സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം തെളിവ് നശിപ്പിക്കാൻ -ചെന്നിത്തല
തിരുവനന്തപുരം- സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കാനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അടക്കം ഇതുമായി ബന്ധമുള്ളവരെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഈ ഓഫീസിൽ ഒരു ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. അടച്ചിട്ട ഓഫീസിൽ എങ്ങനെ തീ വരും. ഫാനിന്റെ സ്വിച്ചിൽ നിന്നാണ് തീ വന്നതെന്നാണ് പറയുന്നത്. അത് വിശ്വസനീയമല്ല. മൂന്ന് സെക്ഷനിലെ പ്രധാന ഫയലുകളെല്ലാം നശിച്ചിരിക്കുകയാണ്. മുപ്പത് മുതൽ നാൽപത് മീറ്റർ വരെ ദൂരത്തിൽ ഫയലുകളെല്ലാം കത്തി നശിച്ചിരിക്കുകയാണ്. ഇവയുടെ ബാക്അപ്പ് ഫയൽ ഉണ്ടോ എന്ന് ശബരീനാഥൻ എം.എൽ.എ ചോദിച്ചപ്പോൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇത് സംശയം ബലപ്പെടുത്തുന്നു. ബോധപൂർവ്വമായ ശ്രമമാണ് ഉണ്ടായിരിക്കുന്നത്. അല്ലെങ്കിൽ ഈ ഓഫീസിൽ മാത്രം എങ്ങനെ തീ വന്നു എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
എം.എൽ.എമാരെപ്പോലും സെക്രട്ടേറിയറ്റിൽ ആദ്യം കയറ്റാതിരുന്നത് സത്യം പുറത്തു വരുമെന്ന് ഭയന്നാണ്. ഇതെന്താ ശിവശങ്കരന്റെയും സ്വപ്നയുടെയും മാത്രം സെക്രട്ടേറിയറ്റാണോ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കഌഫ് ഹൗസിലും ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലും ഇടിവെട്ടി കാമറകൾ എല്ലാം നശിച്ചുവെന്നാണ് ആദ്യം സർക്കാർ പറഞ്ഞത്. ഇപ്പോൾ ഇതാ തീപ്പിടിത്തത്തിൽ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ നശിച്ചു പോയിരിക്കുന്നു.
തെളിവുകളെല്ലാം ഒന്നൊന്നായി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിനെല്ലാം പിന്നിൽ. സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ ചോദിച്ചിട്ട് സർക്കാർ കൊടുത്തില്ല. ഇപ്പോൾ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ ചീഫ് പ്രോട്ടോകോൾ ഓഫീസിലെ രഹസ്യ സ്വാഭവമുള്ള ഫയലുകളെല്ലാം തീപ്പിടിത്തത്തിൽ ചാമ്പലായിരിക്കുന്നു.
ഹൈക്കോടതി സ്വമേധയാ കേസെടുക്കണം -യു.ഡി.എഫ് കൺവീനർ
കൊച്ചി - സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപ്പിടിത്തം ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. സർക്കാർ നേരിടുന്ന സ്വർണക്കടത്ത് ആരോപണം അടക്കമുള്ള നിർണായക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം ദുരൂഹത ഉയർത്തുന്നതാണ്. സുപ്രധാന രേഖകൾ ഉണ്ടായിരുന്ന പ്രോട്ടോകോൾ വിഭാഗത്തിൽ നടന്ന അട്ടിമറിയെക്കുറിച്ച് സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്ത് വരില്ല. പൊതുജന താൽപര്യം മുൻനിർത്തി ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
തീപ്പിടിത്തം ദുരൂഹം: സമഗ്രാന്വേഷണം വേണം -വെൽഫെയർ പാർട്ടി
തിരുവനന്തപുരം- സെക്രട്ടറിയേറ്റിലെ നോർത്ത് സാൻവിച്ച് ബ്ലോക്കിലെ തീപ്പിടിത്തം ദുരൂഹമാണെന്നും ഇത് സംബന്ധിച്ച് സുതാര്യമായ സമഗ്രാന്വേഷണം വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പിലും പ്രോട്ടോകോൾ ഓഫീസിലുമാണ് തീപ്പിടിത്തമുണ്ടായത് എന്നത് ഗൗരവതരമാണ്. സെക്രട്ടറിയേറ്റ് പോലെയുള്ള അതീവ സുരക്ഷയുള്ള ഓഫീസിൽ സംഭവിച്ച തീപ്പിടിത്തം നിസാരമായി കാണാനാവില്ല. ഏതൊക്കെ രേഖകളാണ് കത്തി നശിച്ചതെന്ന് അന്വേഷണത്തിലേ മനസ്സിലാക്കാനാവൂ. പ്രത്യേകിച്ച് സമീപകാലത്ത് വിവാദമായ സ്വർണക്കടത്ത്, ലൈഫ് മിഷൻ അടക്കം നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാനമായ പല ഫയലുകളും ഉള്ള സെക്ഷനുകളിൽ നടന്ന ഈ തീപ്പിടിത്തം അപകടമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാവില്ല. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തി ഭരണകൂടത്തിന് മുന്നിലെ പുകമറ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് തീവെപ്പ് ഫയലുകൾ നശിപ്പിക്കാൻ -ബി.ജെ.പി
തിരുവനന്തപുരം- സെക്രട്ടറിയേറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കും.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ കത്തിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. തീപ്പിടിച്ച സംഭവസ്ഥലം സന്ദർശിച്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൻമാരെ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ഒരു പ്രകോപനവുമില്ലാതെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ നടക്കുന്ന ഭരണകൂട ഭീകരതയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
തീപ്പിടിത്തത്തിനു പിന്നിൽ യു.ഡി.എഫും ബി.ജെ.പിയും -മന്ത്രി ഇ.പി ജയരാജൻ
തിരുവനന്തപുരം- സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിനു പിന്നിൽ യു.ഡി.എഫും ബി.ജെ.പിയും ആണെന്നും ഇവർ പരസ്പരം ആലോചിച്ച് സെക്രട്ടേറിയറ്റിൽ അക്രമം അഴിച്ചുവിടാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും മന്ത്രി ഇ.പി ജയരാജൻ.
സ്വാഭാവികമായി നടക്കുന്ന സംഭവത്തിൽ ഇവർ നേരത്തെ തന്നെ സ്ഥലത്തെത്തിയതിനാൽ അവർക്കിതിൽ പങ്കാളിത്തമുണ്ടോ എന്ന് സംശയിക്കണം. ഇത് ബോധപൂർവം യു.ഡി.എഫ്-ബി.ജെ.പി നേതാക്കൾ പ്ലാൻ ചെയ്ത് നടത്തുന്നതാണ്. സെക്രട്ടേറിയറ്റിനകത്ത് എപ്പോഴേലും ഏതെങ്കിലും ഒരു നേതാവ് ആളുകളേയും കൂട്ടിവന്ന് അക്രമം കാണിക്കുമോ എന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് ചോദിച്ചു. സർക്കാർ ഓഫീസിനകത്തേക്കല്ലേ വടിയും കല്ലുമായി തള്ളിക്കയറി പോലീസുകാരെ ആക്രമിച്ചത്. ഇവർ തന്നെയാണിത് നടത്തിയത്. സെക്രട്ടേറിയറ്റിനകത്തും സർക്കാർ ഓഫീസുകളും അക്രമികൾക്ക് കയറി വിലസാനുള്ള കേന്ദ്രമാക്കാൻ നിർവാഹമില്ല.
കെ.സുരേന്ദ്രന് എങ്ങനെ തീപ്പിടിത്തത്തിൽ ഇത്ര വ്യക്തത. സുരേന്ദ്രന് ഇക്കാര്യം നേരത്തെ അറിയാമെന്നല്ലേ മനസിലാക്കേണ്ടത്. അക്രമികൾ എന്തും നടത്താൻ തയാറെടുക്കുകയാണെന്നും ജയരാജൻ പറഞ്ഞു.






