Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കോവിഡ് കുതിക്കുന്നു; ഗുരുതര ഘട്ടമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം - സാമൂഹിക അകലം പാലിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പാലിക്കാത്തതിന്റെ ഫലമായി മലപ്പുറം ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം അനിയന്ത്രിതമായി ഉയരുന്നു. ഗുരുതര ഘട്ടമെന്ന് ആരോഗ്യ വകുപ്പ്. 
ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 454 കോവിഡ് പോസിറ്റീവ് കേസുകളിൽ 428 പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. വൈറസ് ബാധിതരുമായി ഇടപഴകിയവരുടെ എണ്ണം കൂടുതലാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്കാണ് രോഗികളുടെ എണ്ണം വർധിക്കുന്നത്.


ജില്ലയിൽ 400 ന് മുകളിൽ ആളുകൾക്ക് ആദ്യമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ജില്ലയിൽ സാമൂഹ്യ വ്യാപനം നടക്കുന്നുവെന്നതിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് ഇന്നലെ പുറത്തു വന്ന കണക്കുകൾ. ജില്ലയിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണെന്ന് ജില്ലാ കലക്ടർ കെ.ബാലകൃഷ്ണൻ പറഞ്ഞു. അനാവശ്യമായി ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു. ഇന്നലെ രോഗബാധയുണ്ടായവരിൽ 12 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 27 പേർക്ക് ഉറവിടമറിയാതെയും 401 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 


രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 
ജില്ലയിൽ ഇപ്പോൾ 42,935 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേസമയം 240 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായി ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്.
ഇതുവരെ 4,537 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 42,935 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,154 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 290 പേരും വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1761 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 3154 ആയി ഉയർന്നു. 

 

Latest News