Sorry, you need to enable JavaScript to visit this website.

'നിങ്ങള്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയതു മൂലമാണ് ഇതു സംഭവിച്ചത്', കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- ലോക്ഡൗണ്‍ കാലത്ത് മൊറട്ടോറിയം ഇളവു നല്‍കിയ വായ്പകളുടെ പലിശ എഴുതിത്തള്ളുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ മറവില്‍ ഒളിച്ചിരിക്കാനാവില്ലെന്നും ബിസിനസ് താല്‍പര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് സെപ്തംബര്‍ ഒന്നിനു വീണ്ടും പരിഗണിക്കും. കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും കണക്കിലെടുത്ത് ഓഗസ്റ്റ് 31 വരെ വായ്പാ തിരിച്ചടവുകള്‍ക്ക് മൊറോട്ടോറിയം ഇളവ് നല്‍കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേത്വത്തിലുള്ള ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്. 

മൊറട്ടോറിയം കാലത്തെ വായ്പകളുടെ പലിശ എഴുതിത്തള്ളുന്നതു സംബന്ധിച്ച നിലപാട് അറിയിക്കേണ്ടത് സര്‍ക്കാരാണ്, ബാങ്കുകളല്ല. ഇത് സംഭവിച്ചത് നിങ്ങള്‍ രാജ്യത്തൊട്ടാകെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ടാണ്. ദുരന്തര നിവാരണ നിയമം സംബന്ധിച്ചും പലിശയുടെ മേലുള്ള പലിശയുടെ കാര്യത്തിലും നിങ്ങള്‍ വ്യക്തമായ നിലപാട് അറിയക്കണം- ജസ്റ്റിസ് ഭൂഷണ്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 

Latest News