Sorry, you need to enable JavaScript to visit this website.

ഹജ് തീർഥാടകരുടെ പാസ്‌പോർട്ടുകൾ  തപാൽ വഴി മടക്കിനൽകുന്നു 

കൊണ്ടോട്ടി - കോവിഡ്-19 മൂലം ഹജ് തീർഥാടനം മുടങ്ങിയവരുടെ പാസ്‌പോർട്ടുകൾ അണുനശീകരണം നടത്തി പ്രത്യേക പാക്ക് ചെയ്ത് രജിസ്‌റ്റേഡ് പോസ്റ്റൽ വഴി അയക്കുന്നു. സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് അവസരം ലഭിച്ചവരുടെ പാസ്‌പോർട്ടുകളാണ് കരിപ്പൂർ ഹജ് ഹൗസിൽ നിന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് അയക്കുന്നത്.


  ഹജ് അവസരം ലഭിച്ചവരിൽ 9350 പേരുടെ പാസ്‌പോർട്ടുകളാണ് കേന്ദ്ര ഹജ് കമ്മിറ്റി മുംബൈ ഓഫീസിലേക്ക് അയച്ചിരുന്നത്. പ്രവാസികൾ ഉൾപ്പെടെ 500 ൽ താഴെ പാസ്‌പോർട്ടുകൾ സംസ്ഥാന ഹജ് കമ്മിറ്റിയുടെ കരിപ്പൂർ ഹജ് കമ്മിറ്റി ഓഫീസിലുമുണ്ട്. ഇവയാണ് പ്രത്യേകം പാക്ക് ചെയ്ത് കവർ ലീഡർമാർക്ക് അയച്ചു നൽകുന്നത്. മുംബൈ കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസിൽ നിന്ന് കഴിഞ്ഞ മാസം തന്നെ 9350 പേരുടെ പാസ്‌പോർട്ടുകൾ കരിപ്പൂർ ഹജ് ഹൗസിൽ എത്തിയിരുന്നു. പ്രക്യേക ഏഴ് ഇരുമ്പു പെട്ടിയിൽ സുരക്ഷിതമായാണ് പാസ്‌പോർട്ടുകൾ എത്തിച്ചിരുന്നത്. വിമാനത്താവള മേഖല കണ്ടെയ്ൻമെന്റ് സോൺ ആയതും കരിപ്പൂർ ഹജ് ഹൗസ് കോവിഡ് ട്രീറ്റ്‌മെന്റ് ആശുപത്രിയാക്കിയതും പാസ്‌പോർട്ട് വിതരണം തടസ്സപ്പെട്ടു. കൊച്ചിയിൽ


കണ്ടെയ്ൻമെന്റ് സോൺ  നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് പാസ്‌പോർട്ടുകൾ തീർത്ഥാടകർക്ക് തിരിച്ചു നൽകുന്ന നടപടിയിലേക്ക് ഹജ് കമ്മറ്റി കടന്നത്. കോവിഡ് മുൻനിർത്തി മുംബൈയിൽ നിന്നെത്തിച്ച പാസ്‌പോർട്ടുകളടങ്ങിയ പെട്ടികൾ നിരവധി തവണ കരിപ്പൂർ ഹൗജ് ഹൗസിൽ വെച്ച് അണുവിമുക്തമാക്കിയാണ് തുറന്നത്. ഹജിന് ഒരു കവറിൽ അപേക്ഷിച്ചവരുടെ പാസ്‌പോർട്ടുകൾ ഒരുമിച്ച് കവർ ലീഡറുടെ പേരിലാണ് തപാൽ വി.പി.എൽ വഴി അയക്കുന്നത്. 


തപാലിന്റെ നിരക്ക് പാസ്‌പോർട്ട് കവർ സ്വീകരിക്കുന്നവർ നൽകണം. ഒരു കവറിൽ ഒരു പാസ്‌പോർട്ടാണെങ്കിൽ 50 രൂപ നൽകണം. ഒന്നിലധിമുളള പാസ്‌പോർട്ടുകൾക്ക് 10 രൂപ വീതം അധികവും നൽകണം. പാസ്‌പോർട്ടുകൾ അയക്കാൻ കവർ ലീഡറുടെ പേരിലുളള പ്രത്യേക കവർ തന്നെ ഹജ് കമ്മറ്റി സജീകരിച്ചിട്ടുണ്ട്. ഇവയിൽ പാസ്‌പോർട്ടുകളാക്കി വരുന്ന നടപടികളാണ് നിലവിൽ ഹജ് ഹൗസിൽ നടന്നു വരുന്നത്.
  കോവിഡ്-19 മഹാമാരി പിടിപെട്ടതിനെ തുടർന്ന് ഹജ് നടപടികൾ കഴിഞ്ഞ മാർച്ചിൽ തന്നെ കേന്ദ്രം നിർത്തിവെച്ചിരുന്നു. വിദേശികൾക്ക് ഇത്തവണ ഹജിന് അവസരമില്ലെന്ന സൗദി പ്രഖ്യാപിച്ചതോടെയാണ് ഈ വർഷത്തെ ഹജ് യാത്ര മുടങ്ങിയത്.

 

Latest News