Sorry, you need to enable JavaScript to visit this website.

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്;  യു.ഡി.എഫിന് ചങ്കിടിപ്പ് വർധിക്കുന്നു 


കോഴിക്കോട് - സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മുഖ്യമായും ചങ്കിടിക്കുന്നത് കോൺഗ്രസിനും യു.ഡി.എഫിനുമാണ്. രാഷ്ട്രീയ സാഹചര്യം പരിധി വരെ അനുകൂലമാകുമ്പോഴും പതിവുപോലെ മുന്നണിയിലെയും കോൺഗ്രസിലെയും പ്രശ്‌നങ്ങളാണ് അവരെ തുറിച്ചു നോക്കുന്നത്. 
മധ്യ കേരളത്തിൽ യു.ഡി.എഫിന്റെ ശക്തിയായ കേരള കോൺഗ്രസിലെ പടലപ്പിണക്കങ്ങളിലേക്ക് ചൂണ്ടയെറിഞ്ഞിരിക്കുകയാണ് സി.പി.എം. സംസ്ഥാന സർക്കാറിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പും രാജ്യസഭാ തെരഞ്ഞെടുപ്പും ബഹിഷ്‌കരിച്ച ജോസ് കെ.മാണി വിഭാഗം ഒത്തുതീർപ്പിന്റെ സൂചനയല്ല നൽകുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രശ്‌നങ്ങളിലടക്കം യു.ഡി.എഫ് നേതൃത്വം മുന്നോട്ടുവെച്ച രഞ്ജിപ്പ് നിർദേശങ്ങൾ ജോസ് വിഭാഗം അംഗീകരിക്കാത്തതിനെ തുടർന്ന് മുന്നണിയിൽ നിന്ന് പുറത്താക്കിയതായി മുന്നണി കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചതാണ്. പിന്നീട് മുന്നണിയിൽ നിന്നല്ല മുന്നണി യോഗത്തിൽ നിന്നാണ് പുറത്താക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുത്തുകയായിരുന്നു. 


ജോസുമായി ഇനി ചർച്ച നടത്തേണ്ടതില്ലെന്ന നിലപാട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുണ്ട്. എന്നാൽ ജോസ് വിഭാഗം പോകുന്നത് വരുന്ന തെരഞ്ഞെടുപ്പുകളിൽ മുന്നണിക്ക് വലിയ ദോഷം ചെയ്യുമെന്ന് കരുതുന്നവരാകട്ടെ എങ്ങനെയും ഒത്തുതീർപ്പിലെത്തിക്കാനാണ് ശ്രമിക്കുന്നത്. കെ.എം. മാണി ജീവിച്ചിരിക്കെ മാണി വിഭാഗം യു.ഡി.എഫിനെ ഉപേക്ഷിച്ചിരുന്നു. ലോക്‌സഭയിൽ ഒരു വർഷം കൂടിയുണ്ടായിരുന്ന ജോസ് കെ. മാണിക്ക് കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് നൽകിയാണ് മാണിയെ തിരിച്ചു കൊണ്ടുവന്നത്. അതാകട്ടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് തന്നെ ഇടയാക്കിയതുമാണ്. ഇതേ ജോസാണ് ഇപ്പോൾ ഇടത്തോട്ടുള്ള ചൂണ്ടയിൽ മുത്തി ആടിക്കളിക്കുന്നതെന്നത് തെല്ലല്ല കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. അന്ന് മാണിയെ തിരിച്ചു കൊണ്ടുവരാൻ ഇത്തരം തീരുമാനമെടുക്കുന്നതിൽ മുന്നിൽ നിന്ന പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗും പുതിയ സംഭവവികാസങ്ങളിൽ അസ്വസ്ഥരാണ്. 


ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തു തന്നെ കെ.എം.മാണി വിമത ശബ്ദം ഉയർത്തിയിരുന്നു. മാണിയെ മുന്നിൽ നിർത്തി യു.ഡി.എഫ് മന്ത്രിസഭയെ താഴെയിറക്കാൻ തിരക്കഥ തയാറായതുമാണ്. അപ്പോഴാണ് ബാർ കോഴക്കേസുണ്ടായത്. ബാർ കോഴയിൽ മാണി പ്രതിസ്ഥാനത്തു വന്നതോടെ ഇടതു മുന്നണിക്ക് മാണിയെ തുണക്കാൻ പറ്റില്ലെന്നായതാണ് ചാണ്ടി മന്ത്രിസഭയുടെ ആയുസ്സ് നീട്ടിയത്. അതുകൊണ്ടു തന്നെ ബാർ കോഴക്കേസിന് പിന്നിൽ കോൺഗ്രസുകാരാണെന്ന ആരോപണവും ഉയരാതിരുന്നില്ല. ഇതിന്റെ പ്രതിഫലനം കൂടിയായിരുന്നു പിന്നീട് മാണിയുടെ മുന്നണി വിടൽ. ബാർ കോഴക്കാലത്തും പിന്നീടും മാണി വിഭാഗം ഇടഞ്ഞപ്പോൾ ജോസഫ് വിഭാഗം മുന്നണിയോട് കൂറു പുലർത്തി. ഈ ബന്ധം തുടരുന്നുവെന്നതു തന്നെയാണ് ജോസിനെ അനുനയിപ്പിക്കാനുള്ള തടസ്സവും. കേന്ദ്രത്തിൽ ഭരണ മാറ്റത്തിനും കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ തോൽവിക്കും ഉള്ള സാധ്യതയാണ് ജോസിനെ രാജ്യസഭയിൽ സുരക്ഷിതമാക്കാൻ കെ.എം.മാണിയെ പ്രേരിപ്പിച്ചത്. എന്നാൽ കോട്ടയത്ത് ലോക്‌സഭയിലേക്ക് കേരള കോൺഗ്രസ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിന് ജയിക്കുകയും കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകാതെ പോകുകയും ചെയ്തത് ജോസിന് തിരിച്ചടിയായി. 


ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളോട് കൂടുതൽ അടുക്കാനുള്ള നീക്കം സി.പി.എം. ശക്തമാക്കിയിട്ടുണ്ട്. ജോസുമായുള്ള കൂട്ട് ഇത് ശക്തിപ്പെടുത്താൻ സഹായകമാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്റെ പിന്തുണ ഇടതിനായിരുന്നു. പിറവം പള്ളിക്കേസ്, ഫ്രാങ്കോ മുളയ്ക്കൽ കേസ് തുടങ്ങിയവയിൽ സഭാ നേതൃത്വങ്ങളെ പിണക്കാതിരിക്കാൻ സി.പി.എം ശ്രദ്ധിച്ചു. 

Latest News