട്ടിച്ചു, മകളുടെ ഭർത്താവ് 1000 കോടി സമ്പാദിച്ചു... ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത് ഒരു ചോദ്യവുമായാണ്. എനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടോ?'
രാജ്യത്തിനു പുറത്ത് ഇന്ത്യക്കാരെ അപമാനിക്കരുതെന്ന മര്യാദ ലംഘിച്ചാണ് വാദ്‌റയെ അന്ന് മോഡി കുറ്റപ്പെടുത്തിയത്. വദ്‌റയുടെ ഇടപാടിനെക്കുറിച്ച ദുരൂഹത നീക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ജയ് ഷാക്കെതിരായ വാർത്തയിലെ വസ്തുതകൾ ഇതുവരെ ആരും നിഷേധിച്ചിട്ടുമില്ല. മോഡി സർക്കാർ മൂന്നു കാര്യത്തിൽ കോൺഗ്രസിനെ കടത്തിവെട്ടി. ഒന്ന്, മാധ്യമങ്ങളെ പേടിപ്പിച്ച് പിന്തിരിപ്പിച്ചു. രണ്ട്, സ്വകാര്യ വ്യക്തിയെ ന്യായീകരിക്കാൻ കേന്ദ്ര മന്ത്രി തന്നെ പത്രസമ്മേളനം നടത്തി, മൂന്ന്, ജയ് ഷാക്കു വേണ്ടി വാദിക്കാൻ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ വിട്ടുകൊടുത്തു.
മോഡി സർക്കാർ മൂന്നു വർഷം അധികാരത്തിലിരുന്നിട്ടും വദ്‌റയുടെ ഇടപാടിൽ ക്രിമിനൽ ചട്ട ലംഘനമൊന്നും കണ്ടെത്താനായില്ല. ജയ് ഷായുടെ കാര്യത്തിൽ അതു പറഞ്ഞുപോലും സർക്കാരിന് പിടിച്ചുനിൽക്കാനാവില്ല. മോഡി സർക്കാർ സ്വീകരിച്ച ഒരു നടപടിക്രമമുണ്ട്. സംശയാസ്പദമായ കമ്പനികളെക്കുറിച്ച് അന്വേഷിക്കുകയെന്നതാണ് അത്. അങ്ങനെ അന്വേഷണം നേരിടുന്ന നൂറുക്കണക്കിന് കമ്പനികളിൽ എന്തുകൊണ്ട് ജയ് ഷായുടേത് പെട്ടില്ല. ഒന്നും വേണ്ട, മോഡി ഒന്ന് വാ തുറക്കുമോ?