ബംഗളൂരു- പോലീസിനു പകരം കോലം വെച്ചുള്ള പരീക്ഷണം ബംഗളൂരുവില്‍ അവസാനിപ്പിക്കുന്നു. പോലീസ് കമ്മീഷണറേറ്റിലെ പ്രധാന കെട്ടിടത്തിനു പുറത്ത് സ്ഥാപിച്ചിരുന്ന പോലീസ് കോലത്തിനു സമീപം യഥാര്‍ഥ പോലീസുകാര്‍ കാവല്‍ തുടങ്ങി.
ട്രാഫിക് വിഭാഗത്തിലാണ് പ്രധാനമായും കഴിഞ്ഞ ഒരു വര്‍ഷമായി പോലീസുകാരുടെ യൂനിഫോം ധരിപ്പിച്ച കോലങ്ങള്‍ പരീക്ഷിക്കുന്നത്. വിവിധ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ബംഗളൂരു പോലീസ് ഘട്ടംഘട്ടമായി ഈ കോലങ്ങളെ പിന്‍വലിക്കുന്നത്. ഇവ കൊണ്ട് ഒരു കാര്യവുമില്ലെന്ന് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് അഭിപ്രായം ഉയര്‍ന്നതിനു പുറമെ, കനത്ത മഴയിലുണ്ടാകുന്ന നാശനഷ്ടവും മാറി ചിന്തിക്കാന്‍ പ്രേരണയായി. കോലങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ പുനരാലോചനയിലാണെന്ന് ബംഗളൂരു സിറ്റിയിലെ ട്രാഫിക് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ബി.ആര്‍. രവികാന്ത ഗൗഡ പറഞ്ഞു.
പോലീസ് ആസ്ഥാനത്ത് കോലം വെക്കാമെന്ന ആശയം കൊണ്ടുവന്ന കമ്മീഷണര്‍ ഭാസ്‌കര്‍ റാവു സ്ഥലം മാറി പകരം ജൂലൈ 31 മുതല്‍ കമല്‍ പാന്ത് ചുമതല ഏറ്റെടുത്തിട്ടുണ്ട്.
കോലങ്ങള്‍ വെറും ഡെമ്മികളാണെന്നും ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസുകാരന്‍ തന്നെ വേണെമെന്നും പോലീസുകാര്‍ പറയുന്നു. കോവിഡിനു പിന്നാലെ എത്തിയ മഴയില്‍ കോലങ്ങളെ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ നനഞ്ഞ് അടര്‍ന്ന് റോഡുകളില്‍ വീണു.
കോലങ്ങളുടെ പരീക്ഷണം അവസാനിപ്പിക്കുകയാണെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ആളുകളുമായി നേരിട്ടുള്ള സമ്പര്‍ക്കം കുറച്ചുകൊണ്ടുള്ള നടപടികളാണ് ബംഗളൂരുവില്‍ പോലീസ് സ്വീകരിക്കുന്നത്. ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്താനും പിടികൂടാനും മൊബൈല്‍ ഫോണ്‍ ക്യാമറകളും ട്രാഫിക് ക്യാമറകളും ഉപയോഗിക്കുന്ന പോലീസ് ആളുകളെ റോഡുകളില്‍ തടഞ്ഞുനിര്‍ത്തുന്നതിനു പകരം പിഴ ചലാനുകളും മൊബൈലിലേക്ക് അയക്കുകയാണ്. ഡ്രൈവര്‍മാരെ തടഞ്ഞുനിര്‍ത്താതെ തന്നെ പിഴയായി 82 ലക്ഷം രൂപ പിരിച്ചുവെന്ന് ട്രാഫിക് എ.സി.പി രവികാന്ത ഗൗഡ പറഞ്ഞു.






